Connect with us

book review

അറിവും അനുഭവങ്ങളും കൊരുത്ത വരികൾ

"മനസ്സോട്ടം' എന്ന കവിത കാണുക. ഉറക്കത്തിനും ഉണർവിനുമിടയിലെ ബോധസഞ്ചാരവും അപഥ സഞ്ചാരവും അല്ലേ ജീവിതം.

Published

|

Last Updated

ല ആനുകാലികങ്ങളിലൂടെയായി വെളിച്ചം കണ്ട 30 കവിതകളും 27 കുറുങ്കവിതകളും അടങ്ങിയ 63 പേജുകളിലായി കോറിയിട്ട കവിതാ പുസ്തകമാണ് കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടിയുടെ പുതിയ പുസ്തകമായ “രാജ്യത്തോട് ഒരു സ്വകാര്യം’
“ഒടുവിൽ’ എന്ന ചെറിയ കവിതയിൽ നിന്ന് തുടങ്ങാം.
ഇലകൾ പരാതി പറയും മുമ്പേ
കാറ്റ് മരത്തെ
ആക്രമിച്ചു.

മരം കാറ്റിന് കീഴടങ്ങി.
പരാതികൾ പിൻവലിച്ചു.

കാറ്റും മരവും
ഇലകളും
ഒരേ വഴിയിൽ
ഒരേ ദിശയിൽ
എത്ര ദൂരം?
എത്ര സമയം.?

വ്യക്തിയുടെ പദവിയും രാഷ്ട്രീയ സ്ഥാനവും നിർമിക്കുന്ന ബൃഹദ് മൂലധനത്തെ നാം സാംസ്കാരിക മൂലധനം എന്നു കൂടി വിശേഷിപ്പിക്കുന്നു. ഒറ്റ ദിവസത്തേക്ക് ആത്മഹത്യ ചെയ്യുന്നവരുടെ അഭയം ഉറക്കം അല്ലാതെന്ത്?

എല്ലാ അലങ്കാരങ്ങളും അഴിച്ചെടുത്ത് നിദ്രയുടെ ആഴക്കയങ്ങൾ തേടി പോവുക തന്നെ. ഇങ്ങനെയുള്ള പ്രതീകാത്മക മൂലധനങ്ങൾ കണ്ടെത്തി കവിത എഴുതുവാൻ അനായാസം രചയിതാവിന് കഴിയുന്നത് അനുഭവങ്ങളുടെ സമുദ്രം കൈപ്പിടിയിൽ ഉള്ളതിനാലാണ്.
കാഴ്ചയുടെ നെറികേടുകളെ വർണ ഭേദങ്ങളെ, ജാതിവെറികളെ, നമ്മുടെ ഉൾക്കേൾവിയുടെ കമ്പനങ്ങളെ ഇന്നും നിശ്ചയിക്കുന്നത് സവർണ യുക്തിയും ബ്രാഹ്മണ്യവും കൊണ്ടാണെന്ന രാഷ്ട്രീയ സന്ദേശം പല കവിതകളിലായി ഇതിൽ ഉണർത്തിക്കൊണ്ടിരിക്കുന്നു. പ്രത്യക്ഷത്തിൽ ഇടത് പക്ഷത്ത് നിൽക്കുന്ന എല്ലാവരും തന്നെ കർതൃത്വമില്ലാത്ത, ചരിത്രമില്ലാത്ത, പണിമുടക്കങ്ങളെ നിരാകരിച്ചവരാണ്.

“എന്റെ ദേശക്കൂറ്
നീതിന്യായങ്ങളുടെ വിചാരണക്കൂട്ടിൽ
വിയർത്തൊലിക്കുമ്പോൾ ഞാൻ രാജ്യദ്രോഹികളുടെ
പട്ടികയിൽ’
പിന്തിരിപ്പൻ , മൂരാച്ചി എന്നീ കരിമ്പട്ടികയിൽ പെടുത്തി
ചലനമറ്റ ജീവിതസത്തയായി മാറ്റപ്പെടുന്നു. (കവിത: വഴിമുടക്കം)

ഈ കാഴ്ചക്ക് ഭിന്നഭിന്നമായ കാഴ്ച ദൂരങ്ങളും, കോണുകളും ഭിന്നരൂപങ്ങളുണ്ട്. നേതൃഗുണം എന്ന വർഗ കാഴ്ചയിൽ നേതൃഗുണമോ നിർവഹണ ശേഷിയോ ഇല്ലാതായാൽ സർപ്പങ്ങൾ നടവഴിയിൽ പതുങ്ങി കിടന്ന് പത്തി വിടർത്തിയാടി ഭയപ്പാടിന്റെ വിദ്യുൽ പ്രവാഹം പ്രസരിപ്പിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല .”വിരുദ്ധങ്ങൾ ‘ എന്ന കവിത ഇത് പ്രതീകാത്മകമായി അടയാളപ്പെടുത്തുന്നു. അധികാരം കൂടുതൽ സുഖ സൗകര്യങ്ങൾ വെച്ചു നീട്ടുന്നുണ്ട്. ജാതി മൂലധനത്തിന്മേലാണ് ഇന്നും നമ്മുടെ രാഷ്ട്രീയ സാമൂഹിക ഘടനയുടെ കണ്ണ്.’
ഡീ ടെറിട്ടറിയലൈസേഷൻ എന്നത് കൃത്യമായും വ്യക്തമാക്കി തരുന്നുണ്ട് ഒച്ചകൾ എന്ന കവിതയിലൂടെ. ഈ ഘടനയുടെ തകർച്ചയെയാണ് ചിലർ ലക്ഷ്യം വെക്കുന്നത്. ഇങ്ങനെ ചിലതെല്ലാം സ്വയം തകർത്തു കൊണ്ട് ജാതി ഇല്ലാതാക്കാനാകില്ല, മറിച്ച് ഇങ്ങനെ തകർക്കുന്നതാകട്ടെ ഒരു പുനഃക്രമീകരണത്തിലൂടെ, പുതിയ വെല്ലുവിളികളെ നേരിടാൻ പാകത്തിൽ ഒരു പുതുഘടനയെ സൃഷ്ടിക്കുന്നതിന് മുതലാളിത്തവും കുത്തക വത്കരണവും എതിരു നിൽക്കുകയും ചെയ്യുന്നു.

തിരിച്ചറിയാനാവാത്ത
ഒച്ചകളൊടുവിൽ
ശബ്ദങ്ങളുടെ നിഘണ്ടുവിൽ
ഒരർഥത്തിനും വഴങ്ങാതെ
തെരുവിൽ
ആർത്തനാദങ്ങളിൽ
പേടിച്ചു വിറച്ച നിശബ്ദതകളെ
ചവിട്ടി മെതിച്ചുന്മാദിക്കുന്നു. ( ഒച്ചകൾ)
വിന എന്ന കവിതയിൽ
വിദ്വേഷത്തിന്റെ അമ്ലമഴ പെയ്യുന്ന വിധം കാണാം.

കാമത്തിലെ കീടനാശിനിയുടെ അനുപാതം പുതിയ അനുഭവമാണ്. അനുനിമിഷം അതിന്റെ അളവുകൾ പുനഃക്രമീകരിച്ച് കൊണ്ടിരിക്കണം. അല്ലെങ്കിൽ വിളയ്‌ക്ക് പകരം വിനയാവും സർവത്ര.

“മനസ്സോട്ടം’ എന്ന കവിത കാണുക. ഉറക്കത്തിനും ഉണർവിനുമിടയിലെ ബോധസഞ്ചാരവും അപഥ സഞ്ചാരവും അല്ലേ ജീവിതം.

“രാജ്യത്തോട് ഒരു സ്വകാര്യം’ എന്ന കവിതയിൽ ഹിന്ദുത്വ എന്ന ആശയം മഴു ഉയർത്തിനിന്ന്, ആധുനിക വിദ്യാഭ്യാസം, ജനാധിപത്യ സോഷ്യലിസ്റ്റ് ഭരണഘടന, നവോത്ഥാനം, ആഗോളവത്കരണം, ഏക സിവിൽ കോഡ്, നഗരവത്കരണം, ഒറ്റ ഭാഷ ഒറ്റ രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്നിവയിൽ തുടങ്ങി അനേകം സാഹചര്യങ്ങളിൽ എങ്ങനെ ഹിന്ദുത്വ ഭരണകൂടം അതിന്റെ അതിർത്തിയെ മാറ്റി വരയ്ക്കുന്നുണ്ട് എന്ന് കൃത്യമായി കാണിച്ചു തരുന്നു.

പി കെ ഗോപി എഴുതിയ അവതാരികയാലും വിജീഷ് പരവരിയുടെ പഠനത്താലും വാക്കിന്റെ കനലാട്ടമുള്ള വരികളാലും സമ്പുഷ്ട മാണ് ഈ കൃതി. പ്രസാധകർ കൈപ്പട ബുക്സ്. വില 120 രൂപ.

Latest