Connect with us

National

മദ്യനയ അഴിമതി കേസ് ; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 26 മുതല്‍ സിസോദിയ കസ്റ്റഡിയിലാണ്

Published

|

Last Updated

ന്യൂഡല്‍ഹി | മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആയ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടുള്ള സിബിഐ, ഇഡി കേസുകളിലാണ് സിസോദിയ ജാമ്യം തേടിയത്.മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് എട്ടുവരെ ഡല്‍ഹി കോടതി നീട്ടിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 26 മുതല്‍ സിസോദിയ കസ്റ്റഡിയിലാണ്. ചില മദ്യവില്‍പ്പനക്കാര്‍ക്ക് നേട്ടമുണ്ടാക്കാന്‍ മദ്യനയത്തില്‍ മാറ്റം വരുത്തിയെന്നും ഇതിന് പകരമായി പണം കൈപ്പറ്റിയെന്നുമാണ് കേസ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 30ന് സിസോദിയക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു. എന്നാല്‍, വിചാരണ വൈകിയാല്‍ പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കാമെന്ന് ആ സമയത്ത് സുപ്രീം കോടതി പറഞ്ഞിരുന്നു.

കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ബിആര്‍എസ് നേതാവ് കെ കവിതയെയും മെയ് ഏഴുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ലൈസന്‍സ് ഉടമകള്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ അനുവദിച്ചു കൊടുത്തെന്നും അതിന് വേണ്ടി വാങ്ങിയ കൈക്കൂലി പണം ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നും ഇഡി ആരോപിക്കുന്നു.