Connect with us

MUHARAM

മുഹർറത്തിന്റെ പുണ്യവും പ്രാധാന്യവും ഉൾക്കൊണ്ട് ജീവിക്കുക: കാന്തപുരം

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ സമാപന പ്രാർഥന നടത്തി.

Published

|

Last Updated

കുന്ദമംഗലം | ഹിജ്‌റ കലണ്ടറിലെ പ്രഥമ മാസമായ മുഹർറത്തിലെ പുണ്യ ദിനങ്ങളുടെ പ്രാധാന്യവും ചരിത്ര പ്രസക്തിയും ഉൾക്കൊണ്ട് ജീവിക്കാൻ വിശ്വാസികൾ തയ്യാറാവണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉത്ബോധിപ്പിച്ചു. മർകസിലെ മാസാന്ത ആത്മീയവേദിയായ അഹ്ദലിയ്യയോടനുബന്ധിച്ച്‌ സംഘടിപ്പിച്ച മുഹർറം സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുണ്യ ദിനങ്ങളുടെ പവിത്ര കാത്തുസൂക്ഷിക്കുന്നത് വിശ്വാസികളുടെ ജീവിതത്തിന് തെളിമ നൽകുമെന്നദ്ദേഹം പറഞ്ഞു.

മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ പൊതുജനങ്ങളും വിദ്യാർഥികളുമടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. ഖുതുബുസ്സമാൻ സയ്യിദ് അലവി മമ്പുറം തങ്ങളുടെ 184ാം ആണ്ടുനേർച്ചയും കഴിഞ്ഞ ദിവസം നിര്യാതനായ അബ്ദുല്ലത്തീഫ് സഅദി പഴശ്ശിയുടെ അനുസ്മരണവും അഹ്ദലിയ്യയുടെ ഭാഗമായി നടന്നു. ശാഫി സഖാഫി മുണ്ടമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. ആത്മീയ സംഗമത്തിന് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, എ പി മുഹമ്മദ് മുസ്‌ലിയാർ, കെ കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ, വി പി എം ഫൈസി വില്യാപ്പള്ളി, കെ കെ മുഹമ്മദ് മുസ്‌ലിയാർ, മർസൂഖ് സഅദി, ഹാഫിസ് അബൂബക്കർ സഖാഫി, കുഞ്ഞി മുഹമ്മദ്‌ സഖാഫി പറവൂർ, മൂസ സഖാഫി, ഉമറലി സഖാഫി, ലത്തീഫ് സഖാഫി പെരുമുഖം, ബശീർ സഖാഫി,  ഉസ്മാൻ സഖാഫി വേങ്ങര നേതൃത്വം നൽകി.

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ സമാപന പ്രാർഥന നടത്തി. മർകസ് സ്ഥാപനങ്ങളിലെ പൂർവകാല അധ്യാപകരെയും പ്രവർത്തകരെയും സഹകാരികളെയും ചടങ്ങിൽ അനുസ്മരിച്ചു. ഒഡീഷയിലെ കട്ടക്കിൽ നടന്ന ദേശീയ ഖുർആൻ മത്സരത്തിൽ വിജയികളായ മർകസ് ഖുർആൻ അക്കാദമിയിലെ വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും നടന്നു.