National
മദ്യനയ അഴിമതിക്കേസ്: സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
അന്വേഷണ സംഘത്തിന് തെളിവ് ലഭിക്കാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് സിസോദിയയുടെ വാദം
ന്യൂഡല്‍ഹി| മദ്യനയ അഴിമതിക്കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത ഡല്‍ഹി മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് മനീഷ് സിസോദിയയുടെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കുന്നത്. സിസോദിയയുടെ കസ്റ്റഡി കാലാവധി ഇന്നാണ് അവസാനിക്കുക.
മദ്യനയ അഴിമതികേസില്‍ പ്രതിരോധത്തിലായ ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ വിശദീകരണ പരിപാടികളും ഇന്ന് നടക്കും. തനിക്കെതിരെ അന്വേഷണ സംഘത്തിന് തെളിവ് ലഭിക്കാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് സിസോദിയയുടെ വാദം. നേരത്തെ സുപ്രീം കോടതിയെ മനീഷ് സിസോദിയ ജാമ്യാപേക്ഷയുമായി സമീപിച്ചിരുന്നെങ്കിലും ഹരജിയില്‍ ഇടപെടാന്‍ കഴിയില്ലെന്നും വിചാരണ കോടതിയെ സമീപിക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
വിചാരണ കോടതി സി.ബി.ഐക്ക് അനുവദിച്ച അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. കസ്റ്റഡി നീട്ടി നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.