Connect with us

prathivaram book review

മൗലികതയുടെ ദർശന രൂപംപൂണ്ട വരികൾ

കവിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഇതിലെ കവിതകളെല്ലാം സംഭവിക്കൽ തന്നെയാണ്. അതു കൊണ്ടുതന്നെ ഭാഷയുടെയും ചിന്തയുടെയും മൗലികത ദർശന രൂപംപൂണ്ട കവിതകളിൽ വാക്കുകളെ ആശയപ്രപഞ്ചത്തിലേക്ക് പരകായപ്രവേശം നടത്തുന്ന പുതുമയുടെ പൂക്കാലം സൃഷ്ടിക്കുകയാണ് കവി. ഒന്ന് മറ്റൊന്നിൻ്റെ തുടർച്ചയല്ലാതെ എല്ലാ കവിതകളിലും കൂടി മനുഷ്യരേയും ഇതര ജന്തുക്കളേയും പ്രകൃതിയേയും ജൈവ ആവാസവ്യവസ്ഥയേയും എല്ലാം കാവ്യാത്മകമായി വിശകലനം ചെയ്യുന്ന മലയാളത്തിലെ കാവ്യ വഴിയിലെ ഒരപൂർവ ശൈലിയാണ് കവി സ്വീകരിക്കുന്നത്.

Published

|

Last Updated

തു ചെറു ഭാഷയേയും പ്രപഞ്ചത്തേക്കാൾ വലുതാക്കാനുള്ള സാങ്കേതിക മികവും കവിതയെ ലോകത്തേക്കാൾ വലിയ സത്യമാക്കാനും കഴിയുമെന്ന് മുഖവുരയിലൂടെ വായനക്കാരോട് പറയുന്ന പി എൻ ഗോപീകൃഷ്ണന്റെ ആദ്യ കവിതാ സമാഹാരത്തിന്റെ പരിഷ്്കരിച്ച പതിപ്പാണ് ” മടിയന്മാരുടെ മാനിഫെസ്റ്റോ’ എന്ന കവിതാ സമാഹാരം. 94 പേജുകളിൽ 42 കവിതകളുമായി എല്ലാ അർഥത്തിലും വ്യത്യസ്തത പുലർത്തുന്ന കവിതകൾ അലസ വായനക്ക് തീരേ വഴങ്ങുന്നതുമല്ല.
കവിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഇതിലെ കവിതകളെല്ലാം സംഭവിക്കൽ തന്നെയാണ്. അതു കൊണ്ടുതന്നെ ഭാഷയുടെയും ചിന്തയുടെയും മൗലികത ദർശന രൂപംപൂണ്ട കവിതകളിൽ വാക്കുകളെ ആശയപ്രപഞ്ചത്തിലേക്ക് പരകായപ്രവേശം നടത്തുന്ന പുതുമയുടെ പൂക്കാലം സൃഷ്ടിക്കുകയാണ് കവി.

ഒന്ന് മറ്റൊന്നിന്റെ തുടർച്ചയല്ലാതെ എല്ലാ കവിതകളിലും കൂടി മനുഷ്യരേയും ഇതര ജന്തുക്കളേയും പ്രകൃതിയേയും ജൈവ ആവാസവ്യവസ്ഥയേയും എല്ലാം കാവ്യാത്മകമായി വിശകലനം ചെയ്യുന്ന മലയാളത്തിലെ കാവ്യ വഴിയിലെ ഒരപൂർവ ശൈലിയാണ് പി എൻ ഗോപീകൃഷ്ണൻ സ്വീകരിക്കുന്നത്.

“വെള്ളത്തിൽ റൊമാന്റിക്ക്, കരയിൽ റിയലിസ്റ്റിക്ക്, കുതിപ്പിന്റെ ശൃംഗത്തിൽ, അഹോമിസ്റ്റിക്ക് ‘ വരമ്പു ചാടവേ പുത്തൻ വഴിയിൽ തലയരഞ്ഞപ്പോൾ ദുരന്തമാകുന്ന തവളയും രുചി ശുഭാന്തം എന്നെഴുതുന്നിടത്ത് കവിത വലിയൊരു ആശയ പ്രപഞ്ചമാകുന്നു. (കവിത: തവളയെ കണ്ടിട്ടുണ്ടോ?) “മുലക്കണ്ണും, മുഖക്കുരുവും തമ്മിൽ, കൊതുകിനെന്തുഭേദം ? ( ക: കൊതുക് ) കൊതുക് മനുഷ്യനിൽ തിരയുന്നത് രുചിയുള്ള ചോരയാണ്. കൊതുകിന്റെ മനഃസ്ഥിതിയുള്ള മനുഷ്യരും അന്യന്റെ അസഹ്യതയിലാണ് സായൂജ്യം കണ്ടെത്തുക എന്ന സത്യത്തെ ചെറിയൊരു കവിതയിലൂടെ വലിയൊരു തത്വത്തെ ആവിഷ്കരിക്കുന്ന രീതിയാണിത്.
സാങ്കേതിക ഉപദേഷ്ടാവ് എന്ന കവിത ശരിക്കും കോർപറേറ്റ് കുബുദ്ധിയുടെ രാഷ്ട്രീയ കുടിലതയിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കൽ കൂടിയാവുകയാണ്.
” ഇവിടെ എന്തിനിത്ര കുളങ്ങൾ?, വറ്റിച്ചാൽ കോഴികളെ വളർത്താം, തൊഴിലില്ലായ്മ കുറയ്ക്കാം, എന്ന കുറുക്കന്റെ ചോദ്യവും മറ്റു തീറ്റ കിട്ടാത്തതിനാൽ കോഴികൾ മാക്രിക്കുഞ്ഞുങ്ങളെ തിന്നും, തവളകളും കോഴികളും തീർന്നപ്പോൾ, കുറുക്കൻ അടുത്ത നഗരം തേടി ‘ എന്നിടത്താണ് ലോകമൊട്ടാകെയുള്ള കോർപറേറ്റ് കുബുദ്ധികളുടെ ലാഭക്കൊതിയെ വളരെ കുറുക്കിയ ഒരു കവിതയിലൂടെ പ്രതീകാത്മകമായി വരച്ചിടുന്നത്.

“ചുട്ടുപഴുത്ത, ഇസ്തിരിക്കടിയിൽ, തുണികളുടെ മാതൃഭാഷ രൂപപ്പെടുന്നത്’ പോലുള്ള പ്രയോഗങ്ങളിൽ അടിമുടി കവിത്വവും ഒപ്പം അതിനൊരു ഫിലോസഫിക്കൽ ടച്ചും ഗോപീകൃഷ്ണന്റെ കവിതകളുടെ ഒരു പൊതു രീതിയാണ്. “കാത്തുള്ളിലച്ചുതാ, കടുകു വാങ്ങുമ്പോൾ, ഇത്തിരി കൂടുതൽ വാങ്ങിക്കണേ, എന്നതുടക്കം (കവിത. മിച്ചമൂല്യം ) പിന്നീടുള്ള അഭ്യർഥനയിൽ നീ നിന്നെ മാത്രമല്ല, മറ്റൊരാളെക്കൂടി എപ്പോഴും പരിഗണിക്കണേ എന്ന ധ്വനിയിൽ ഒരു സാമൂഹിക പ്രതിബദ്ധതയുടെ ഓർമപ്പെടുത്തൽ ദർശിക്കാവുന്നതേയുള്ളു.
എന്താണ് വീടുകളെന്ന് ഏറ്റവും ചുരുക്കിപ്പറയുന്നിടത്ത് “കേരളത്തിൽ ഏറ്റവും കൂടുതൽ ശാഖകളുള്ള സ്ഥാപനം ആണത് ‘ എന്നൊരു നിരീക്ഷണം ” വീട്’ എന്ന കവിത പങ്കു വെക്കുന്നു. കൂട്ടത്തിൽ “മരണം പരിശീലിച്ചെടുക്കാനുള്ള , വ്യായാമങ്ങളെന്ന നിലയിൽ, അത് നമ്മെ ഇരുത്തുകയും കിടത്തുകയും ഉറക്കുകയും ചെയ്യുന്നു.’ എന്നാകുമ്പോൾ കവിഭാവന വായനക്കാരിൽ ആശ്ചര്യമുളവാക്കുക കൂടിയാകും.

ഗോപീകൃഷ്ണന്റെ കവിതകളുടെ ഒരു പൊതു രീതി എന്ന നിലക്ക് സമാഹാരത്തിലെ ചില കവിതകളെ മാത്രം വിശകലനത്തിന് വിധേയമാക്കുന്നു എന്നു മാത്രം.
ഏതു കാലത്തേക്കും പ്രസക്തമാകുന്ന ചില ചോദ്യങ്ങൾ സമാഹാരത്തിന്റെ അവസാന കവിതകളിലെത്തുമ്പോഴേക്കും കവി ഉന്നയിക്കുന്നത് നോക്കുക.
“ആരാണ് സത്യത്തെ നുണയുടെ പരസ്യമാക്കിയത്? ആരാണ് ലോഹം കൊണ്ടും പ്ലാസ്റ്റിക് കൊണ്ടും മുഷ്ടി കൊണ്ടും നുണ പറയുന്നത്? (കവിത: നുണയൻ)

ഇങ്ങനെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന എല്ലാതരം അരുതായ്മകളെയും അധാർമികതകളേയുമൊക്കെ കണ്ടില്ലെന്ന് നടിക്കാതെ നിരന്തരം കുറിക്കു കൊള്ളുന്ന ചോദ്യങ്ങളുയർത്തിയും സാമൂഹിക പ്രതിബദ്ധതയുടെ സദാ ജാഗ്രത കൈ വെടിയാതെയും കവിതകളെ സർഗായുധമാക്കി പി എൻ ഗോപീകൃഷ്ണൻ എങ്ങനെ മലയാള കവിതയിൽ വേറിട്ടു നിൽക്കുന്നു എന്ന് അടയാളപ്പെടുത്തുന്ന നവഭാവുകത്വം ഈ കവിതകളിൽ വേണ്ടുവോളം ദർശിക്കാവുന്നതേയുള്ളൂ. പ്രസാധകർ ലോഗോ ബുക്സ്.വില 110 രൂപ.

Latest