National
മദ്യനയ അഴിമതിക്കേസ് ; ഇഡി അറസ്റ്റിനെതിരെ അരവിന്ദ് കെജ്രിവാള്‍ സുപ്രീംകോടതിയിലേക്ക്
മദ്യനയ അഴിമതിക്കേസില്‍ മാര്‍ച്ച് 21നാണ് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.
ന്യൂഡല്‍ഹി | മദ്യനയ അഴിമതികേസിലെ അറസ്റ്റും റിമാന്‍ഡും നിയമപരമാണെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ കെജ്രിവാള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി ഉത്തരവ് തെറ്റായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍.
മദ്യനയ അഴിമതിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ പങ്ക് സംബന്ധിച്ച ഇഡി വാദങ്ങള്‍ ശരിവച്ചാണ് അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയത്. കേസില്‍ തിരിച്ചടിയേറ്റതോടെയാണ് കെജ്രിവാള്‍ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത്. ബുധനാഴ്ച രാവിലെ കെജ്രിവാളിന്റെ അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിനു മുമ്പാകെ വിഷയം ഉന്നയിക്കുകയും അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും.
അതേസമയം സുരക്ഷാ ഭീഷണി ചൂണ്ടികാട്ടി പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്‍, സഞ്ജയ് സിംഗ് എന്നിവര്‍ക്ക് തീഹാര്‍ ജയിലില്‍ കഴിയുന്ന കെജ്രിവാളിനെ സന്ദര്‍ശിക്കാനുള്ള അനുമതി ജയില്‍ അധികൃതര്‍ നിഷേധിച്ചിരുന്നു.
മദ്യനയ അഴിമതിക്കേസില്‍ മാര്‍ച്ച് 21നാണ് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 15 വരെ കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് അറസ്റ്റ് ചോദ്യം ചെയ്തുള്ള അദ്ദേഹത്തിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്