National
മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാളിന്റെ ജാമ്യഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുക.
ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മദ്യനയ അഴിമതികേസുമായി ബന്ധപ്പെട്ട് സി ബി ഐ രജിസ്റ്റർ ചെയ്ത കേസിലാണ് കെജ്രിവാൾ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ അറസ്റ്റും റിമാന്‍ഡും നിയമ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാണ് അരവിന്ദ് കെജ്‌രിവാള്‍ ഹരജിയില്‍ ആവശ്യപ്പെടുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുക.
അറസ്റ്റും റിമാന്‍ഡും റദ്ദാക്കണമെന്ന ആവശ്യവും ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജികളും ഡല്‍ഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇ ഡി കേസില്‍ നേരത്തെ തന്നെ ജാമ്യം ലഭിച്ച ഡല്‍ഹി മുഖ്യമന്ത്രിക്ക് ഇന്ന് സി ബി ഐ കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ തിഹാര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങാനാകും. ജൂണ്‍ 26 നാണ് ഇ ഡി കസ്റ്റഡിയിലിരിക്കെ കെജ്രിവാളിനെ സി ബി ഐ അറസ്റ്റ് ചെയ്തത്.
മദ്യനയക്കേസില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ സഹപ്രതികളായ മനീഷ് സിസോദിയ, കെ കവിത, വിജയ് നായര്‍ എന്നിവര്‍ക്ക് സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. മാര്‍ച്ച് 21നായിരുന്നു ഇഡി മദ്യനയ അഴിമതിക്കേസില്‍ കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ജൂലൈ 12ന് ഇഡി കേസില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും സിബിഐ കേസിലാണ് അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ തുടരുന്നത്.