National
മദ്യനയ അഴിമതിക്കേസ്: ജാമ്യം തേടി മനീഷ് സിസോദിയ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു
കഴിഞ്ഞ ദിവസം വിചാരണ കോടതി സിസോദിയയുടെ ജാമ്യ ഹരജി തള്ളിയിരുന്നു.
ന്യൂഡല്‍ഹി|മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം വിചാരണ കോടതി സിസോദിയയുടെ ജാമ്യ ഹരജി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സിസോദിയ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. വിചാരണ നടപടികളിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടിയാണ് സിസോദിയ രണ്ടാം തവണയും ജാമ്യ ഹരജി നല്‍കിയത്. ഹരജിയില്‍ നാളെ വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 26 മുതല്‍ സിസോദിയ കസ്റ്റഡിയിലാണ്. ചില മദ്യ വില്‍പ്പനക്കാര്‍ക്ക് നേട്ടമുണ്ടാക്കാന്‍ മദ്യനയത്തില്‍ മാറ്റം വരുത്തിയെന്നും ഇതിന് പകരമായി പണം കൈപ്പറ്റിയെന്നുമാണ് കേസ്.
അതേസമയം ഇതേ കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയുടെ ജാമ്യ ഹരജിയില്‍ വിധി പറയുന്നത് വിചാരണ കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇന്ന് വിധി പറയുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.