National
സോഷ്യൽ മീഡിയ പോസ്റ്റ് ലൈക്ക് ചെയ്യുന്നത് പ്രസിദ്ധീകരിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ തുല്യമല്ല: അലഹബാദ് ഹൈക്കോടതി
പോസ്റ്റ് കേവലം ലൈക്ക് ചെയ്യുന്നത് ഐടി നിയമത്തിലെ 67-ാം വകുപ്പിന്റെ പരിധിയിൽ വരില്ലെന്ന് കോടതി

അലഹബാദ് | ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ലൈക്ക് ചെയ്യുന്നത് അതിനെ പ്രസിദ്ധീകരിക്കുന്നതോ പ്രചരിപ്പിക്കുന്നതോ ആയി കണക്കാക്കാനാവില്ലെന്നും അതിനാൽ ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമത്തിലെ 67-ാം വകുപ്പിന്റെ പരിധിയിൽ അത് വരില്ലെന്നും അലഹബാദ് ഹൈക്കോടതി. ലൈംഗികാസക്തി ഉണർത്തുന്നതോ ദുരുദ്ദേശപരമായ താൽപ്പര്യങ്ങൾ ഉണർത്തുന്നതോ ആയ കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയുന്നതാണ് ഐടി നിയമത്തിലെ 67-ാം വകുപ്പ്.
സോഷ്യൽ മീഡിയയിൽ ഒരാൾ ഒരു പോസ്റ്റ് ചെയ്യുമ്പോൾ അത് പ്രസിദ്ധീകരിക്കപ്പെട്ടു എന്നും, ഒരു പോസ്റ്റ് ഷെയർ ചെയ്യുകയോ റീട്വീറ്റ് ചെയ്യുകയോ ചെയ്യുമ്പോൾ അത് പ്രചരിപ്പിക്കപ്പെട്ടു എന്നും പറയാമെന്നും ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവ നിരീക്ഷിച്ചു. ചൗധരി ഫർഹാൻ ഉസ്മാൻ എന്നയാളുടെ പോസ്റ്റ് ലൈക്ക് ചെയ്ത ഇമ്രാൻ ഖാൻ എന്ന വ്യക്തിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ചൗധരി ഫർഹാൻ ഉസ്മാൻ്റെ നിയമവിരുദ്ധമായ ഒത്തുചേരലിനെക്കുറിച്ചുള്ള പോസ്റ്റ് പരാതിക്കാരനായ ഇമ്രാൻ ഖാൻ ലൈക്ക് ചെയ്തു എന്ന് കേസ് ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഒരു പോസ്റ്റ് ലൈക്ക് ചെയ്യുന്നത് അതിനെ പ്രസിദ്ധീകരിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ തുല്യമല്ല. അതിനാൽ, വെറുമൊരു ലൈക്ക് ഐടി നിയമത്തിലെ 67-ാം വകുപ്പ് പ്രകാരം കുറ്റകരമല്ലെന്ന് കോടതി വ്യക്തമാക്കി.
പ്രകോപനപരമായ ഉള്ളടക്കത്തിൻ്റെ കാര്യത്തിൽ ഐടി നിയമത്തിലെ 67-ാം വകുപ്പ് ഉപയോഗിക്കാനാവില്ലെന്നും കോടതി വിധിച്ചു. ലൈംഗിക താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ഈ വകുപ്പ് ബാധകം. പ്രകോപനപരമായ മറ്റ് ഉള്ളടക്കങ്ങൾക്ക് ഈ വകുപ്പിൽ ശിക്ഷയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, ഖാനെതിരെ ഒരു കുറ്റവും നിലനിൽക്കുന്നില്ലെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തിനെതിരായ കേസ് റദ്ദാക്കി.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) വകുപ്പുകൾക്ക് പുറമെ, ഐടി നിയമത്തിലെ 67-ാം വകുപ്പും ഇമ്രാൻ ഖാന് എതിരെ യുപി പോലീസ് ചുമത്തിയിരുന്നു. അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്താൻ എഴുന്നൂറോളം പേർ ഒത്തുകൂടാൻ കാരണമായ പ്രകോപനപരമായ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു എന്നതായിരുന്നു ഖാനെതിരായ കേസ്.