Kozhikode
ലിറ്റില്‍ കൈറ്റ്‌സ് 2023; പുരസ്‌കാരം ഏറ്റുവാങ്ങി മര്‍കസ് സ്‌കൂളുകള്‍
പുരസ്‌കാരം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയില്‍ നിന്ന് ഏറ്റുവാങ്ങി കോഴിക്കോട്, എറണാകുളം ജില്ലയിലെ മര്‍കസ് സ്‌കൂളുകള്‍
കോഴിക്കോട് | ലിറ്റില്‍ കൈറ്റ്‌സ് ക്ലബുകളുടെ പ്രവര്‍ത്തന മികവില്‍ ജില്ലാതലത്തില്‍ ഒന്നാമതെത്തിയതിന്റെ പുരസ്‌കാരം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയില്‍ നിന്ന് ഏറ്റുവാങ്ങി കോഴിക്കോട്, എറണാകുളം ജില്ലയിലെ മര്‍കസ് സ്‌കൂളുകള്‍. കോഴിക്കോട് ജില്ലയില്‍ ആദ്യ സ്ഥാനം നേടിയ കൂമ്പാറ ഫാത്തിമാബി മെമ്മോറിയല്‍ ഹൈസ്‌കൂളും എറണാകുളം ജില്ലയില്‍ ഒന്നാമതെത്തിയ ചേരാനല്ലൂര്‍ അല്‍ ഫാറൂഖിയ്യ ഹൈസ്‌കൂളും അവാര്‍ഡുകള്‍ സ്വീകരിച്ചു. നിയമസഭ ആര്‍ ശങ്കര നാരായണന്‍ തമ്പി ഹാളില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
വിവര സാങ്കേതിക വിദ്യയില്‍ വിദ്യാര്‍ഥികളുടെ താത്പര്യം വികസിപ്പിക്കുന്നതിനും ഉപയോഗം കാര്യക്ഷമമാക്കുന്നതിനും സ്‌കൂള്‍ തലത്തില്‍ രുപീകരിച്ച ക്ലബ്ബാണ് ലിറ്റില്‍ കൈറ്റ്‌സ്. യൂണിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, തനത് പ്രവര്‍ത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍, സ്‌കൂള്‍ വിക്കി അപ്‌ഡേഷന്‍, ക്യാംപുകളിലെ പങ്കാളിത്തം, ഡിജിറ്റല്‍ മാഗസിന്‍, വിക്ടേഴ്‌സ് ചാനല്‍ വ്യാപനം, ന്യൂസ് തയാറാക്കല്‍, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങള്‍, ഹൈടെക് ക്ലാസ്മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുള്‍പ്പെടെയുള്ള സ്‌കൂളിലെ മറ്റ് പ്രവര്‍ത്തനങ്ങളില്‍ യൂണിറ്റിന്റെ ഇടപെടല്‍ എന്നീ മേഖലകളിലെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുന്നത്.
മര്‍കസ് മാനേജ്മെന്റിന് കീഴിലുള്ള കൂമ്പാറ ഫാത്തിമാബി മെമ്മോറിയല്‍ ഹൈസ്‌കൂള്‍ 2018-19 വര്‍ഷത്തില്‍ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ക്കുള്ള സംസ്ഥാനതല പുരസ്‌കാരത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. പുരസ്‌കാര ജേതാക്കളെ മര്‍കസ് മാനേജ്മെന്റ് അഭിനന്ദിച്ചു. സാധാരണക്കാര്‍ പഠിക്കുന്ന, മലയോര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫാത്തിമാബിയും തീരദേശ പ്രദേശത്ത് സ്ഥിതിചെയ്യുന്ന അല്‍ ഫാറൂഖിയ്യയും ആയിരക്കണക്കിന് സ്‌കൂളുകള്‍ക്കിടയില്‍ നേട്ടം കരസ്ഥമാക്കിയത് വലിയ പ്രശംസ അര്‍ഹിക്കുന്നുവെന്നും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പരിശ്രമം വിലമതിക്കാനാവാത്തതാന്നെന്നും മര്‍കസ് സാരഥി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.