From the print
ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍; മികച്ച പ്രതികരണമെന്ന് കെ എസ് ആര്‍ ടി സി
യാത്രക്കാരുടെ സൗകര്യാര്‍ഥം സുരക്ഷിതമായി കൂടുതല്‍ വേഗത്തില്‍ ലക്ഷ്യസ്ഥലങ്ങളിലേക്ക് എത്തിച്ചേരുന്നതിനായാണ് ഗതാഗത മന്ത്രിയുടെ നിർദേശാനുസരണം സൂപ്പര്‍ ഫാസ്റ്റുകളെ ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകളായി ക്രമീകരിച്ചത്.
തിരുവനന്തപുരം | പുതുതായി ആരംഭിച്ച ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ക്ക് മികച്ച പ്രതികരണമെന്ന് കെ എസ് ആര്‍ ടി സി. ദീര്‍ഘദൂര സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ എല്ലാ ബസ് സ്റ്റാന്‍ഡിലും കയറിയിറങ്ങി സമയം നഷ്ടമാകുന്നത് ഒഴിവാക്കാന്‍ ആരംഭിച്ച സര്‍വീസിനോട് അനുകൂല പ്രതികരണമാണ് യാത്രക്കാരിൽ നിന്നുള്ളത്. നിലവില്‍ 169 ട്രിപ്പുകള്‍ ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ഫാസ്റ്റായി സര്‍വീസ് നടത്തുന്നുണ്ടെന്നും കെ എസ് ആര്‍ ടി സി വ്യക്തമാക്കി.
തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്കോ അതിനപ്പുറമോ സര്‍വീസ് നടത്തുന്ന സൂപ്പര്‍ഫാസ്റ്റ് ബസുകള്‍, യാത്രക്കാരുടെ സൗകര്യാര്‍ഥം സുരക്ഷിതമായി കൂടുതല്‍ വേഗത്തില്‍ ലക്ഷ്യസ്ഥലങ്ങളിലേക്ക് എത്തിച്ചേരുന്നതിനായാണ് ഗതാഗത മന്ത്രിയുടെ നിർദേശാനുസരണം സൂപ്പര്‍ ഫാസ്റ്റുകളെ ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകളായി ക്രമീകരിച്ചത്.
എം സി റോഡ് വഴി സര്‍വീസ് നടത്തുന്ന സൂപ്പര്‍ഫാസ്റ്റ് ബസുകളിലെ ഡെസ്റ്റിനേഷന്‍ ബോര്‍ഡില്‍ പച്ച പ്രതലത്തിലും, ദേശീയ പാതവഴി സര്‍വീസ് നടത്തുന്ന സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ മഞ്ഞ പ്രതലത്തിലും എല്‍ എസ് 1/ എല്‍ എസ് 2, എസ് എഫ് പി എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാവും. ഇരു സര്‍വീസുകളും കയറേണ്ടതും കയറേണ്ടതില്ലാത്തതുമായ ഡിപ്പോകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ സര്‍വീസ് നടത്തുന്ന ബസുകളുടെ ഫൂട്ട് ബോര്‍ഡുകള്‍ക്ക് ഇടതു വശത്തും, യാത്രക്കാര്‍ കാണുന്ന വിധത്തില്‍ ബസിനുള്ളിലും കയറാത്ത ഡിപ്പോകളുടെ പേര് പ്രദര്‍ശിപ്പിച്ചിരിക്കും. കയറാത്ത ഡിപ്പോകളുടെ സമീപമുള്ള നിശ്ചയിക്കപ്പെട്ട സ്റ്റോപ്പുകളില്‍ ബസ് സുരക്ഷിതമായി നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനുമുള്ള നിർദേശം നല്‍കിയിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് ഈ ബസുകള്‍, രാത്രികാലങ്ങളില്‍ എല്ലാ ഡിപ്പോകളിലും കയറാനും നിര്‍ദേശമുണ്ട്.