Travelogue
സിംഹസ്നേഹികളുടെ സ്വന്തം ദ്വീപ്
അന്ന് സിംഗപ്പൂരിലേക്ക് കുടിയേറി സിംഗപ്പൂർ പൗരത്വം നേടിയ ധാരാളം കുടുംബങ്ങൾ ഇന്നവിടെയുണ്ട്. മജ്്ലിസുകളും മൗലിദ് സദസ്സുകളും സംഘടിപ്പിച്ച് പാരമ്പര്യ രീതിയിലാണ് അവരിപ്പോഴും ജീവിതം നയിക്കുന്നത്.
ഒരു കൊച്ചു നഗരരാഷ്ട്രമാണ് സിംഗപ്പൂർ. വികസിതവും അതിമനോഹരവുമായ നാട്. മലേഷ്യയുടെ ഭാഗമായിരുന്ന ഈ രാജ്യത്തിന്റെ വലിപ്പം കേട്ടാൽ ആരും അത്ഭുതപ്പെടും. ഏതാണ്ട് മലപ്പുറം ജില്ലയുടെ അഞ്ചിലൊന്ന്. പക്ഷെ, മലപ്പുറത്തേക്കാൾ പത്ത് ലക്ഷത്തിലധികം ജനങ്ങളുണ്ട് സിംഗപ്പൂരിൽ. അഥവാ അമ്പത്തഞ്ച് ലക്ഷം.ചെറുതെങ്കിലും തന്ത്രപ്രധാനമായ ഭൂമിശാസ്ത്ര മേഖലയിലാണ് സ്ഥാനം. ഇന്തോനേഷ്യയുടെയും മലേഷ്യയുടെയും ഒത്ത നടുക്ക്. അന്താരാഷ്ട്ര തലത്തിൽ തന്നെ സജീവ ചരക്കു നീക്കം നടക്കുന്ന കപ്പൽ പാതയാണിത്.
കാലാവസ്ഥ നമ്മുടെ നാട്ടിലെതിന് സമാനമാണ്.ദിനചര്യയെന്നോണം മഴ പ്രതീക്ഷിക്കാം. സിംഗപ്പൂർ ഡോളറാണ് കറൻസി.അതിന് രൂപയെക്കാൾ അറുപത്തി മൂന്ന് രൂപ മൂല്യമുണ്ട്. ബ്രൂണൈ ഡോളറിനും ഇതേ മൂല്യം തന്നെയാണ്. ഇരു ഡോളറുകളും ഇരു രാജ്യങ്ങളിലും പ്രാബല്യത്തിലുണ്ട് എന്ന പ്രത്യേകത കൂടിയുണ്ട്. ജീവിതച്ചെലവ് അൽപ്പം കൂടുതലുള്ള രാജ്യമാണ് സിംഗപ്പൂർ. താമസം, വാഹനം തുടങ്ങിയവയുടെ നിരക്കുകൾ സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഏതാണ്ട് ഇരുപതിനായിരത്തോളം മലയാളികളാണ് ഇവിടെയുള്ളത്. എന്നാൽ തമിഴന്മാരുടെ എണ്ണം അതിലും കൂടുതലാണ്. തമിഴ് രാജ്യത്തെ ഔദ്യോഗിക ഭാഷയുമാണ്.
പണ്ട് ഒരു മുക്കുവ ഗ്രാമമായിരുന്ന രാജ്യം ഇന്ന് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ ഒന്നായി മാറിക്കഴിഞ്ഞു.ലോകത്തെ ഏറ്റവും കൂടുതൽ ശക്തമായ പാസ്പോർട്ടാണ് സിംഗപ്പൂരിന്റെത്. ഈ പാസ്പോർട്ട് ഉപയോഗിച്ച് നൂറ്റി തൊണ്ണൂറിലധികം രാജ്യങ്ങളിൽ യാത്ര ചെയ്യാം. പക്ഷേ, മുമ്പ് രണ്ട് തവണ സിംഗപ്പൂർ വിസ എടുത്തിരുന്നെങ്കിലും പലവിധ കാരണങ്ങളാൽ യാത്ര നടന്നിരുന്നില്ല.
സിംഗപ്പൂരിൽ നിറയെ കാണാവുന്ന കാഴ്ചയാണ് സിംഹപ്രതിമകൾ. അതോടനുബന്ധിച്ച് ടൂറിസ്റ്റുകളെ ആകർഷിക്കുന്ന നിരവധി നിർമിതികളുമുണ്ട്.എന്താണതിന് പിന്നിലെ രഹസ്യം എന്നന്വേഷിച്ചപ്പോഴാണ് കൗതുകകരമായ ഒരു കാര്യം മനസ്സിലായത്. സിംഗപ്പൂരിന്റെ ദേശീയ ചിഹ്നമാണ് സിംഹം. രാജ്യത്തിന്റെ പേര് രൂപപ്പെട്ടതും സിംഹത്തിൽ നിന്നാണ്. സിംഹങ്ങളുടെ നഗരം എന്ന അർഥത്തിൽ സിംഹപുരം എന്നായിരുന്നുവത്രെ ആദ്യം പ്രദേശത്തിന്റെ പേര്. പിന്നീടത് സിംഗപ്പുരയും സിംഗപ്പൂരുമായി. പക്ഷേ, ആദിമ കാലം മുതൽ സിംഹങ്ങൾ വസിക്കാത്ത ദ്വീപാണിത്. ഇവിടേക്ക് വന്ന ഇന്ത്യൻ രാജാക്കന്മാർ മലയൻ കടുവകളെ കണ്ട് തെറ്റിദ്ധരിച്ചതാണ് ഇങ്ങനെയൊരു നാമകരണത്തിന് പിന്നിൽ.
മലേഷ്യയിലെ ജോഹോർ സുൽത്താന്മാർക്ക് കീഴിലായിരുന്നു ഏറെക്കാലം ഈ നാട്. വാണിജ്യ കരാറിലൂടെ ബ്രിട്ടീഷുകാർ പതുക്കെ പ്രദേശം കൈക്കലാക്കി. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ രാജ്യം ആക്രമിച്ചു. വെള്ളപ്പട്ടാളം ജപ്പാൻ സൈന്യത്തിന് മുന്നിൽ അടിയറവ് പറഞ്ഞു. തുടർന്ന് രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയുടെ ഭാഗമായി പ്രദേശം ആധുനിക മലേഷ്യയിൽ ലയിക്കുകയും 1965ൽ രണ്ട് രാഷ്ട്രങ്ങളായി പിരിയുകയും ചെയ്തു. തെക്ക് കിഴക്ക് ഏഷ്യൻ രാജ്യങ്ങളിലേക്ക് മലയാളി തമിഴ് കുടിയേറ്റം നടന്ന കാലം കൂടിയായിരുന്നു അത്. അന്ന് സിംഗപ്പൂരിലേക്ക് കുടിയേറി സിംഗപ്പൂർ പൗരത്വം നേടിയ ധാരാളം കുടുംബങ്ങൾ ഇന്നവിടെയുണ്ട്. മജ്്ലിസുകളും മൗലിദ് സദസ്സുകളും സംഘടിപ്പിച്ച് പാരമ്പര്യ രീതിയിലാണ് അവരിപ്പോഴും ജീവിതം നയിക്കുന്നത്.
ജനസംഖ്യ പതിനഞ്ച് ശതമാനമാണ് മുസ്‌ലിം പ്രാതിനിധ്യം. ഹനഫി, ശാഫിഈ മദ്ഹബ് പിന്തുടരുന്ന സുന്നികളാണവർ. പതിനാലാം നൂറ്റാണ്ടിലാണ് സിംഗപ്പൂരിലേക്ക് ഇസ്‌ലാം എത്തുന്നത്. പിന്നീടുള്ള കാലം രാജ്യം മലാക്ക, ജോഹർ സുൽത്താനേറ്റുകളുടെ അധികാര പരിധിയിലായിരുന്നു. ധാരാളം പണ്ഡിതന്മാരും സ്വൂഫിവര്യന്മാരും ഇക്കാലയളവിൽ ഇവിടെ പ്രബോധന പ്രവർത്തനങ്ങളിൽ വ്യാപൃതരായി.
വിമാനത്താവളത്തിൽ നിന്ന് നേരെ ഹബീബ് ഹസൻ അൽ അത്താസ് തങ്ങളെ കാണാനായിരുന്നു യാത്ര. സിംഗപ്പൂർ പ്രസിഡന്റിന് കീഴിലുള്ള മൈനോരിറ്റി കൗൺസിൽ അംഗവും വിശ്രുത പണ്ഡിതനുമാണ് അദ്ദേഹം.ലോകത്തെ ഏറ്റവും പ്രഗത്ഭരായ അഞ്ഞൂറ് മുസ്‌ലിംകളുടെ പട്ടികയിൽ ഇടം പിടിച്ച അദ്ദേഹത്തെ മതസൗഹാർദ രംഗത്തെ സേവനങ്ങൾ മുൻനിർത്തി സിംഗപ്പൂർ സർക്കാർ പരമോന്നത പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
യമനിലെ ഹളർമൗതിൽ നിന്നെത്തിയ അത്താസ് കുടുംബ പരമ്പരയിൽ ജനിച്ച ഹസൻ അത്താസ് തങ്ങൾ രാജ്യത്തെ ബാഅലവി ത്വരീഖത്തിന്റെ പ്രധാന പ്രചാരകനാണ്. ബാ അലവി മസ്ജിദ് ചീഫ് ഇമാമായ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ റാതീബ് അത്താസ് മജ്്ലിസും നടന്നുവരുന്നുണ്ട്. ഇന്ത്യാ – സിംഗപ്പൂർ മുസ്‌ലിംകൾക്കിടയിലെ കൊടുക്കൽ വാങ്ങലുകൾ, വിവിധ ആത്മീയ വിഷയങ്ങൾ തുടങ്ങിയവ സംസാരത്തിൽ കടന്നുവന്നു.
ബാ അലവി മസ്ജിദിനോട് ചേർന്നുള്ള അദ്ദേഹത്തിന്റെ വസതിയിൽ നിറയെ തിരുശേഷിപ്പുകളും അമൂല്യമായ ഗ്രന്ഥങ്ങളും സൂക്ഷിപ്പുണ്ട്. അവ കാണാനും ഹൃദ്യമായ സ്വീകരണം ഏറ്റുവാങ്ങാനും സാധിച്ചത് നവ്യാനുഭവമായി.