ആത്മീയം
ചെറിയ വലിയ കാര്യങ്ങൾ
അവനവനു പറ്റുന്ന ഏതു നല്ല കാര്യവും മടികൂടാതെ ചെയ്യണം. വലിയ കാര്യങ്ങൾ ചെയ്യുന്നവർക്കേ സ്രഷ്ടാവിന്റെ അടുക്കൽ സ്ഥാനവും മറ്റുള്ളവരുടെ ശ്രദ്ധയും അംഗീകാരവുമൊക്കെ ലഭിക്കുകയുള്ളൂ വെന്നെല്ലാം ധരിക്കുന്നവരുണ്ട്. വലിയ കാര്യങ്ങൾക്കൊപ്പം ചെറിയ കാര്യങ്ങൾക്കു കൂടി നല്ല ശ്രദ്ധ കൊടുക്കണം. കാരണം നിസ്സാരമെന്നു കരുതിയ പല വ്യക്തികളും വസ്തുക്കളും വൻമാറ്റങ്ങൾക്കു വഴിവെച്ചിട്ടുണ്ട്. വലുതായി തോന്നിയ പലതും പൊള്ളയാവുകയും ചെയ്തിട്ടുണ്ട്.

ജീവിത സാഹചര്യങ്ങൾ ഓരോ മനുഷ്യനും വ്യത്യസ്തമാണ്. തന്നേക്കാൾ മുകളിലുള്ളവരുടെ ജീവിത രീതി, സാമ്പത്തിക അഭിവൃദ്ധി, ഭൗതിക നേട്ടങ്ങൾ, സാമൂഹിക പദവികൾ എന്നിവ നോക്കി അതിനെ അനുകരിക്കാനും കവച്ചുവെക്കാനുമാണ് പുതിയകാലത്ത് പലരും വെമ്പൽ കൊള്ളുന്നത്. അത്തരം ചിന്തകൾക്കിടയിൽ സന്തോഷവും സംതൃപ്തിയും നൽകുന്ന പലതിനെയും വിസ്മരിക്കുകയും തിരസ്കരിക്കുകയും ചെയ്യുന്നു. ചെറിയ കാര്യങ്ങളിൽ സംതൃപ്തിയും സന്തോഷവും കണ്ടെത്താൻ കഴിയാത്ത കാലത്തോളം യഥാർഥ ജീവിതാനന്ദം അകന്നുപോവുകയാണ് ചെയ്യുക.
അവനവനു പറ്റുന്ന ഏതു നല്ലകാര്യവും മടികൂടാതെ ചെയ്യണം. വലിയ കാര്യങ്ങൾ ചെയ്യുന്നവർക്കേ സ്രഷ്ടാവിന്റെ അടുക്കൽ സ്ഥാനവും മറ്റുള്ളവരുടെ ശ്രദ്ധയും അംഗീകാരവുമൊക്കെ ലഭിക്കുകയുള്ളൂവെന്നെല്ലാം ധരിക്കുന്നവരുണ്ട്.
വലിയ കാര്യങ്ങൾക്കൊപ്പം ചെറിയ കാര്യങ്ങൾക്കു കൂടി നല്ല ശ്രദ്ധ കൊടുക്കണം. കാരണം നിസ്സാരമെന്നു കരുതിയ പല വ്യക്തികളും വസ്തുക്കളും വൻമാറ്റങ്ങൾക്കു വഴിവെച്ചിട്ടുണ്ട്. വലുതായി തോന്നിയ പലതും പൊള്ളയാവുകയും ചെയ്തിട്ടുണ്ട്. അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന ആപ്തവാക്യമുണ്ട്. കഥയിൽ, അണ്ണാൻ തന്റെ പരിമിതമായ ശക്തികൊണ്ട് വളരെ കുറച്ചുദൂരം മാത്രമാണ് ചിറകെട്ടാൻ സാധിച്ചതെങ്കിലും അതിന്റെ സന്നദ്ധതയും ഉദ്ദേശ്യശുദ്ധിയുമാണ് അതിനെ വ്യതിരിക്തമാക്കിയത്. ഇമാം ഗസ്സാലി(റ) പറയുന്നു: എത്രയെത്ര ചെറിയ കർമങ്ങളാണ് നിയ്യത്ത് നന്നാക്കിയതുമൂലം മൂല്യമുള്ളതായി മാറിയത്! വലിയ വലിയ കർമങ്ങൾ നല്ല നിയ്യത്ത് ഇല്ലാത്തതിനാൽ നിഷ്ഫലമായി തീര്‍ന്നതും! മഹാനവർകൾ മരണശയ്യയില്‍ തന്റെ ശിഷ്യനെ ഉപദേശിച്ചത് കർമങ്ങളിലെല്ലാം നല്ല നിയ്യത്തുണ്ടാക്കണമെന്നാണ്.
നല്ല കാര്യങ്ങളെല്ലാം അർഹിക്കുന്ന പ്രാധാന്യത്തോടെ മുഖവിലക്കെടുക്കണം. അവ വർധിപ്പിക്കാനും ജീവിതത്തിൽ പതിവാക്കാനും നന്നായി ശ്രദ്ധിക്കണം. അല്ലാഹു പറയുന്നു: “അപ്പോള്‍ ആരെങ്കിലും അണുവിന്റെ തൂക്കം നന്മ ചെയ്താൽ (പരലോകത്ത്) അവനത് കാണുകതന്നെ ചെയ്യും’. (സൽസല: 7). അബൂദര്‍റ്(റ) നിവേദനം. നബി(സ) പറഞ്ഞു: “നന്മയില്‍ നിന്നും ഒന്നും നിസ്സാരമാക്കരുത്. അത് മന്ദസ്മിതത്തോടെ നിന്റെ സഹോദരനെ അഭിമുഖീകരിക്കലാണെങ്കിലും ശരി.’ (മുസ്‌ലിം)
അബൂഹുറൈറ(റ) നിവേദനം: നബി(സ്വ) പറഞ്ഞു: റോഡില്‍ കിടക്കുന്ന മരക്കൊമ്പിന്റെ സമീപത്തു കൂടി നടന്നുപോകുന്ന ഒരാൾ ഇങ്ങനെ പറഞ്ഞു: അല്ലാഹുവാണെ, മനുഷ്യർ നടക്കുന്ന പാതയില്‍ നിന്ന് അവർക്ക് ഉപദ്രവം ഉണ്ടാകാതിരിക്കാന്‍ ഇത് ഞാന്‍ എടുത്ത് മാറ്റുന്നു. അങ്ങനെ അയാള്‍ സ്വർഗത്തില്‍ പ്രവേശിക്കുന്നതാണ്. (മുസ്്ലിം). അദിയ്യുബ്നു ഹാതിം(റ) നിവേദനം. നബി (സ) പറഞ്ഞു: “ഒരു കാരക്കയുടെ ചീളു കൊണ്ടെങ്കിലും നരകത്തെ സൂക്ഷിക്കുക; അതിനെയെത്തിച്ചില്ലെങ്കില്‍ നല്ല സംസാരം കൊണ്ടെങ്കിലും.’ (ബുഖാരി, മുസ്‌ലിം). തിരുനബി(സ)പറഞ്ഞു: സ്രഷ്ടാവിന്റെ പ്രീതി പ്രതീക്ഷിച്ചു ചെലവഴിക്കുന്നതിനെല്ലാം പ്രതിഫലം ലഭിക്കും. ഒരാൾ തന്റെ ഭാര്യയുടെ വായിൽ വെച്ചു കൊടുക്കുന്ന ഉരുളയ്ക്ക് പോലും’. (മുസ്്ലിം). ഇമാം ഇബ്നു അബ്ദിൽ ബിർറ്(റ) പറഞ്ഞു: “നന്മയെ നിസ്സാരമായി കാണൽ ബുദ്ധിമാനായ സത്യവിശ്വാസിക്ക് അഭിലഷണീയമല്ല, കാരണം ഒരുപക്ഷേ ആ ചെറിയ പ്രവർത്തനം കൊണ്ടായിരിക്കും അവന്റെ പാപങ്ങൾ പൊറുക്കപ്പെടുന്നത്.’
ആരാധനകൾക്ക് അനേകമിരട്ടി പ്രതിഫലം ലഭിക്കുന്ന പുണ്യ റമസാൻ ആഗതമാവുകയാണ്. നോമ്പ്, ഫർള്-സുന്നത്ത് നിസ്‌കാരങ്ങൾ, ഖുർആൻ പാരായണം, ദാനധർമങ്ങൾ, ഇഅ്തികാഫ്, ഇഫ്താർ തുടങ്ങി അനേകം കർമങ്ങളാൽ റമസാനെ ധന്യമാക്കണം. റമസാനിലെ ഒരു നന്മക്ക് മറ്റു മാസങ്ങളിൽ ഒരു ഫർളിനുള്ള പ്രതിഫലവും ഒരു ഫർളിന് എഴുപത് ഫർളിന്റെ പ്രതിഫലവും ലഭിക്കുമെന്ന് തിരുനബി(സ) പഠിപ്പിച്ചിട്ടുണ്ട്. (തുർമുദി).
ഒരിക്കൽ തിരുനബി(സ) അനുചരരെ ഇങ്ങനെ ഓര്‍മപ്പെടുത്തി: “നോമ്പുതുറപ്പിക്കുന്നവന് നരക മോചനവും സ്വര്‍ഗ പ്രവേശനവും സാധ്യമാവുന്നതാണ്.’ അപ്പോള്‍ അവരിലെ ധരിദ്രർ പരിഭവം പറഞ്ഞു: നബിയേ, ഞങ്ങള്‍ക്ക് ആരെയും നോമ്പ് തുറപ്പിക്കാനുള്ള ശേഷിയില്ലല്ലോ. അപ്പോൾ അവിടുന്ന് പറഞ്ഞു: ‘ഒരിറക്കു പാലോ വെള്ളമോ, അതുമല്ലെങ്കില്‍ ഒരു കാരക്ക നല്‍കിയോ നോമ്പു തുറപ്പിച്ചാലും ഈ പ്രതിഫലം ലഭിക്കും.’ കൂടാതെ നോമ്പുകാരന് വെള്ളം നല്‍കിയവനെ ഹൗളുല്‍ കൗസറില്‍ നിന്ന് അല്ലാഹു കുടിപ്പിക്കുന്നതാണ്.’ പൈശാചിക ദുർബോധനങ്ങളും ദുർവികാരങ്ങളും വലിച്ചെറിഞ്ഞ് തെളിഞ്ഞ മനസ്സോടെ പുണ്യങ്ങളുടെ പൂക്കാലമായ റമസാനിലെ അസുലഭ മുഹൂർത്തങ്ങൾ ഉപയോഗപ്പെടുത്താനും ചെറിയ വലിയ കർമങ്ങളെ കൊണ്ട് റമസാനെ ധന്യമാക്കാനും സർവശക്തൻ അനുഗ്രഹിക്കട്ടെ!