Connect with us

Ongoing News

ലയണ്‍ റോര്‍ഡ്; മെക്‌സിക്കോയെ തകര്‍ത്ത് അര്‍ജന്റീനിയന്‍ തിരിച്ചുവരവ്

വിജയത്തോടെ അര്‍ജന്റീന പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി.

Published

|

Last Updated

ദോഹ | ലോകകപ്പ് ഫുട്‌ബോളിലെ നിര്‍ണായക മത്സരത്തില്‍ മെക്‌സിക്കോയെ പരാജയപ്പെടുത്തി അര്‍ജന്റീനയുടെ വന്‍ തിരിച്ചുവരവ്. എണ്ണം പറഞ്ഞ രണ്ട് ഗോളുകള്‍ മെക്‌സിക്കന്‍ വലയില്‍ നിക്ഷേപിച്ചാണ് തങ്ങളുടെ രണ്ടാം മത്സരത്തില്‍ അര്‍ജന്റീന ജയിച്ചുകയറിയത്. രണ്ടാം പകുതിയിലായിരുന്നു ഇരു ഗോളുകളും. വിജയത്തോടെ അര്‍ജന്റീന പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി.

കാല്‍പ്പന്തു മാന്ത്രികന്‍ ലയണല്‍ മെസിയുടെ കാലില്‍ നിന്നായിരുന്നു ആദ്യ ഗോള്‍. 64ാം മിനുട്ടില്‍ വലതു വിങില്‍ നിന്ന് ഏഞ്ചല്‍ ഡി മരിയ നല്‍കിയ ക്രോസാണ് ഗോളായി മാറിയത്. മനോഹരമായ ക്രോസ് കൃത്യമായി എത്തിയത് മെസിയുടെ കാലുകളിലേക്ക്. സമയം പാഴാക്കാതെ മെസി തൊടുത്ത കിടിലന്‍ ഷോട്ട് മെക്‌സിക്കന്‍ ഗോളിയെ നിസ്സഹായനാക്കി വലയുടെ മൂലയില്‍ പതിക്കുകയായിരുന്നു. ലോകകപ്പില്‍ മെസിയുടെ എട്ടാം ഗോളാണിത്. ഇതോടെ തുടര്‍ച്ചായി ആറ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഗോളടിക്കാന്‍ മെസിക്ക് സാധിച്ചു. മെസിയുടെ 21-ാം ലോകകപ്പ് മത്സരമാണിത്. ഇതോടെ അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമെന്ന ഡീഗോ മാറഡോണയുടെ റെക്കോഡിനൊപ്പമെത്താനും മെസിക്കായി.

നിശ്ചിത സമയം അവസാനിക്കാന്‍ മൂന്ന് മിനുട്ടുകള്‍ മാത്രം ബാക്കിയിരിക്കെ അര്‍ജന്റീനിയന്‍ വിജയം ഉറപ്പിച്ച് എന്‍സോ ഫെര്‍ണാണ്ടസും വല കുലുക്കി. മൈതാനത്തിന്റെ ഇടത് മൂലയില്‍ നിന്നുള്ള എന്‍സോയുടെ അടിയില്‍ പന്ത് ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ ഗോള്‍ പോസ്റ്റിനകത്തേക്ക് പാഞ്ഞുകയറി. ആദ്യ പകുതിയില്‍ അര്‍ജന്റീനയെ മെക്‌സിക്കന്‍ പ്രതിരോധം പിടിച്ചുകയറ്റി. എന്നാല്‍, രണ്ടാം പകുതിയില്‍ സ്വതസിദ്ധമായ താളം കണ്ടെത്തിയ അര്‍ജന്റീന നിരന്തരം ആക്രമണങ്ങള്‍ സംഘടിപ്പിച്ച് മെക്‌സിക്കന്‍ നിരയെ വിറപ്പിച്ചു. ഈ നീക്കങ്ങള്‍ക്കിടെയാണ് ഗോളുകള്‍ പിറന്നത്. ഇനി നവംബര്‍ 30ന് പോളണ്ടിനെയാണ് അര്‍ജന്റീനക്ക് നേരിടാനുള്ളത്.