siraj editorial
ചുവപ്പുനാടയിൽ കുരുങ്ങി പിന്നെയും ജീവിതങ്ങൾ
വില്ലേജ് ഓഫീസ് മുതൽ മേലോട്ട് റവന്യൂ വകുപ്പിൽ ഇപ്പോഴും ചുവപ്പുനാടക്ക് മാറ്റമില്ല. ഒരു മാല്യങ്കര സജീവൻ മാത്രമല്ല, ആയിരക്കണക്കിന് പേർക്കാണ് ചെറിയ ചെറിയ ആവശ്യങ്ങൾക്ക് വേണ്ടി ഇപ്പോഴും സർക്കാർ ഓഫീസുകൾ നിരന്തരം കയറിയിറങ്ങേണ്ടി വരുന്നത്.
ഓരോ ഫയലിലും പാവപ്പെട്ടവരിൽ പാവപ്പെട്ടവരുടെ ജീവിതമുണ്ട്. ആ ഫയലിൽ നിങ്ങളെഴുതുന്ന കുറിപ്പാകും ഒരുപക്ഷേ അവരിൽ ചിലരെങ്കിലും തുടർന്നു ജീവിക്കണോ മരിക്കണോ എന്നു തീരുമാനിക്കുന്നത്- 2016 ജൂണിൽ ഇടതുസർക്കാർ അധികാരമേറ്റയുടനെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥരോടായി നടത്തിയ ഉപദേശമാണിത്. ആ വാക്കുകൾ എത്രത്തോളം സാർഥകമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് പറവൂർ മാല്യങ്കര കോയിക്കൽ സജീവന്റെ മരണം. സർക്കാർ ഓഫീസുകളിലെ ചുവപ്പുനാടയാണ് സജീവന്റെ മരണത്തിനു ഹേതുകമെന്നാണ് വീട്ടുകാർ പറയുന്നത്. സംസ്ഥാന സർക്കാറാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് കുറിച്ചിട്ട സജീവന്റെ ആത്മഹത്യാ കുറിപ്പ് ഇതിനെ സാധൂകരിക്കുകയും ചെയ്യുന്നു.
സജീവൻ മാല്യങ്കരയിൽ താമസമാക്കിയിട്ട് വർഷങ്ങളായി. ചിട്ടിക്കമ്പനിയിൽ നിന്ന് പണമെടുത്താണ് അദ്ദേഹം വീടുവെച്ചത്. പ്രളയവും കൊവിഡും മൂലം വായ്പാ അടവ് മുടങ്ങി. കടത്തുക പെരുകിയപ്പൾ വായ്പ ബേങ്കിലേക്ക് മാറ്റാൻ തീരുമാനിച്ചു. ബേങ്കിൽ നിന്ന് തുക ലഭിക്കുമ്പോൾ തിരിച്ചുകൊടുക്കാമെന്ന പ്രതീക്ഷയിൽ പലരിൽ നിന്നും പണം വാങ്ങി ചിട്ടി സ്ഥാപനത്തിൽ അടച്ച് ആധാരം തിരികെ വാങ്ങി. ബേങ്കിൽ ബന്ധപ്പെട്ടപ്പോഴാണ് നാല് സെന്റ് “നില’മായാണ് രേഖകളിൽ ഉള്ളതെന്നും അത് പുരയിടമാക്കിയാലേ വായ്പ കിട്ടുകയുള്ളൂവെന്നുമറിയുന്നത്. തുടർന്ന് ഭൂമി തരംമാറ്റാനുള്ള അപേക്ഷയുമായി മൂത്തകുന്നം വില്ലേജ് ഓഫീസ്, പറവൂർ താലൂക്ക് ഓഫീസ്, ഫോർട്ട്കൊച്ചി ആർ ഡി ഒ ഓഫീസ് എന്നിവ കയറിയിറങ്ങി. അതിനിടെ തരംമാറ്റണമെങ്കിൽ നിശ്ചിത ഫീസ് അടക്കണമെന്ന് ആർ ഡി ഒ ഓഫീസിൽ നിന്ന് നിർദേശംവന്നു. എന്നാൽ, 2021 ഫെബ്രുവരിയിൽ സർക്കാർ ഉത്തരവിൽ മാറ്റംവരികയും 2017 വരെയുള്ള റവന്യൂരേഖകളിൽ നിലമായി കിടക്കുന്നതും ഡാറ്റാബേങ്കിൽ ഉൾപ്പെടാത്തതുമായ 25സെന്റിൽ കൂടുതൽ ഇല്ലാത്ത സ്ഥലം തരംമാറ്റുന്നതിന് ഫീസ് ഒഴിവാക്കുകയും ചെയ്തു. അതോടെ ആ വിഭാഗത്തിൽപെടുത്താൻ വീണ്ടും അപേക്ഷ നൽകണമെന്നായി ഉദ്യോഗസ്ഥർ. അതും നൽകി ജോലി മുടക്കി വീണ്ടും ഓഫീസുകൾ പലകുറി കയറിയെങ്കിലും തരംമാറ്റം നടന്നില്ല. ഇതേത്തുടർന്നുണ്ടായ കടുത്ത നിരാശയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പറയപ്പെടുന്നത്. അതേസമയം, സജീവൻ ഭൂമി തരംമാറ്റത്തിനായി സമർപ്പിച്ച അപേക്ഷയിൽ ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കാലതാമസമുണ്ടായിട്ടില്ലെന്നുമാണ് ഫോർട്ട്കൊച്ചി സബ്കലക്ടറുടെ വിശദീകരണം. സജീവന്റെ വീട്ടുകാരുടെ പരാതി കണക്കിലെടുത്ത് ഇതുസംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണ് റവന്യൂമന്ത്രി കെ രാജൻ. റവന്യൂ ജോയിന്റ്കമ്മീഷണർക്കാണ് അന്വേഷണച്ചുമതല.
കഴിഞ്ഞ സെപ്തംബർ മുതൽ റവന്യൂ വകുപ്പിൽ ഓൺലൈൻ സേവനം നടപ്പാക്കിയിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. അപേക്ഷകൾ സമർപ്പിക്കാൻ പ്രത്യേക വെബ്സൈറ്റും സജ്ജീകരിച്ചിട്ടുണ്ട്. സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് പരമാവധി വീട്ടുപടിക്കലെത്തിച്ച് നൽകുകയാണ് ലക്ഷ്യമെന്ന് റവന്യൂ വകുപ്പിന്റെ പുതിയ ഡിജിറ്റൽ സേവനങ്ങൾ ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിക്കുകയും ചെയ്തിരുന്നു. എങ്കിലും വില്ലേജ് ഓഫീസ് മുതൽ മേലോട്ട് റവന്യൂ വകുപ്പിൽ ഇപ്പോഴും ചുവപ്പുനാടക്ക് മാറ്റമില്ല. ഒരു മാല്യങ്കര സജീവൻ മാത്രമല്ല, ആയിരക്കണക്കിന് പേരാണ് ചെറിയ ചെറിയ ആവശ്യങ്ങൾക്ക് വേണ്ടി ഇപ്പോഴും സർക്കാർ ഓഫീസുകൾ നിരന്തരം കയറിയിറങ്ങേണ്ടി വരുന്നത്. റവന്യൂ വകുപ്പിലെ ചുവപ്പുനാടയും ഉദ്യോഗസ്ഥർക്കിടയിലെ അധികാര വടംവലിയും മൂലം കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലിമേട്, മണികണ്ഠൻചോല, മാമലക്കണ്ടം, ഉരുളൻതണ്ണി, വടാട്ടുപാറ പ്രദേശങ്ങളിലെ അയ്യായിരത്തിൽപ്പരം കുടുംബങ്ങൾ പതിറ്റാണ്ടുകളായി സ്വന്തം മണ്ണിൽ കൈവശരേഖ പോലുമില്ലാതെ കുടികിടപ്പുകാരായി ജീവിക്കേണ്ടി വരുന്ന ദുരവസ്ഥയെക്കുറിച്ച് മാധ്യമങ്ങളിൽ റിപോർട്ട് വന്നത് മൂന്ന് മാസം മുമ്പാണ്. അതേസമയം, സാധാരണക്കാരന് മുമ്പിൽ മാത്രമേ പരിസ്ഥിതി, നീർത്തട നിയമങ്ങൾ പോലുള്ള തടസ്സങ്ങൾ ഉയർന്നുവരാറുള്ളൂ. വമ്പന്മാർക്കും കോർപറേറ്റുകൾക്കും മുമ്പിൽ ഇത്തരം നിയമങ്ങളെല്ലാം കാറ്റിൽ പറക്കും.
സർക്കാറിന്റെയും ഉദ്യോഗസ്ഥരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ് സജീവന്റെ മരണം. ഏതാനും വർഷങ്ങളായി കടുത്ത പ്രതിസന്ധയിലും ദുരിതത്തിലുമാണ് മത്സ്യമേഖലയിലെ ജീവനക്കാർ പൊതുവെ. കാലങ്ങളായി കടം പേറി ജീവിക്കുന്നവരാണ് അവരിൽ നല്ലൊരു വിഭാഗവും. കടം വാങ്ങിയാണ് വള്ളവും ബോട്ടും ഒരുക്കുന്നത്. പണിക്ക് പോയി കാശ് കിട്ടുമ്പോൾ തിരിച്ചടക്കും. എന്നാൽ, തുടർച്ചയായ പ്രകൃതിക്ഷോഭങ്ങളും മഹാമാരിയും കാരണം മുമ്പത്തെ പോലെ കടലിലിറങ്ങാൻ സാധിക്കുന്നില്ല. തീരശോഷണവും കടലാക്രമണവും കാരണം കടം വീട്ടാനോ, നിത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകാനോ സാധിക്കാതെ പ്രയാസപ്പെടുകയാണ് തീരനിവാസികൾ. കൊവിഡ് കാലത്ത് മത്സ്യബന്ധനം നിരോധിച്ചപ്പോൾ ജീവിതം വഴിമുട്ടിയെങ്കിലും പിന്നീട് പ്രതീക്ഷയുണർത്തുന്ന വിധം തൊഴിൽ സാഹചര്യം മാറിയിരുന്നു. അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റങ്ങൾ പിന്നെയും അന്തരീക്ഷം പ്രതികൂലമാക്കി. അതിനിടെയാണ് വിവിധ ആവശ്യങ്ങളുമായി വരുന്ന മത്സത്തൊഴിലാളികളോടും സാധാരണക്കാരോടുമുളള ചില ഉദ്യോഗസ്ഥരുടെ മനുഷ്യത്വപരമല്ലാത്ത സമീപനം. പ്രതീക്ഷയോടെ തങ്ങളെ സമീപിക്കുന്ന ഒരു സാധാരക്കാരനെ എങ്ങനെയെല്ലാം സഹായിക്കാമെന്നതായിരിക്കണം ഫയൽ നോക്കുമ്പോൾ ഉദ്യോഗസ്ഥർ ചിന്തിക്കേണ്ടതെങ്കിലും, എത്രത്തോളം സാമ്പത്തികമായി ചൂഷണം ചെയ്യാമെന്നാണ് ചിലർ ചിന്തിക്കുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും സർക്കാർ സർവീസിൽ നിന്ന് തുടച്ചുനീക്കുമെന്ന് ബന്ധപ്പെട്ടവർ അടിക്കടി പ്രസ്താവിക്കാറുണ്ട്. എന്നാൽ, അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിലക്കുനിർത്തുന്നതിൽ സർക്കാർ പരാജയപ്പെടുകയാണ്.