Connect with us

National

മദ്യനയ അഴിമതിക്കേസ്; കെജ്രിവാളിന്റെ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും

അഴിമതി പണത്തിന്റെ ഗുണഭോക്താവ് എഎപിയാണെന്നാണ് ഇഡിയുടെ വാദം.

Published

|

Last Updated

ന്യൂഡല്‍ഹി|മദ്യനയ അഴിമതിക്കേസില്‍ ഇഡി അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. അഴിമതി പണത്തിന്റെ ഗുണഭോക്താവ് എഎപിയാണെന്നാണ് ഇഡിയുടെ വാദം. അഴിമതിയുടെ സൂത്രധാരന്‍ കെജ്രിവാളാണെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്‌വി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കെജരിവാളിന്റെ അറസ്റ്റിന് തിരഞ്ഞെടുത്ത സമയം ഭരണഘടനാ വിരുദ്ധമാണ്. 2023 ഒക്ടോബറില്‍ ആദ്യത്തെ സമന്‍സ് അയച്ചതിനാലും മാര്‍ച്ച് 21 ന് അറസ്റ്റ് നടന്നതിനാലുമാണ് ഞാന്‍ ഇത് പറയുന്നത്. ജനാധിപത്യത്തിന്റെ ഭാഗമായ സ്വതന്ത്രവും നീതിയുക്തവുമായ ലോക്സഭാ തിരഞ്ഞെടുപ്പുമായി ഇതിന് ബന്ധമുണ്ട്. കെജ്രിവാളിന്റെ അറസ്റ്റോടെ ജനാധിപത്യ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന് പങ്കെടുക്കാനാകില്ലെന്ന് ഉറപ്പായെന്നും അഭിഷേക് സിംഗ്‌വി വാദിച്ചിരുന്നു.

കെജ്രിവാള്‍ കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ഉള്‍പ്പെട്ടതിന് തെളിവില്ലെന്നും ഇത്തരമൊരു സാഹചര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി ഹവാല ഇടപാട് നടത്തുന്നുണ്ടെന്ന് പറയുന്നത് പരിഹാസ്യവും അര്‍ത്ഥശൂന്യവുമാണെന്നും സിംഗ്‌വി പറഞ്ഞു. ഇതേ കേസില്‍ സഞ്ജയ് സിംഗ് എംപിക്ക് ജാമ്യം നല്‍കിയത് ഏറെ പ്രതീക്ഷയോടെയാണ് എഎപി കാണുന്നത്. സുപ്രീംകോടതിയില്‍ ഇ.ഡി എംപിയുടെ ജാമ്യത്തെ എതിര്‍ത്തിട്ടില്ല. എന്നാല്‍ കെജ്രിവാളിന്റെ ജാമ്യത്തെ ഇഡി ശക്തമായി എതിര്‍ക്കുന്നുണ്ട്. കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഈ മാസം 7ന് ജന്തര്‍ മന്തറില്‍ എഎപി ഉപവാസ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

 

Latest