ENGLISH PREMIER LEAGUE
ലിവർപൂളിന് മിന്നും ജയം; സിറ്റി മുന്നോട്ട്, യുനൈറ്റഡ് വീണു
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് ലിവർപൂൾ. ബേൺലിയെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി വിജയവഴിയിൽ തിരിച്ചെത്തി. ലെസ്റ്റർ സിറ്റിക്കെതിരെ 4-2ന്റെ പരാജയം ഏറ്റുവാങ്ങി മാഞ്ചസ്റ്റർ യുനൈറ്റഡ് നിരാശപ്പെടുത്തി.
ലണ്ടൻ | ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് ലിവർപൂൾ. സ്വന്തം തട്ടകത്തിൽ വാറ്റ്‌ഫോഡിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ലിവർപൂൾ. മത്സരത്തിലുടനീളം മുന്നേറ്റങ്ങളുമായി വാറ്റ്‌ഫോഡ് നിരയെ ഭയപ്പെടുത്തിയ സലാഹിനൊപ്പം ബ്രസീലിയൻ താരം റോബർട്ടോ ഫിർമിനേയുടെ ഹാട്രിക് ഗോളുകളും വിജയത്തിന് മാറ്റ് കൂട്ടി. സാദിയോ മാനെയും മുഹമ്മദ് സലാഹുമാണ് മറ്റ് രണ്ട് ഗോളുകൾ നേടിയത്.
54-ാം മിനുട്ടിൽ വാറ്റ്‌ഫോഡ് പ്രതിരോധ താരങ്ങളെയൊന്നാകെ കബളിപ്പിച്ച് സലാഹ് നേടിയ ഗോൾ മത്സരത്തിലെ മികച്ച ഗോളായി.
അതേസമയം ഇത്തിഹാദ് സ്റ്റേഡിയത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബേൺലിയെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി വിജയവഴിയിൽ തിരിച്ചെത്തി. 12-ാം മിനുട്ടിൽ ബെർണാഡോ സിൽവയാണ് സിറ്റിക്ക് ലീഡ് നൽകിയത്.
70-ാം മിനുട്ടിൽ കെവിൻ ഡി ബ്രുയിനാണ് രണ്ടാം ഗോൾ നേടിയത്.
ലെസ്റ്റർ സിറ്റിക്കെതിരെ 4-2ന്റെ പരാജയം ഏറ്റുവാങ്ങി മാഞ്ചസ്റ്റർ യുനൈറ്റഡ് നിരാശപ്പെടുത്തി. മത്സരത്തിൽ മാസൻ ഗ്രീൻവുഡിലൂടെ ആദ്യം ലീഡെടുത്തിട്ടും പന്ത് കൂടുതൽ സമയം കൈവവശം വെച്ചിട്ടും യുനൈറ്റഡിന് ജയിക്കാനായില്ല. മാർകസ് റാഷ്‌ഫോഡാണ് യുനൈറ്റഡിനായി സ്‌കോർ ചെയ്ത മറ്റൊരു താരം.