Prathivaram
ലൈവ്
സമയം പതിനൊന്ന് കഴിഞ്ഞു. ഇത് പതിവില്ലാത്തതാണ്.
” ചോറ് പാത്രം ഫ്രിഡ്ജിലേക്ക് കയറ്റണോ?’ ഫ്രിഡ്ജല്ല, റഫ്രിജറേറ്റർ, ഓർമ വന്നു.
അടുക്കളയിൽ നിന്ന് രാഖി വീണ്ടും വിളിച്ചു ചോദിച്ചു, “ചോറ് പാത്രം ഫ്രിഡ്ജിൽ കയറ്റണോന്ന്?’ ഫ്രിഡ്ജല്ല, റഫ്രിജറേറ്റർ, ഒന്നുകൂടെ തിരുത്തി.
സവിത അവിടെയുള്ള കസേരയിലിരുന്ന് ഉറങ്ങുകയാണ്, പിന്നെ എങ്ങനെ രാഖിയെ കേൾക്കാനാണ്!.
രാഖി ഫോണെടുത്തു നോക്കി, ഒരുപാട് മെസ്സേജുകളുണ്ട്. പലർക്കും ഒരേ ചോദ്യങ്ങളാണ്.
അവൾ ബാൽക്കണിയിൽ ചെന്ന് പുറത്തേക്ക് നോക്കി. മേഘം മൂടിക്കിടക്കുന്നു. അതിന്റെ ഉള്ളിൽ നിന്ന് ചന്ദ്രന്റെ വെളിച്ചം അൽപ്പം പരക്കുന്നുണ്ട്. അടുത്ത് കാണാവുന്ന റൂമുകളിലൊക്കെ വെളിച്ചം അണഞ്ഞു.
ഏട്ടൻ ഇതെവിടെ?
സ്റ്റോറി വെക്കാം,
“എല്ലാവർക്കും സുഖമല്ലേ, ഇന്ന്…
അതിനിടയിലാണ് ഫോൺ അലറാം അടിക്കുന്നത്. ആ ശബ്ദം നാടാകെ പറന്നു കാണും. സവിത കസേരയിൽ നിന്ന് എണീറ്റ് സാരിത്തലപ്പുകൊണ്ട് മുഖം തുടച്ചുവന്നു.
“അമ്മേ ഫോൺ അടിച്ചിട്ട് കിട്ടുന്നില്ല, കിടന്നാലോ?’ രാഖിക്ക് ഉറക്കം വരുന്നുണ്ട്.
“വന്നില്ലേ… ഞാൻ ആ ശബ്ദം കേട്ടപ്പോൾ വന്നെന്ന് കരുതി’.
“അത് അലറാം വെച്ചതാണ്. അജുമോൻ ഇന്ന് ഉണ്ടാകണം എന്ന് പലരും പറഞ്ഞിരുന്നു, ഓനതിന്റെ ആവേശിലായിരുന്നു. സമയം ഇത്ര കഴിഞ്ഞില്ലേ, ഉറക്കം വന്നപ്പോ അലറാം വെച്ചതാകും.’
“പക്ഷേ നല്ല ഉറക്കിലാണ്, അറിഞ്ഞിട്ടില്ല’ സവിത പറഞ്ഞു.
“സമയം തെറ്റിയില്ലേ’ രാഖി പതിയെ പറഞ്ഞു.
“മ്മ്’ സവിത മൂളുക മാത്രം ചെയ്തു.
“ഇവനെവിടെ? എല്ലാവരും മടുത്തു പോവോടീ’
സവിത സംശയം നിറഞ്ഞ പോലെ ചോദിച്ചു. പക്ഷേ, രാഖി ഉത്തരമൊന്നും പറഞ്ഞില്ല. ചാരി വെച്ചിരുന്ന വാതിൽക്കെലൂടെ നോക്കുമ്പോൾ നിലാവ് കുറഞ്ഞിരിക്കുന്നു. ഒരു തെരുവ് പട്ടിയുടെ ഓളിയിടൽ മാത്രം കേൾക്കുന്നു.
“അമ്മ കിടന്നോ, വരുമ്പോൾ വരട്ടെ!’ രാഖി വാതിൽ അടച്ചു.
അജുവിനെ ഒന്ന് ചെറുതായി നീക്കി കിടത്തി അവളും കിടന്നു. തലയ്ക്കു ചാരത്തെ സ്വിച്ച് ഓഫ് ചെയ്തപ്പോൾ എൻട്രൻസ് ഹാളിലെ സീറോ ബൾബിന്റെ വെളിച്ചം മാത്രമായി.
“എല്ലാവരും ഇട്ടേച്ചു പോകുമോ?’ അവളുടെ ഉള്ളിലും നേരത്തെ അമ്മ ചോദിച്ച ചോദ്യമുണ്ട്.
അവൾ ഫോണെടുത്ത് പരതി നോക്കി, ഇല്ല ഇതുവരെ ആരും പോയിട്ടില്ല. പക്ഷേ ഒരുപാട് മെസ്സേജുകളുണ്ട്. അവൾ എല്ലാവർക്കും ഒരു മറുപടിയായി വീണ്ടും ടൈപ്പ് ചെയ്തു തുടങ്ങി.
“എല്ലാവർക്കും സുഖമല്ലേ,
സോറി, ഇന്ന് സുനി എത്താൻ അൽപ്പം വൈകി, അതുകൊണ്ടാണ്…..
ആരോ കോളിംഗ് ബെൽ അടിക്കുന്നു. വാതിൽ ലെൻസിലൂടെ അവൾ എത്തിനോക്കി.
“സുനീ, എന്തായിത്?’
ഒരു പട്ടി മുന്നിൽ ചാടി, വലത്തെ കൈയിന് ചെറിയ പൊട്ടലുണ്ട്. ഇടത്തെ കൈയിൽ തൊലി ഉരിഞ്ഞതാണ്. മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല. ഹോസ്പിറ്റലിൽ പോയതാണ്.
അവനെല്ലാം പെെട്ടന്ന് പറഞ്ഞു തീർത്തു, എന്തോ ധൃതിയുള്ള പോലെ.
ശബ്ദം കേട്ട് സവിതയും എണീറ്റുവന്നു.
“കഷ്ടം! മോൻ അവിടെ ഇരിക്ക്. കുറച്ചു വെള്ളം കൊണ്ടുതരാം’ സവിത അടുക്കളയിൽ വെള്ളമെടുക്കാൻ പോയി.
“അമ്മേ വേഗം കൊണ്ടുവരൂ. ലൈവ് പോകണം. മുഖമൊക്കെ കഴുകി വരൂ…’
“അത് ശരിയാ.. ഇന്ന് സമയം തെറ്റിയതിന്റെ കാരണം പറയണമല്ലോ.’ സവിത അതും പറഞ്ഞു വന്നു.
“വെള്ളം?’
“എടി രാഖി, ആ വെള്ളമെടുത്തുവാ. ഞാനതവിടെ വെച്ചു’. സവിത ഒരു ചിരി ചിരിച്ചു.
പതിവിലിരിക്കുന്നിടത്ത് ക്യാമറ കണ്ണുകൾ തുറന്നു പിടിച്ച് അവർ മൂന്നു പേരും ഇരുന്നു. കൈയിലെ കെട്ടുകൾ പരമാവധി കാണുന്ന രൂപത്തിൽ സുനിയെ നടുവിൽ ഇരുത്തി.
രാത്രി പന്ത്രണ്ട് കഴിഞ്ഞിട്ടും കുറെ പേർ വന്നു.
സുനിയെ കാത്തിരുന്നതും അജു അലറാം വെച്ചതും എല്ലാം അവർ കഥ പറഞ്ഞു.
തെരുവിലുള്ള നാടൻ പട്ടികളെ കുറിച്ച് പലരും അഭിപ്രായങ്ങൾ കമന്റ് ചെയ്യുന്നുണ്ട്.
“എന്താ സുനി നീറുന്നുണ്ടോ.’
“ഏയ് ഇല്ല, നിങ്ങളൊക്കെ കൂടെയുള്ളപ്പോൾ എനിക്ക് നീറുന്നൊന്നുമില്ല’ സുനി ഒരു ആവേശത്തിൽ പറഞ്ഞു ചിരിച്ചു.
“അമ്മച്ചി എന്താ ഇന്ന് ഒന്നും മിണ്ടാത്തത്’
സവിത തലവേദനയെ ശപിച്ചു. ഉറക്കം നഷ്ടപ്പെട്ടാൽ സവിതക്ക് നല്ല തലവേദനയാണ്. പലപ്പോഴും സുനിയുടെ ലൈവിൽ വരാൻ അത് ബുദ്ധിമുട്ടാവാറുണ്ട്. എന്നാലും സുനിയുടെ നിർബന്ധത്തിന് വഴങ്ങി സവിത ചമഞ്ഞിരിക്കും. ആരോടും ഒന്നും പറയില്ല. ലൈവിലുള്ളവരെ കാണിച്ചുകൊണ്ട് സവിത ഒരു ചിരിവെച്ചു കൊടുത്തു, എന്നിട്ട് പറഞ്ഞു, “അത് ന്റെ സുനിയുടെ അവസ്ഥ കണ്ടപ്പോ എന്റെ മനസ്സൊന്ന് നൊന്തു’
ലൈവിൽ ഉണ്ടായിരുന്നവർ അത് കേട്ട് ഒരുപാട് റോസാപ്പൂക്കളും ഹൃദയങ്ങളും സ്നേഹങ്ങളും കമന്റയച്ചു. “സന്തുഷ്ടകുടുംബം’ ഒരാൾ അങ്ങനെയുമെഴുതി.