National
മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്രിവാള്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല
തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രചരണ പരിപാടികളുമായി മുന്നോട്ടു പോകുന്നത് തടയുക എന്നതാണ് ഈ നോട്ടിസിന്റെ ലക്ഷ്യമെന്നും കെജ്രിവാള്‍

ന്യൂഡല്‍ഹി| ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. ഇഡിയുടെ നോട്ടിസ് നിയവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നും കെജ്രിവാള്‍ അറിയിച്ചു. കെജ്രിവാള്‍ ഇന്ന് ഹാജരാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രചരണ പരിപാടികളുമായി മുന്നോട്ടു പോകുന്നത് തടയുക എന്നതാണ് ഈ നോട്ടിസിന്റെ ലക്ഷ്യമെന്നും കെജ്രിവാള്‍ പറഞ്ഞു.
കെജ്രിവാള്‍ ബനാറസിലേക്ക് തിരിച്ചേക്കുമെന്നാണ് സൂചന. അവിടെ നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മധ്യപ്രദേശിലേക്ക് പോകും. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മധ്യപ്രദേശ് പ്രചരണത്തിന് ഇറങ്ങുമെന്ന് ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം ഇന്ന് മധ്യപ്രദേശിലെ സിങ്ഗ്രൗലിയില്‍ കെജ്രിവാള്‍ റോഡ് ഷോ നടത്തും.
അതേസമയം കെജ്രിവാളിനെതിരായ ഇഡി നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തുവന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള ഗൂഢാലോചനയാണെന്ന് മമത ആരോപിച്ചു. അതിനിടെ, വ്യാഴാഴ്ച രാവിലെ ഡല്‍ഹിയിലെ പത്തോളം ഇടങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തി. എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ രാജ്കുമാര്‍ ആനന്ദിന്റെ വസതിയില്‍ ഉള്‍പ്പെടെയാണ് രാവിലെ 7 മണിമുതല്‍ റെയ്ഡ് നടന്നത്.
കഴിഞ്ഞ ഏപ്രിലില്‍ ഇതേ കേസില്‍ സിബിഐ അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്തിരുന്നു. ഇതേ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കോടതി ജാമ്യം നിഷേധിച്ച് മണിക്കൂറുകള്‍ക്കകമാണ് ഇഡി കെജ്രിവാളിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. 2022 ഓഗസ്റ്റിലാണ് മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡിയും സിബിഐയും കേസ് രജിസ്റ്റര്‍ ചെയ്തത്.