Organisation
സാഹിത്യ മത്സരങ്ങള്‍ ആശയ സംവേദനം സുഗമമാക്കുന്നു: അബ്ദുല്‍ ബാരി നദ്‌വി
കല, എഴുത്ത് എന്നിവ സാമൂഹിക പ്രതിബദ്ധതയുള്ളതാകുമ്പോഴാണ് അതിന് സൗന്ദര്യവും ധാര്‍മികതയും കൈവരുന്നത്.
മദീന | സാഹിത്യമെന്നത് മനുഷ്യന് സംവേദനത്തിനുള്ള എക്കാലത്തെയും സുന്ദര മാര്‍ഗമാണെന്ന് അബ്ദുല്‍ ബാരി നദ്‌വി. ആശയ കൈമാറ്റത്തിനുള്ള മാര്‍ഗങ്ങളെല്ലാം സാഹിത്യഗണത്തില്‍ പെടുന്നതും പ്രഭാഷണം, കഥ, കവിത, വര എന്നിവയെല്ലാം അതിന്റെ വിവിധ മേഖലകളാണ്.
മനുഷ്യ ജീവിതത്തെ ഗ്രസിക്കുന്ന മുഴുവന്‍ കാര്യങ്ങളെയും പ്രതിബന്ധങ്ങളെയും മറികടക്കാനുള്ള മാര്‍ഗങ്ങള്‍, ചതുരം വരച്ച് അതിലൂടെ കടന്നുപോകുന്ന വരകളെ വിശദീകരിച്ച മുത്തുനബിയും, ഈജിപ്തിലെ തെറ്റായ വിശ്വാസങ്ങളെ മാറ്റാന്‍ കത്ത് എഴുതിയ സ്വഹാബിവര്യര്‍ ഉമറും നമുക്ക് സര്‍ഗാത്മക മാതൃകയാണ്.
കല, എഴുത്ത് എന്നിവ സാമൂഹിക പ്രതിബദ്ധതയുള്ളതാകുമ്പോഴാണ് അതിന് സൗന്ദര്യവും ധാര്‍മികതയും കൈവരുന്നത്. പരിസരങ്ങളെ കൂട്ടിയിണക്കി ഉപമകള്‍ ചേര്‍ത്ത് അലങ്കാരമാക്കി നമ്മിലേക്ക് കൂടി ഇറങ്ങിവരുമ്പോഴാണ് അത് ക്രിയാത്മകമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാസ ലോകത്തെ കലാ സാഹിത്യ മത്സരങ്ങളോട് അനുഭാവമുള്ളവരെ കണ്ടെത്തി, പ്രോത്സാഹനം നല്‍കി സമൂഹത്തോട് പ്രതിബദ്ധതയുള്ള യുവതയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തില്‍ മദീനയില്‍ നടക്കുന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) സഊദി വെസ്റ്റ് പതിമൂന്നാമത് പ്രവാസി സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഐ സി എഫ് മദീന പ്രൊവിന്‍സ് ഫിനാന്‍സ് സെക്രട്ടറി മുഹ്‌യിദ്ദീന്‍ കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു.
സഊദി വെസ്റ്റ് പരിധിയിലെ ജിദ്ദ നോര്‍ത്ത്, മക്ക, ജിദ്ദ സിറ്റി, മദീന, തായിഫ്, അസീര്‍, ജിസാന്‍, അല്‍ ബഹ, യാമ്പു, തബൂക്ക് എന്നീ സോണുകളിലെ യൂനിറ്റ്, സെക്ടര്‍, മത്സരങ്ങള്‍ക്ക് ശേഷമാണ് നാഷണല്‍ സാഹിത്യോത്സവ് നടക്കുന്നത്. ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍ ജനറല്‍, കാമ്പസ് എന്നീ വിഭാഗങ്ങളിലായി അഞ്ഞൂറിലധികം പേര്‍ നാഷണല്‍ സാഹിത്യോത്സവില്‍ മത്സരിക്കുന്നു. വിവിധ ഭാഷകളിലുള്ള ഗാനങ്ങള്‍, പ്രസംഗങ്ങള്‍, ഖവാലി, സൂഫി ഗീതം, കാലിഗ്രഫി, മാഗസിന്‍ ഡിസൈന്‍, കവിത, കഥ, പ്രബന്ധം തുടങ്ങി 85 സ്റ്റേജ് & സ്റ്റേജേതിര മത്സരങ്ങള്‍ സാഹിത്യോത്സവിന്റെ ഭാഗമായി സംവിധാനിച്ചിട്ടുണ്ട്.
സ്‌പെല്ലിംഗ് ബീ, ട്രാന്‍സ്ലേഷന്‍, തീം സോംഗ് രചന, ഫീച്ചര്‍ രചന, ഖസീദ, കോറല്‍ റീഡിംഗ് എന്നിവ ഇത്തവണത്തെ സാഹിത്യോത്സവിന് പുതുമ നല്‍കുന്നു.
അബ്ദുറഹ്മാന്‍ മച്ചമ്പാടി, ത്വല്‍ഹത് സഖാഫി, അബ്ദുറഹ്മാന്‍ സഖാഫി ചെമ്പ്രശേരി, നൗഫല്‍ ചിറയില്‍, ലുഖ്മാന്‍ വിളത്തൂര്‍, ടി അലി അക്ബര്‍, മുജീബ് തുവ്വക്കാട്, ത്വല്‍ഹത് കൊളത്തറ, ഖലീലുറഹ്മാന്‍ കൊളപ്പുറം, അഫ്‌സല്‍ സഖാഫി, മന്‍സൂര്‍ ചുണ്ടമ്പറ്റ, നിയാസ് കാക്കൂര്‍ സന്നിഹിതരായിരുന്നു.
നാഷണല്‍ കലാലയം സെക്രട്ടറി സദഖത്തുല്ല സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ നൗഷാദ് താനാളൂര്‍ നന്ദിയും പറഞ്ഞു.