feature
ദേശാന്തരങ്ങള്‍ താണ്ടിയുള്ള സാഹിത്യ സപരി
പ്രവാസികളുടെ നാഗരികാനുഭവങ്ങളും വിരഹ വേദനകളും വിഭിന്ന ജീവിതവുമെല്ലാം ആശയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിക്കുകയും അവ മൂര്‍ച്ചയേറിയ വാക്കുകളായി പുറത്തുവരികയും ചെയ്യുന്നു. ജീവിതത്തിന്റെ പൊള്ളുന്ന അനുഭവങ്ങള്‍ എഴുത്തില്‍ സന്നിവേശിപ്പിച്ച് ആഖ്യാനങ്ങളെ മനോഹരമാക്കാന്‍ അവക്ക് സാധിച്ചു.
മലയാളി പ്രവാസികളുടെ സാഹിത്യ ബോധം വായനയില്‍ മാത്രമൊതുങ്ങാതെ രചനാത്മകമായ മുന്നേറ്റം കൂടിയുണ്ടായതോടെയാണ് പ്രവാസ എഴുത്തുകാരുടെ എണ്ണവും സാഹിത്യ സൃഷ്ടികളും വര്‍ധിച്ചത്. മലയാള സാഹിത്യത്തിന് ഭാവുകത്വപരമായ പരിണാമമുണ്ടാക്കി സംവേദനങ്ങളെ കീഴ്‌മേല്‍ മറിച്ച് ജൈത്രയാത്ര തുടരുകയാണ് പ്രവാസ സാഹിത്യം. കേരളത്തിലിറങ്ങുന്ന പ്രമുഖ പ്രസാധകരുടെയും എഴുത്തുകാരുടെയും പുസ്തകങ്ങളെല്ലാം ചൂടപ്പം പോലെ ഗള്‍ഫ് പ്രവാസികള്‍ക്കിടയിലും വിറ്റുപോകുന്നു.
മിക്ക മലയാള ആനുകാലിക പ്രസിദ്ധീകരണങ്ങളും ദിനപത്രങ്ങളും ഗള്‍ഫ് മേഖലകളില്‍ വേരൂന്നിയത് തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങളിലും പ്രവാസി അക്ഷരങ്ങളെ നെഞ്ചോട് ചേര്‍ത്തതിന്റെ പരിണിതഫലമാണ്. സമ്പൂര്‍ണമായി പ്രവാസി എഴുത്തുകാരുടെ ഈടുറ്റ രചനകളാല്‍ തന്നെ പ്രസിദ്ധീകരിക്കുന്ന ഒട്ടനവധി ആനുകാലികങ്ങള്‍ നിലവില്‍ ഗള്‍ഫ് ലോകത്തുണ്ട്. വിജ്ഞാന കുതുകികളായ പ്രവാസികള്‍ സാഹിത്യ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വേദികളൊരുക്കുന്നതിലും ഏറെ മുന്നിലാണ്.
പ്രവാസികളുടെ നാഗരികാനുഭവങ്ങളും വിരഹ വേദനകളും വിഭിന്ന ജീവിതവുമെല്ലാം ആശയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിക്കുകയും അവ മൂര്‍ച്ചയേറിയ വാക്കുകളായി പുറത്തുവരികയും ചെയ്യുന്നു. ജീവിതത്തിന്റെ പൊള്ളുന്ന അനുഭവങ്ങള്‍ എഴുത്തില്‍ സന്നിവേശിപ്പിച്ച് ആഖ്യാനങ്ങളെ മനോഹരമാക്കാന്‍ അവക്ക് സാധിച്ചു. പ്രവാസത്തെ കുറിച്ച് ഒരഭിമുഖത്തില്‍ പ്രശസ്ത നോവലിസ്റ്റ് സേതു ഇങ്ങനെ പറയുന്നുണ്ട്. “ഇന്ത്യയിലെ ഏറ്റവും വലിയ പാഠശാലയാണ് ബോംബെ. എന്റെ വ്യക്തിത്വ വികസനത്തിൽ ഈ നഗരം വഹിച്ച പങ്ക് വളരെ വലുതാണ്.
മനസ്സ് വലുതാക്കാൻ, അനുഭവങ്ങളുടെ ചക്രവാളങ്ങൾ വലുതാക്കാൻ, ജീവിതത്തിലെ ഒട്ടേറെ സന്ദിഗ്ധ മുഹൂർത്തങ്ങളെ തൊട്ടറിയാൻ മഹാ നഗരങ്ങളിൽ ജീവിക്കാതെ വയ്യ’. നാം ബേപ്പൂർ സുൽത്താൻ എന്ന് വിളിക്കുന്ന വൈക്കം മുഹമ്മദ് ബഷീറും ഒരർഥത്തിൽ പ്രവാസി എഴുത്തുകാരനാണ്. അദ്ദേഹം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും ആഫ്രിക്കയിലും അറബ് നാടുകളിലും ചുറ്റി സഞ്ചരിച്ച വ്യക്തിത്വമാണ്. പൊള്ളുന്ന ജീവിതാനുഭവങ്ങളാണ് അദ്ദേഹത്തിന്റെ കൃതികളുടെ ആധാരശില. മലയാള ലോകം ഒന്നടങ്കം ആസ്വദിച്ച നോവലാണ് ആടുജീവിതം. ഇതിന്റെ രചയിതാവായ ബെന്യാമിൻ ഏറെക്കാലം ഗൾഫ് പ്രവാസം പുൽകിയ വ്യക്തിയാണ്.
പ്രവാസ ജീവിതത്തിൽ നിന്ന് ലഭിച്ച കരളലിയിക്കുന്ന അനുഭവങ്ങളിൽ നിന്നും കാഴ്ചകളിൽ നിന്നുമാണ് ആടുജീവിതം പിറന്നത്. പ്രവാസകാലത്തെ അനുഭവങ്ങളും അവിടുന്ന് വായിച്ച പുസ്തകങ്ങളും കത്തുകളുമൊക്കെ ഉൾക്കൊള്ളിച്ചു തന്റെ സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും അയച്ച കത്തുകളിൽ നിന്നാണ് ബെന്യാമിൻ എഴുതിത്തുടങ്ങുന്നത് തന്നെ. മലയാളി ഏറെ വായിക്കുന്ന മറ്റൊരു എഴുത്തുകാരനാണ് മുസഫർ അഹ്മദ്. പ്രവാസി ജീവിതത്തിന്റെ തീക്ഷ്ണമായ അടരുകൾ അദ്ദേഹം തന്റെ രചനകളിലൂടെ മലയാളിക്ക് സമ്മാനിച്ചു. അദ്ദേഹം 13 വർഷക്കാലം സഊദി അറേബ്യയിൽ പ്രവാസി ജീവിതം നയിച്ചിരുന്നു.
“കുഞ്ഞുങ്ങൾ ശാന്തമായി ഉറങ്ങുന്നു. എനിക്ക് ഉറക്കം വരുന്നില്ല. നമ്മുടെ തൊടിയിലെ ഇലഞ്ഞി മരം ഇക്കുറി നിറയെ പൂത്തിരിക്കുന്നു. നിലാവ് വഴിഞ്ഞൊഴുകിയ ഒരു രാത്രി മൂന്നാം യാമം കഴിയുന്നത് വരെ അതിനു ചുവട്ടിലിരുന്ന് നമ്മൾ ജീവിതത്തെ ഹരിക്കാനും ഗുണിക്കാനും ശ്രമിച്ചു കുഴങ്ങിയത് എന്തോ ഞാൻ പെട്ടെന്ന് ഓർത്തുപോയി. അതുപോലെ ഞാൻ നിങ്ങളുമായി സംസാരിക്കാനിരുന്ന ഈ രാത്രിയിലും തൊടിയിലാകെ നിലാവ് വലിഞ്ഞൊഴുകി കിടക്കുന്നു. ഓർമകൾ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നത് പോലെ തോന്നുന്നു. ചിലപ്പോൾ ഇതൊരു തോന്നലാണെന്ന് തോന്നും. ശരിക്കും എനിക്ക് ഭ്രാന്ത് തന്നെയായിരിക്കും.
എനിക്കുറങ്ങാനാവുന്നില്ല. നിങ്ങളുടെ ചൂടുപറ്റി കിടന്നാലേ എനിക്കുറക്കം വരൂ. തിരിച്ചുവരൂ’ ആത്മകഥാംശമുള്ള പ്രവാസിയുടെ കുറിപ്പുകൾ എന്ന ലേഖന സമാഹാരത്തിൽ ബാബു ഭരദ്വാജ് തന്റെ ഭാര്യ തനിക്കയച്ച കത്തിലെ ചില നെഞ്ച് പിളർത്തുന്ന വരികൾ പകർത്തിയെഴുതിയതാണിത്. ഇണയറ്റ് ജീവിതനൗക തുഴയേണ്ടിവരുന്ന ഓരോ പ്രവാസിയുടെയും ഭാര്യമാരുടെ കരളലിയിപ്പിക്കുന്ന രോദനമാണ് ഇതിലൂടെ ആവിഷ്കരിക്കുന്നത്. എല്ലാ കാലത്തും ആൺ പ്രവാസജീവിതം ചർച്ച ചെയ്യപ്പെടുമ്പോൾ അവഗണിക്കപ്പെടുന്ന മേഖലയാണ് പെൺ പ്രവാസത്തിന്റേത്. ഇതിന് വിപരീതമെന്നോണം ബെന്യാമിന്റെ നിശബ്ദ സഞ്ചാരമെന്ന നോവൽ പെൺ പ്രവാസത്തെ പ്രമേയമാക്കുന്നുണ്ട്.
ആരവങ്ങളൊന്നുമില്ലാതെ പുരുഷന് മുന്നേ ആഗോള സഞ്ചാരം ആരംഭിച്ചവരാണ് മലയാളി നഴ്‌സുമാരും ആയമാരും. ലോകത്തു എല്ലാ ഭാഗത്തും അവരുടെ നിശബ്ദ സാന്നിധ്യമുണ്ടായിട്ടുണ്ട്. അവരുടെ യാത്രകളാണ് നിശബ്ദ സഞ്ചാരത്തിൽ ആവിഷ്കരിക്കുന്നത്. ബെന്യാമിന്റെ തന്നെ പ്രവാസം പ്രമേയമാക്കിയ മറ്റൊരു രചനയാണ് ‘കുടിയേറ്റം’. പ്രവാസത്തിന്റെ ചരിത്രവും വർത്തമാനവും പ്രവാസികൾ കൂടെ കൊണ്ടുപോയ രാഷ്ട്രീയവും ഓരോ പ്രവാസിയുടെയും ഉള്ളിൽ പുകയുന്ന വീടെന്ന സ്വപ്നവും തുടങ്ങി പ്രവാസത്തിന്റെ സൂക്ഷ്മമായ അടരുകൾ ഈ കൃതി മുന്നോട്ടുവെക്കുന്നു.
ശിഹാബുദ്ധീൻ പൊയ്‌ത്തുംകടവിന്റെ “മറുജീവിതം’ പ്രവാസത്തിന്റെ വിവിധങ്ങളായ മേഖലകൾ ചർച്ച ചെയ്യുന്ന വേറിട്ട രചനയാണ്. യൂറോപ്യൻ പ്രവാസത്തെയും ഗൾഫ് പ്രവാസത്തെയും ചർച്ച ചെയ്യുന്നിടത്ത് ഗൾഫ് പ്രവാസിയെ “ചെരുപ്പ് അഴിച്ചുവെക്കാത്ത യാത്രക്കാരൻ’ എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നുണ്ട്. യൂറോപ്പിലേക്ക് കുടിയേറുന്ന പ്രവാസികൾ സ്വന്തം നാടിനെ മറന്നു അവിടെ തന്നെ ശിഷ്ടജീവിതം നയിക്കുമ്പോൾ ഗൾഫ് പ്രവാസികൾ തന്റെ സ്വന്തം നാടിന്റെ നെടും തൂണായി ഗൃഹാതുരത്വമുണർത്തുന്ന ഓർമകളും പേറിയാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്.
ഏത് നിമിഷവും സ്വന്തം നാട്ടിലേക്ക് പോകേണ്ടവനാണെന്ന ചിന്തയാണ് ഗൾഫ് പ്രവാസികൾക്ക്. എം മുകുന്ദൻ, എ ടി ബാലചന്ദ്രൻ, ഡോ. ഖദീജ മുംതാസ്, പി കെ പാറക്കടവ്, എം എ റഹ്മാൻ, ആറ്റക്കോയ പള്ളിക്കണ്ടി, കരുണാകരൻ, സുറാബ്, വി ജെ ജെ ആന്റണി, ചെറിയാൻ കെ ചെറിയാൻ, കെ എം അബ്ബാസ് തുടങ്ങിയവരും പ്രവാസത്തിന്റെ തീക്ഷ്ണമായ അടരുകൾ എഴുത്തിൽ കരുതിവെച്ചവരാണ്.