Connect with us

Kerala

എസ് എസ് എല്‍ സി പരീക്ഷയിൽ 99.26 ശതമാനം വിജയം; 44,363 ഫുള്‍ എ പ്ലസ്

പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്

Published

|

Last Updated

തിരുവനന്തപുരം | ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷാഫലം റഗുലർ വിഭാഗത്തിൽ 4,26,469 പേർ പരീക്ഷയെഴുതിയതിൽ 4,23,303 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. വിജയശതമാനം 99.26. കഴിഞ്ഞ വർഷം 99.47 ആയിരുന്നു വിജയശതമാനം. ആകെ 44,363 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ+ നേടി, കഴിഞ്ഞവർഷം 1,25,509 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയിരുന്നു. വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യു ജില്ല കണ്ണൂർ (99.76 ശതമാനം). വിജയ ശതമാനം ഏറ്റവും കുറഞ്ഞ റവന്യു ജില്ല വയനാട് (98.07 ശതമാനം). വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാല (99.94 ശതമാനം). വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ (97.98 ശതമാനം). ഏറ്റവും കൂടുതൽ വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്. 3,024 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ+ നേടി.

കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലായി 2,961 സെന്ററുകളിൽ 4,26,469 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 2,07,909 പെൺകുട്ടികളും 2,18,560 ആൺകുട്ടികളുമാണ്. 1,91,382 വിദ്യാർത്ഥികൾ മലയാളം മീഡിയത്തിലും 2,31,506 വിദ്യാർഥികൾ ഇംഗ്ലീഷ് മീഡിയത്തിലും 2,139 വിദ്യാർത്ഥികൾ കന്നട മീഡിയത്തിലും 1,442 വിദ്യാർത്ഥികൾ തമിഴ് മീഡിയത്തിലും പരീക്ഷ എഴുതി.

എസ്.എസ്.എൽ.സി പ്രൈവറ്റ് വിദ്യാർഥികൾ പുതിയ സ്‌കീം പ്രകാരം 275 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 206 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 74.91.
എസ്.എസ്.എൽ.സി പ്രൈവറ്റ് വിദ്യാർഥികൾ പഴയ സ്‌കീം 134 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 95 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 70.9.

ഗൾഫ് മേഖലയിൽ ആകെ ഒമ്പത് വിദ്യാലയങ്ങളിൽ പരീക്ഷ എഴുതിയ 571 വിദ്യാർഥികളിൽ 561 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 98.25. ഇതിൽ നാല് കേന്ദ്രങ്ങൾ 100 ശതമാനം വിജയം നേടിയിട്ടുണ്ട്. 9 ലക്ഷദ്വീപ് സെന്ററുകളിലായി പരീക്ഷാ എഴുതിയ 882 വിദ്യാർഥികളിൽ 785 വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം 89.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം എച്ച്.എസ്.എസിലാണ് 2,104 വിദ്യാർഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്.

ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ സംസ്ഥാന രണ്ടാമത്തെ വിദ്യാലമായ പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിൽ 1,618 വിദ്യാർഥികൾ പരീക്ഷ എഴുതി. ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതിയത് എറണാകുളം രണ്ടാർക്കര എച്ച്.എം.എച്ച്.എസ്.എസ്, വയനാട് ജില്ലയിലെ സെന്റ് റോസല്ലാസ് ഇംഗ്ലീഷ് സ്‌കൂൾ എന്നിവിടങ്ങളിലാണ്. രണ്ടിടങ്ങളിലും ഓരോ വിദ്യാർഥികൾ വീതമാണ് പരീക്ഷ എഴുതിയത്. എസ്എസ്എൽസി പ്രൈവറ്റ് വിഭാഗത്തിൽ 409 പേര് പരീക്ഷ എഴുതി.

ടെക്നിക്കൽ ഹൈസ്‌കൂൾ ലീവിങ് സർട്ടിഫിക്കറ്റ് പരീക്ഷ (ടി.എച്ച്.എസ്.എൽ.സി) എഴുതിയ 48 കേന്ദ്രങ്ങളിലെ 2,927 വിദ്യാർഥികളിൽ 2,912 പേർ ഉപരിപഠനത്തിന് അർഹത നേടി. വിജയശതമാനം 99.49. 112 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ+ ലഭിച്ചു. എസ്.എസ്.എൽ.സി (ഹിയറിങ് ഇൻപയേർഡ്) പരീക്ഷ എഴുതിയ 29 സ്‌കൂളുകളിലെ 254 വിദ്യാർഥികളും ഉപരിപഠനത്തിന് അർഹത നേടി. വിജയശതമാനം 100. ടെക്നിക്കൽ ഹൈസ്‌കൂൾ ലീവിങ് സർട്ടിഫിക്കറ്റ് (ഹിയറിങ് ഇൻപയേർഡ്) വിഭാഗത്തിൽ രണ്ടു സ്‌കൂളുകളിൽ നിന്നായി പരീക്ഷ എഴുതിയ 17 വിദ്യാർഥികളും ഉപരിപഠനത്തിന് അർഹത നേടി. വിജയശതമാനം 100. ആർട്ട് ഹൈസ്‌കൂൾ ലീവിങ് സർട്ടിഫിക്കറ്റ് പരീക്ഷ എഴുതിയ കേരള കലാമണ്ഡലം ആർട്ട് ഹയർസെക്കൻഡറി സ്‌കൂളിലെ 67 വിദ്യാർഥികളിൽ 61 പേർ ഉന്നത വിദ്യാഭ്യാസ യോഗ്യത നേടി. 91.04 ശതമാനം പേർ വിജയിച്ചു.
സംസ്ഥാനത്തെ 3,059 സ്‌കൂളുകളിൽ 2,134 സ്‌കൂളുകളും 100 ശതമാനം വിജയം നേടി. സർക്കാർ മേഖലയിലെ 1,173 സ്‌കൂളുകളിൽ 760 സ്‌കൂളുകളും എയ്ഡഡ് മേഖലയിലെ 1,423 സ്‌കൂളുകളിൽ 942 സ്‌കൂളുകളും അൺഎയ്ഡഡ് മേഖലയിലെ 463 സ്‌കൂളുകളിൽ 432 സ്‌കൂളുകളും 100 ശതമാനം വിജയം നേടി.

കോവിഡ് മൂലം സംസ്ഥാനത്ത് സ്‌കൂളുകളിൽ പൂർണ്ണതോതിൽ നേരിട്ടുള്ള അധ്യയനം നടത്തുവാൻ സാധിച്ചിരുന്നില്ല. എന്നാൽ 2021 ജൂൺ 1 മുതൽ തന്നെ ഓൺലൈൻ ഡിജിറ്റൽ ക്ലാസ്സുകളും 2021 നവംബർ 1 മുതൽ സ്‌കൂളുകളിൽ നേരിട്ടുള്ള അധ്യയനവും ആരംഭിച്ചിരുന്നു. എങ്കിലും പൂർണ്ണതോതിലുള്ള അധ്യയനം സാധിച്ചിരുന്നില്ല എന്ന വസ്തുത പരിഗണിച്ച് ഫോക്കസ് ഏരിയയിൽ നിന്ന് 70 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയ്ക്ക് പുറത്തുനിന്ന് 30 ശതമാനം ചോദ്യങ്ങളും ഉൾപ്പെടുത്തിയാണ് ചോദ്യപേപ്പർ തയാറാക്കിയത്. കോവിഡ് 19 വ്യാപകമായ പശ്ചാത്തലത്തിൽ 2021 ൽ ഒഴിവാക്കിയ ഐ.റ്റി പ്രാക്ടിക്കൽ പരീക്ഷ ഇത്തവണ പുനസ്ഥാപിച്ചു.

31/03/2022 മുതൽ 29/04/2022 വരെ പരീക്ഷകൾ നടത്തുകയും ഉത്തരക്കടലാസ്സുകളുടെ മൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി മേയ് 12 മുതൽ 28 വരെയുള്ള 14 പ്രവർത്തിദിവനങ്ങളിൽ പൂർത്തികരിക്കുകയും ചെയ്തു.

2021-22 അക്കാദമിക വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു പൊതുപരീക്ഷകളിൽ ഗ്രേസ് മാർക്ക് നൽകേണ്ടതില്ല എന്ന സർക്കാർ ഉത്തരവ് പരിഗണിച്ചാണ് ഈ വർഷത്തെ റിസൾട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഉത്തരകടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ ജൂൺ 16 മുതൽ 21 വരെ ഓൺലൈനായി നൽകാം. ഉപരിപഠനത്തിന് അർഹത നേടാത്ത റഗുലർ വിഭാഗം വിദ്യാർഥികൾക്കുള്ള ‘സേ’ (SAY) പരീക്ഷാ വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. ജൂലൈ മാസത്തിൽ നടക്കുന്ന സേ പരീക്ഷയിൽ പരമാവധി മൂന്ന് വിഷയങ്ങളിൽ പരീക്ഷ എഴുതാം.

ഔദ്യോഗിക വെബ്സൈറ്റായ keralaresults.nic.in ല്‍ ഫലമറിയാം. www.results.kite.kerala.gov.in, www.pareekshabhavan.kerala.gov.in, www.sslcexam.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലമറിയാം.

Latest