Kerala
പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് കര്‍ശനമായി തടയണം; കൊച്ചി കോര്‍പറേഷിന് നിര്‍ദേശം നല്‍കി മന്ത്രി
എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണം. മാലിന്യ സംസ്‌കരണം നടത്താത്തവര്‍ക്കെതിരെ നടപടിയെടുക്കണം. റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം കോര്‍പറേഷന്‍ സെക്രട്ടറി നല്‍കണം.
കൊച്ചി | പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് കര്‍ശനമായി തടയാന്‍ കൊച്ചി കോര്‍പറേഷനും പോലീസിനും നിര്‍ദേശം നല്‍കി തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം ബി രാജേഷ്. ഇതിനായി എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണമെന്ന് മന്ത്രി പറഞ്ഞു. കൊച്ചി കോര്‍പറേഷനിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കൂടുതല്‍ മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഫ്‌ളാറ്റുകള്‍, വിവാഹ മണ്ഡപങ്ങള്‍, ലോഡ്ജുകള്‍, ബേക്കറികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് സഹായത്തോടെ കോര്‍പറേഷന്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകള്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്തണം. മാലിന്യ സംസ്‌കരണം നടത്താത്തവര്‍ക്കെതിരെ നടപടിയെടുക്കണം. നടപടിയെടുത്തതിന്റെ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം കോര്‍പറേഷന്‍ സെക്രട്ടറി നല്‍കുകയും വേണം.
എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. മാലിന്യം തള്ളുന്ന പ്രദേശങ്ങളില്‍ കാമറകള്‍ സ്ഥാപിച്ച്, കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കും.ഹരിത കര്‍മസേനയുമായി സഹകരിക്കാത്തവര്‍ക്ക് ജൂണ്‍ ഒന്നിനകം കോര്‍പറേഷന്‍ നോട്ടീസ് നല്‍കും. യൂസര്‍ ഫീസ് നല്‍കാത്തവരില്‍ നിന്ന് പിഴസഹിതം ഫീസ് ഈടാക്കാനും മന്ത്രി നിര്‍ദേശിച്ചു.