National
മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന്റെ ജുഡിഷ്യല്‍ കസ്റ്റഡി ഇന്ന് അവസാനിക്കും
കെജ്‌രിവാളിനെ ഇന്ന് ഡല്‍ഹിയിലെ റോസ് അവന്യു കോടതിയില്‍ ഹാജരാക്കും
ന്യൂഡല്‍ഹി|മദ്യനയ അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഇന്ന് അവസാനിക്കും. കെജ്‌രിവാളിനെ ഇന്ന് ഡല്‍ഹിയിലെ റോസ് അവന്യു കോടതിയില്‍ ഹാജരാക്കും. കെജ്‌രിവാളിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ഇന്‍സുലിന്‍ ഉള്‍പ്പടെ നല്‍കുന്നില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കും.
പ്രമേഹ രോഗിയായ കെജ്രിവാള്‍ തന്റെ ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വീഡിയോ കണ്‍സള്‍ട്ടേഷന്‍ നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഡല്‍ഹി കോടതി ഇന്നലെ തള്ളിയിരുന്നു. അതേ സമയം കെജരിവാളിന് പതിവായി ഇന്‍സുലിന്‍ കുത്തിവയ്പ്പുകള്‍ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കാന്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒരു മെഡിക്കല്‍ പാനല്‍ രൂപീകരിക്കാന്‍ റോസ് അവന്യൂ കോടതി ഉത്തരവിട്ടു.ഡയബറ്റോളജിസ്റ്റുകളില്‍ നിന്നോ എന്‍ഡോക്രൈനോളജിസ്റ്റുകളില്‍ നിന്നോ വിദഗ്ധ ചികിത്സ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് ശരിയായ വൈദ്യസഹായം ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
പ്രമേഹരോഗികള്‍ക്കുള്ള ഇന്‍സുലിന്‍ പതിവായി വിതരണം ചെയ്യുന്നതില്‍ തിഹാര്‍ ജയില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കെജ്രിവാള്‍ കഴിഞ്ഞ ആഴ്ച കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ ജാമ്യത്തിനായി പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങള്‍ കെജ്രിവാള്‍ കഴിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ പറഞ്ഞിരുന്നു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇ ഡി കഴിഞ്ഞ മാസമാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.
അതേസമയം മദ്യനയ അഴിമതിക്കേസില്‍ ബി.ആര്‍.എസ് നേതാവ് കെ. കവിതയുടെ ജുഡിഷ്യല്‍ കസ്റ്റഡിയും ഇന്ന് അവസാനിക്കും. വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റഡി നീട്ടിനല്‍കാന്‍ സി.ബി.ഐ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.