Articles
സാഹിത്യോത്സവ്; സര്‍ഗശേഷികളുടെ ആത്മപ്രകാശനങ്ങള്‍
ഖാദിസിയ്യ എന്നറിയപ്പെടുന്ന എസ് എസ് എഫിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് സാഹിത്യോത്സവിന്റെ പിറവി.
ഹഫ്ന ഫര്‍വയെ നിങ്ങള്‍ മറന്നുവോ? കോഴിക്കോട് ആതിഥേയത്വം വഹിച്ച സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ നൊമ്പരാനുഭവമായിരുന്നു മലപ്പുറം എ കെ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഈ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിനി. ഹൈസ്‌കൂള്‍ വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ അപ്പീലിലൂടെ അനുമതി ലഭിച്ചെങ്കിലും ഭാരിച്ച വക്കീല്‍ ഫീസ് നല്‍കാനാകാത്തതിനാല്‍ ഏറെ പ്രിയപ്പെട്ട ഇനത്തില്‍ മത്സരിക്കാനാകാതെ ചങ്കുപൊട്ടി ചാലപ്പുറം ഗണപത് ബോയ്സ് സ്‌കൂളിലെ വേദിയില്‍ കാഴ്ചക്കാരിയായി നില്‍ക്കേണ്ടി വന്നു ഹഫ്നക്ക്. വക്കീല്‍ ഫീസും അപ്പീല്‍ ചെലവും ഉള്‍പ്പടെ 40,000 രൂപ വേണ്ടിവരുമെന്നോര്‍ത്തതോടെ പാട്ട് മോഹം ഉപേക്ഷിക്കുകയായിരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്‌കൂള്‍ കലോത്സവത്തിലെ പണക്കൊഴുപ്പിന്റെ, പ്രതിഭയുണ്ടെങ്കിലും മാറ്റിനിര്‍ത്തപ്പെടുന്നതിന്റെയൊക്കെ പ്രതീകമാണ് ഹഫ്ന. ഇവിടെയാണ് മൂന്ന് പതിറ്റാണ്ടായി ഒരുപാട് പ്രതിഭകള്‍ മുളച്ചുപൊങ്ങിയ, കലാസമ്പന്നതയുടെ ആഢ്യത വിളിച്ചോതുന്ന, മൗലികമായ കഴിവിനെ മാത്രം അംഗീകരിക്കുന്ന എസ് എസ് എഫ് സാഹിത്യോത്സവുകള്‍ കേരളത്തിനകത്തും പുറത്തും ശ്രദ്ധേയമാകുന്നത്.
ഖാദിസിയ്യ എന്നറിയപ്പെടുന്ന എസ് എസ് എഫിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് സാഹിത്യോത്സവിന്റെ പിറവി. എസ് എസ് എഫിന്റെ രണ്ടാം സംസ്ഥാന സമ്മേളനം കൂടിയായിരുന്നല്ലോ ഖാദിസിയ്യ. ആദ്യ സമ്മേളന സമയത്ത് താലൂക്ക് തലം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി കലാമത്സര പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. രണ്ടാം സംസ്ഥാന സമ്മേളനത്തിലും അത്തരമൊരു പരിപാടി വേണമെന്ന തീരുമാനത്തിലായിരുന്നു സംഘാടകര്‍. അങ്ങനെയാണ് സാഹിത്യോത്സവ് പിറക്കുന്നത്. 1993 ഒക്ടോബര്‍ 23, 24 തീയതികളില്‍ തളിപ്പറമ്പ് ബദ്‌രിയ്യ നഗറിലെ അല്‍ മഖറുസ്സുന്നയിലായിരുന്നു പ്രഥമ സംസ്ഥാന സാഹിത്യോത്സവിന് അരങ്ങുണര്‍ന്നത്. യൂനിറ്റ് മുതല്‍ സംസ്ഥാനതലം വരെ 33 ഇനങ്ങളിലായി നിരവധി വിദ്യാര്‍ഥികള്‍ പ്രതിഭാത്വം മാറ്റുരച്ചു. മലപ്പുറമായിരുന്നു ജേതാക്കള്‍. കോഴിക്കോടും കാസര്‍കോടും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. സാഹിത്യോത്സവ് എന്ന പേരിലും ചരിത്രമുണ്ട്. തളിപ്പറമ്പിലെ പരിപാടിയുടെ അവസാനഘട്ട ഒരുക്കങ്ങളിലാണ് പേര് സംബന്ധിച്ച ചര്‍ച്ചകള്‍ വരുന്നത്. പലരും പല പേരുകള്‍ നിര്‍ദേശിച്ചു. കൂട്ടത്തില്‍ സാഹിത്യോത്സവ് എന്ന പേര് എല്ലാവര്‍ക്കും സ്വീകാര്യമാകുകയായിരുന്നു. പേര് പോലെ വ്യത്യസ്തമാണ് സാഹിത്യോത്സവ് പ്രസരിപ്പിക്കുന്ന ആശയങ്ങളും.
കേവലം കലാ- സാഹിത്യ മത്സരങ്ങള്‍ക്കപ്പുറം വ്യത്യസ്തവും ശക്തവുമായ വിദ്യാര്‍ഥി സംസ്‌കാരം സാഹിത്യോത്സവുകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. സ്വന്തത്തില്‍ അന്തര്‍ലീനമായ കഴിവുകള്‍ തിരിച്ചറിയുകയെന്നത് വളരെ പ്രധാനമാണ്. പലപ്പോഴും കാലങ്ങള്‍ വൈകിയായിരിക്കും കഴിവുകള്‍ തിരിച്ചറിയപ്പെടുന്നത്. ദുരന്തപൂര്‍ണമായ പര്യവസാനത്തിലേക്ക് വരെ ഇത്തരം തിരച്ചറിയപ്പെടാതിരിക്കലുകള്‍ വഴിവെക്കാറുണ്ട്. ഇഷ്ടപ്പെടാത്ത, വഴങ്ങാത്ത കോഴ്സുകളിലേക്കും കരിയറിലേക്കും പലരും എത്തിപ്പെടുന്നത് തന്നെ സ്വന്തത്തെ അറിയാത്തത് കൊണ്ടോ അറിയാന്‍ വൈകുന്നത് കൊണ്ടോ ആണ്. വേദികളുടെ അപര്യാപ്തതയോ അവിടേക്ക് എത്തിപ്പെടാനാകാത്തതോ അജ്ഞതയോ ആയിരിക്കും സര്‍ഗശേഷി പ്രകാശനത്തിന് വിഘാതമാകുന്നത്. ഈയൊരു ഘടകം മാത്രം പരിഗണിച്ചാല്‍ തന്നെ സാഹിത്യോത്സവുകള്‍ നിര്‍വഹിക്കുന്ന ദൗത്യത്തിന്റെ ആഴം ആലോചിച്ചുനോക്കൂ. ധാര്‍മിക പാന്ഥാവില്‍ ചേര്‍ത്തുനിര്‍ത്താനും അബലരും സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ നിരവധി പേരുടെ ശേഷികള്‍ അംഗീകരിക്കപ്പെടാനും ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് നയിക്കാനും സാഹിത്യോത്സവുകള്‍ കാരണമായിട്ടുണ്ട്. നിരവധി കുടുംബങ്ങളെ പ്രസ്ഥാനവുമായി ചേര്‍ത്തുനിര്‍ത്താനും വിദ്വേഷമോ പകയോ മോശം രീതിയിലുള്ള മത്സരബുദ്ധിയോയില്ലാതെ തലമുറകളെ വാര്‍ത്തെടുക്കാനും കേരളത്തിലെ ഓരോ മുക്കുമൂലകളിലും സാഹിത്യോത്സവുകളിലൂടെ സാധിച്ചു.
തളിപ്പറമ്പില്‍ നിന്ന് തുടങ്ങി പശ്ചിമ ബംഗാള്‍ വരെ എത്തിനില്‍ക്കുകയാണ് ഇന്ത്യയിലെ സാഹിത്യോത്സവ് പ്രയാണം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ പങ്കെടുക്കുന്ന ദേശീയ സാഹിത്യോത്സവുകള്‍ എസ് എസ് എഫിന്റെ കീഴില്‍ വിജയകരമായി നടക്കുന്നു. ഗുജറാത്തിലാണ് പ്രഥമ ദേശീയ സാഹിത്യോത്സവ് അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷം പശ്ചിമ ബംഗാളും വേദിയായി. ജമ്മു കശ്മീരിലെയും പഞ്ചാബിലെയും ഒഡീഷയിലെയും മധ്യപ്രദേശിലെയും ഉത്തര്‍ പ്രദേശിലെയും ബംഗാളിലെയും ഝാര്‍ഖണ്ഡിലെയുമൊക്കെ കുഗ്രാമങ്ങളിലെ വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്ത്, പുത്തനിന്ത്യയില്‍ മാഞ്ഞുകൊണ്ടിരിക്കുന്ന നാനാത്വത്തില്‍ ഏകത്വമെന്ന ആശയത്തെ ദൃഢീകരിക്കുന്നു. വിദേശങ്ങളിലും സാഹിത്യോത്സവുകള്‍ അണമുറിയാത്ത പ്രതിഭാപ്രകാശനത്തിനുള്ള വേദിയാകുന്നു. പ്രവാസി യുവാക്കളുടെയും വിദേശ യൂനിവേഴ്സിറ്റികളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളുടെയും നേതൃത്വത്തിലാണ് അവിടങ്ങളിലെ സാഹിത്യോത്സവുകള്‍.
ദേശ നിര്‍മാണത്തിന് ഉതകുന്ന യുവജനതയുടെ സൃഷ്ടിപ്പാണ് ചുരുക്കത്തില്‍ സാഹിത്യോത്സവുകളുടെ ധര്‍മം. അകംപൊള്ളയായ ആഘോഷങ്ങള്‍ക്കും വാചാടോപങ്ങള്‍ക്കും ഇവിടെ സ്ഥാനമില്ല. പണമോ ആഭിജാത്യമോ സ്വാധീനമോ നെപോട്ടിസമോ ഇല്ലാതെ സര്‍ഗശേഷിയെ മാത്രം ഉരകല്ലായി കണ്ട് വിദ്യാര്‍ഥികള്‍ക്ക് നേരിന്റെ പാതയിലേക്ക് ദിശ ചൂണ്ടുകയാണ് ഓരോ സാഹിത്യോത്സവും. അതുകൊണ്ടാണ് ഓരോ കുടുംബവും സാഹിത്യോത്സവ് വേദിയാകുന്നത്.