Connect with us

minority scholarship

സബ്കാ വികാസിന്റെ പരിധികള്‍

ബഹുഭൂരിപക്ഷം ന്യൂനപക്ഷ വിദ്യാര്‍ഥികളും ഫെല്ലോഷിപ്പ് അവസരങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുകയാണ്. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം കൊടുക്കണമെന്ന് പറയുന്ന സര്‍ക്കാറാണ് പിന്നാക്കക്കാരിലെ "മുന്നാക്കക്കാര്‍ക്ക് ' പരിഗണന വേണ്ടെന്ന് പറയുന്നത്.

Published

|

Last Updated

രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ഥികള്‍ക്ക് നല്‍കി വന്നിരുന്ന മൗലാനാ ആസാദ് നാഷനല്‍ ഫെല്ലോഷിപ്പ് നിര്‍ത്തലാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് തന്നെയുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ തകിടം മറിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് എം എ എന്‍ എഫ് നിര്‍ത്താനുള്ള തീരുമാനവും വരുന്നത്. സച്ചാര്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് 2009ല്‍ യു പി എ സര്‍ക്കാറാണ് എം എ എന്‍ എഫ് ആരംഭിച്ചത്. മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ജൈന, ബുദ്ധ, പാഴ്സി വിഭാഗങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെടുന്ന ഗവേഷക വിദ്യാര്‍ഥികള്‍ക്കാണ് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പിന് സമാനമായ സാമ്പത്തിക സഹായം നല്‍കിവന്നിരുന്നത്. 2014-15 അധ്യയന വര്‍ഷം മുതല്‍ 2020-21 വരെ 6,722 ഗവേഷക വിദ്യാര്‍ഥികള്‍ക്ക് എം എ എന്‍ എഫ് നല്‍കിയെന്നും ഇതിനായി 738.85 കോടി രൂപ ചെലവഴിച്ചെന്നും ന്യൂനപക്ഷ മന്ത്രാലയം പുറത്തുവിടുന്ന കണക്കുകള്‍ പറയുന്നു. അതേസമയം ഈ ഫെല്ലോഷിപ്പ് ഓരോ വര്‍ഷവും ലഭിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയായിരുന്നു. 2017-18 അധ്യയന വര്‍ഷത്തില്‍ 4,939 വിദ്യാര്‍ഥികള്‍ക്ക് എം എ എന്‍ എഫ് നല്‍കിയിരുന്നെങ്കില്‍ 2021-22 വര്‍ഷമെത്തിയപ്പോള്‍ ഇത് 2,348 ആയി കുറഞ്ഞു. ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച മേഖലകളെല്ലാം അവഗണിക്കുന്ന മോദി സര്‍ക്കാര്‍ സ്വാഭാവികമായും ന്യൂനപക്ഷ വിദ്യാഭ്യാസവും പരിഗണിക്കാതെ തള്ളിക്കളയുന്ന മേഖലയായി ഒതുങ്ങിപ്പോകുകയാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

എം എ എന്‍ എഫ് മറ്റു സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകളുടെ പരിധിയില്‍ വരുന്നതാണെന്നും ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് വേറെയും സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നുണ്ടെന്നുമാണ് ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി ലോക്‌സഭയില്‍ പറഞ്ഞത്. ന്യൂനപക്ഷങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ച ടി എന്‍ പ്രതാപന്‍ എം പിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മന്ത്രി പറഞ്ഞ രണ്ട് കാരണങ്ങളും യുക്തിരഹിതവും തെറ്റിദ്ധാരണാജനകവുമാണ്. ഒരു വിദ്യാര്‍ഥി നിലവില്‍ ഒന്നിലേറെ ഫെല്ലോഷിപ്പുകള്‍ സ്വീകരിക്കുന്നു എന്ന തരത്തിലാണ് മന്ത്രി സംസാരിക്കുന്നത്. സര്‍ക്കാറിന് ഇതുകൊണ്ട് നഷ്ടമുണ്ടാകുന്നു എന്നാണ് അവര്‍ പറഞ്ഞുവരുന്നത്. എന്നാല്‍ ഒരുസമയം ഒരു വിദ്യാര്‍ഥിക്ക് ഒരു ഫെല്ലോഷിപ്പ് മാത്രമേ സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. അതായത് ഒരാള്‍ക്ക് ഒരേസമയം രണ്ട് സര്‍ക്കാര്‍ ജോലികള്‍ ചെയ്യാന്‍ കഴിയില്ലെന്നതു പോലെയാണ് ഇത്. അതേസമയം നിലവിലെ സാഹചര്യത്തില്‍ ഒരു വിദ്യാര്‍ഥിയുടെ പേര് വിവിധ ലിസ്റ്റുകളില്‍ വരാനുള്ള സാധ്യതകളുണ്ട്. മുസ്‌ലിം- ഒ ബി സിയായ വിദ്യാര്‍ഥിക്ക് ഒരേസമയം എം എ എന്‍ എഫിലും എന്‍ എഫ് ഒ ബി സിയിലും അവസരം വാഗ്ദാനം ചെയ്യപ്പെട്ടേക്കാം. എന്നാല്‍ ഏതെങ്കിലും ഒരു ഫെല്ലോഷിപ്പ് സ്വീകരിക്കണം. ഒഴിഞ്ഞ ലിസ്റ്റിലെ അവസരം അതോടെ അടയും. സത്യത്തില്‍ നിലവിലെ ഈ സാഹചര്യം കൊണ്ട് നഷ്ടം ന്യൂനപക്ഷ സമുദായങ്ങള്‍ക്കാണ്. കാരണം കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഫെല്ലോഷിപ്പ് ലഭിക്കാനുള്ള സാഹചര്യമാണ് ഇതുകൊണ്ടില്ലാതാകുന്നത്. ഈ വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ നേരത്തേ ശ്രമമുണ്ടായെങ്കിലും നിലവില്‍ സര്‍ക്കാര്‍ ഇല്ലാത്ത കാരണങ്ങളുണ്ടാക്കി ഫെല്ലോഷിപ്പ് മുടക്കുകയാണ് ചെയ്യുന്നത്. ഫെല്ലോഷിപ്പിന് അപേക്ഷിക്കുന്ന സമയത്തുതന്നെ മുന്‍ഗണനാ നിര്‍ണയത്തിനുള്ള അവസരം നല്‍കിയാല്‍ ഈ വിഷയം പരിഹരിക്കപ്പെടുകയും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കുകയും ചെയ്യും.
സര്‍ക്കാര്‍ പറയുന്ന മറ്റൊരു കാര്യം, ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് വേറെയും സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുമല്ലോ, അപ്പോള്‍ എം എ എന്‍ എഫ് അനിവാര്യമല്ല എന്നാണ്. എന്നാല്‍, ഒ ബി സി, എസ് സി, എസ് ടി സംവരണ വിഭാഗങ്ങളിലൊന്നിലും പെടാത്ത ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് എന്‍ എഫ് ഒ ബി സി, എന്‍ എഫ് എസ് സി, എന്‍ എഫ് എസ് ടി തുടങ്ങിയ ഫെല്ലോഷിപ്പുകള്‍ക്ക് അവസരമുണ്ടാകില്ല. കേരളം വിട്ടാല്‍ മുസ്‌ലിംകള്‍ മിക്കവരും ഒ ബി സിയിലോ മറ്റു സംവരണ വിഭാഗങ്ങളിലോ പെടുന്നവരല്ല. കേരളത്തിലെ വളരെ കുറച്ചുമാത്രം ക്രിസ്ത്യാനികളാണ് ഒ ബി സി-എസ് സി വിഭാഗങ്ങളില്‍ വരുന്നത്. ബാക്കിയുള്ളവര്‍ സംവരണ വിഭാഗങ്ങളില്‍ ഇല്ലാത്തവരാണ്. സിഖ്, ജൈന, ബുദ്ധ, പാഴ്സി വിഭാഗങ്ങളുടെയും രാജ്യത്തെ സ്ഥിതി ഇതുതന്നെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ബഹുഭൂരിപക്ഷം ന്യൂനപക്ഷ വിദ്യാര്‍ഥികളും ഫെല്ലോഷിപ്പ് അവസരങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുകയാണ്. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം കൊടുക്കണമെന്ന് പറയുന്ന സര്‍ക്കാറാണ് പിന്നാക്കക്കാരിലെ “മുന്നാക്കക്കാര്‍ക്ക്’ പരിഗണന വേണ്ടെന്ന് പറയുന്നത്. ഇനി സര്‍ക്കാര്‍ പറയുന്ന ഫെല്ലോഷിപ്പ് യു ജി സി നെറ്റ്-ജെ ആര്‍ എഫ് ആണെങ്കില്‍, ഈ ന്യൂനപക്ഷ, പിന്നാക്ക സംവരണ വിരുദ്ധ രാഷ്ട്രീയ മനോനിലയുടെ ഭാഗമായി ഒ ബി സി, എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ കൂടി മോദി സര്‍ക്കാര്‍ നിര്‍ത്തലാക്കും.

അക്കാര്യം ഏതാണ്ട് ഉറപ്പിക്കാമെന്ന് തന്നെയാണ് കഴിഞ്ഞ ബജറ്റുകളിലെ “കരുതിവെപ്പ്’ കൊണ്ട് നമുക്ക് മനസ്സിലാകുന്നതും. മാത്രവുമല്ല, ഘട്ടം ഘട്ടമായി നെറ്റ് ജെ ആര്‍ എഫ് പരീക്ഷകള്‍ തന്നെ വേണ്ടെന്ന് വെക്കാനുള്ള നീക്കവും ഉണ്ടായേക്കാം. യു ജി സി തന്നെ നേരത്തേ പറഞ്ഞുനോക്കിയ “ദേശീയതാ താത്പര്യങ്ങളുള്ള’ ഗവേഷണങ്ങള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ഫെല്ലോഷിപ്പുകള്‍ നല്‍കുന്ന സംവിധാനം അവതരിപ്പിക്കപ്പെടും. അങ്ങനെയെങ്കില്‍ ആര്‍ക്കൊക്കെ ഫെല്ലോഷിപ്പുകള്‍ ലഭിക്കുമെന്നും ഇവിടെ ആരൊക്കെ ഗവേഷണം ചെയ്യുമെന്നും നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. കൃത്യമായ സാമ്പത്തിക പിന്തുണയില്ലാതെ ഗവേഷണങ്ങളില്‍ വാപൃതരാകാന്‍ മാത്രം സാമ്പത്തിക ഭദ്രതയുള്ള ആളുകള്‍ ഇന്ത്യയില്‍ കുറവാണ്; ന്യൂനപക്ഷങ്ങളുടെയും പിന്നാക്കക്കാരുടെയും കാര്യാമാകട്ടെ പ്രത്യേകിച്ചും.

പിന്നാക്ക വിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസം മോദി സര്‍ക്കാറിന്റെ പരിഗണനയിലുള്ളത് എങ്ങനെയൊക്കെ അത് തകര്‍ക്കാമെന്ന താത്പര്യത്തില്‍ മാത്രമാകണം. കാരണം, ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും വിദ്യാഭ്യാസ ശാക്തീകരണത്തിന്റെ എല്ലാ വഴികളിലും മോദി സര്‍ക്കാറിന്റെ മുള്‍വേലികളുണ്ട്. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ കൂട്ടത്തില്‍ ന്യൂനപക്ഷ- പിന്നാക്ക വിഭാഗങ്ങള്‍ വ്യാപകമായി ആശ്രയിക്കുന്ന ജാമിഅ മില്ലിയ്യ, ജെ എന്‍ യു, അലിഗഢ്, ഹൈദരാബാദ് മാനു തുടങ്ങിയ സര്‍വകലാശാലകള്‍ക്ക് മതിയായ ഫണ്ട് നല്‍കുന്നില്ലെന്ന വസ്തുത ഇവിടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടേണ്ടത്. ഈ സര്‍വകലാശാലകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം പോലും വിദ്യാര്‍ഥികള്‍ക്ക് ഭാരമാകുന്നതാണ് നിലവിലെ സാഹചര്യം. അനിയന്ത്രിതമായി ഉയരുന്ന ഫീസ് നിരക്കുകള്‍ സാധാരണ സാമ്പത്തിക പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം തടയപ്പെടുന്നതിനുള്ള കരണമാകുകയാണ്. ഫീസ് വര്‍ധനയുടെ കാര്യം രാജ്യത്തെ ഒട്ടുമിക്ക ഉന്നത കലാലയങ്ങളുടെയും ക്യാമ്പസുകളില്‍ നിലവില്‍ നീറിപ്പുകയുന്ന അസ്വസ്ഥതയാണ്.

മറുഭാഗത്ത്, ഇത്തരം ഉന്നത കലാലയങ്ങളുടെ അഡ്മിനിസ്‌ട്രേഷന്‍ തലങ്ങളില്‍ കഴിവുകെട്ടവരും തങ്ങളുടെ രാഷ്ട്രീയ അജന്‍ഡകളുടെ വിഴുപ്പ് ഭവ്യതയോടെ ഏറ്റി നടക്കുന്നവരുമായ ആളുകളെ നിയമിക്കുകയാണ് സര്‍ക്കാര്‍. അരാഷ്ട്രീയതയുടെയോ വര്‍ഗീയ രാഷ്ട്രീയത്തിന്റെയോ ഇടങ്ങളാക്കി ഇത്തരം ക്യാമ്പസുകളെ മാറ്റുന്ന കാര്യം പിന്നീട് അവര്‍ ഭംഗിയായി ചെയ്തുകൊള്ളും. ജാമിഅയും ജെ എന്‍ യുവും തന്നെ അതിനുദാഹരണം. ക്യാമ്പസുകളിലെ ജനാധിപത്യ സംസ്‌കാരങ്ങളെ അട്ടിമറിച്ചും സംഘ്പരിവാര്‍ സംഘടനകള്‍ക്കും ആശയങ്ങള്‍ക്കും സ്വൈര വിഹാരത്തിനുള്ള വഴികള്‍ തുറന്നിട്ടും ക്യാമ്പസുകളെ വന്ധ്യംകരിക്കാനാണ് ഇവരുടെ ശ്രമങ്ങളെല്ലാം. ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ പ്രതിനിധാനങ്ങള്‍ ബോധപൂര്‍വം തടയുകയാണ് ഇവരുടെ ലക്ഷ്യം.

കാലങ്ങളായി മാറ്റിനിര്‍ത്തപ്പെടുന്ന പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കപ്പെടുന്നതും രാഷ്ട്രീയ ബോധ്യങ്ങള്‍ രൂപപ്പെടുത്തുന്നതും രാഷ്ട്രീയ വ്യവഹാരങ്ങളെ സ്വാധീനിക്കുന്നതും സംഘ്പരിവാരത്തിന് ഇഷ്ടമാകുന്ന കാര്യങ്ങളല്ല. അപ്പോള്‍ പിന്നെ അതൊക്കെ ഒളിഞ്ഞും തെളിഞ്ഞും തകര്‍ത്തു കളയുകയാണ് അവരുടെ പണി. ഈ ശ്രമങ്ങളെ പ്രതിരോധിക്കേണ്ടത് മതനിരപേക്ഷ-സാമൂഹിക നീതി രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കര്‍ത്തവ്യമാണ്. ടി എന്‍ പ്രതാപന്‍ ലോക്‌സഭയിലും ഇംറാന്‍ പ്രതാപ്ഗര്‍ഹി രാജ്യസഭയിലും എം എ എന്‍ എഫ് വിഷയം ഉന്നയിച്ചതും, മുസ്‌ലിം ലീഗിന്റെ ഇ ടി മുഹമ്മദ് ബഷീറും കോണ്‍ഗ്രസ്സിന്റെ കൊടിക്കുന്നില്‍ സുരേഷും പ്രീമെട്രിക് സ്‌കോളര്‍ഷിപ്പുകളുടെ കാര്യം ലോക്‌സഭയിലും ഉന്നയിച്ചതും കൂടാതെ കൂടുതല്‍ എം പിമാര്‍ ഈ വിഷയങ്ങളില്‍ പാര്‍ലിമെന്റില്‍ സംസാരിക്കുമെന്നാണ് കരുതുന്നത്. സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധങ്ങളും ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ ഈ വിഷയങ്ങള്‍ നേരിട്ട് ബാധിക്കുന്ന സമുദായങ്ങളുടെ പ്രതികരണം ഇപ്പോഴും വ്യക്തമായി ഉയര്‍ന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇക്കാര്യത്തില്‍ നയപരമായ ഇടപെടലുകളും വേണ്ടിവന്നാല്‍ ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങളും ഉണ്ടാക്കാന്‍ സാമുദായിക സംഘടനകള്‍ക്ക് കഴിയണം. മുസ്‌ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ താരതമ്യേന അടച്ചുറപ്പുള്ള സംഘടനാ സംവിധാനങ്ങള്‍ ഉള്ളതാണല്ലോ. അവ ഉപയോഗപ്പെടുത്തി സമ്മര്‍ദം സൃഷ്ടിക്കാന്‍ കഴിയണം. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പും എം എ എന്‍ എഫും നിര്‍ത്തലാക്കിയ നടപടി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കും വരെ അത് തുടരുകയും വേണം. അവകാശങ്ങള്‍ കൺമുന്നില്‍ തട്ടിപ്പറിക്കപ്പെടുന്നത് കണ്ടിട്ടും മൗനം പാലിക്കുന്നത് ഒരിക്കലും ഗുണം ചെയ്യില്ല.

Latest