Connect with us

editorial

ലിവിംഗ് ടുഗതര്‍ ബന്ധങ്ങള്‍ക്ക് താഴിടണം

ലിവിംഗ് ടുഗതര്‍ ബന്ധങ്ങള്‍ സമൂഹത്തിലും വ്യക്തികളിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ജുഡീഷ്യറിക്ക് തന്നെ ഇപ്പോള്‍ ബോധ്യപ്പെട്ട സ്ഥിതിക്ക് അതിന് പൂട്ടിടാന്‍ പരമോന്നത കോടതി മുന്‍കൈയെടുക്കേണ്ടിയിരിക്കുന്നു.

Published

|

Last Updated

പൊതുവെ, ലിവിംഗ് ടുഗതര്‍ ബന്ധങ്ങള്‍ സ്ത്രീകളുടെ ദുരന്തത്തിലാണ് പര്യവസാനിക്കാറുള്ളത്. തിരുവനന്തപുരം കണിയാപുരത്തെ ഷാനു എന്ന യുവതിയും മധ്യപ്രദേശ് ഉജ്ജയിന്‍ സ്വദേശി പിങ്കി എന്ന യുവതിയും സമൂഹത്തെ ഓര്‍മപ്പെടുത്തുന്നതും അതാണ്. നിയമപ്രകാരമുള്ള ആദ്യ വിവാഹത്തിലെ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ഷാനു അടുത്തിടെ ഹോട്ടല്‍ ജീവനക്കാരനും തമിഴ്‌നാട് സ്വദേശിയുമായ രങ്കനുമായി അടുപ്പമാകുകയും ഒന്നിച്ചു താമസിച്ചു വരികയുമായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ സ്‌കൂളില്‍ പോയ ഷാനുവിന്റെ മക്കള്‍ വൈകുന്നേരം തിരിച്ചെത്തിയപ്പോള്‍, വീട്ടിനുള്ളില്‍ മരിച്ച നിലയിലാണ് ഷാനുവിനെ കണ്ടത്. അന്ന് മുതല്‍ രങ്കന്‍ അപ്രത്യക്ഷനുമായി. ഷാനുവിനെ കൊന്ന് രങ്കന്‍ മുങ്ങുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

അഞ്ച് വര്‍ഷം മുമ്പാണ് പിങ്കി എന്ന മധ്യപ്രദേശുകാരി സഞ്ജയ് പതിദാറുമായി പ്രണയത്തിലാകുന്നതും ഒന്നിച്ചു താമസിക്കുന്നതും. വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്ന പിങ്കിയെ ഒരാഴ്ച മുമ്പ് കണ്ടെത്തിയത് കൊല്ലപ്പെട്ട് ഫ്രിഡ്ജില്‍ സൂക്ഷിക്കപ്പെട്ട നിലയിലാണ്. പിങ്കി വിവാഹത്തിന് നിര്‍ബന്ധിച്ചതു മൂലം എട്ട് മാസം മുമ്പാണ് അവളെ കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നാണ് പോലീസ് പിടിയിലായ സഞ്ജയ് പതിദാര്‍ വെളിപ്പെടുത്തിയത്.

രാജ്യത്ത് ലിവിംഗ് ടുഗതര്‍ ബന്ധങ്ങള്‍ വര്‍ധിച്ചു വരികയാണ്. അതോടൊപ്പം പങ്കാളികള്‍ക്കിടയിലുള്ള സ്വരച്ചേര്‍ച്ചക്കുറവും ഭിന്നതയും അതിക്രമങ്ങളും വര്‍ധിക്കുന്നു. ലിവിംഗ് ടുഗതറുമായി ബന്ധപ്പെട്ട കേസുകള്‍ കോടതികളില്‍ കുമിഞ്ഞു കൂടുന്നതായി നിയമജ്ഞര്‍ വെളിപ്പെടുത്തുകയുണ്ടായി. ഇത്തരം ബന്ധങ്ങള്‍ക്ക് പച്ചക്കൊടി കാട്ടിയ ജുഡീഷ്യറി തന്നെ അതിന് നിയന്ത്രണം വരുത്താന്‍ എന്ത് മാര്‍ഗം എന്ന ആലോചനയിലാണിപ്പോള്‍. വിവാഹം ഒരു വ്യക്തിക്ക് നല്‍കുന്ന സാമൂഹിക സ്വീകാര്യതയും സുരക്ഷിതത്വവും ലിവ്-ഇന്‍ ബന്ധങ്ങളില്‍ ലഭ്യമാകില്ലെന്നും ഓരോ സീസണിലും പങ്കാളിയെ മാറ്റുന്ന നികൃഷ്ടമായ ബന്ധം സുസ്ഥിരവും ആരോഗ്യകരവുമായ ഒരു സമൂഹത്തിന്റെ ലക്ഷണമല്ലെന്നുമാണ് അലഹബാദ് ഹൈക്കോടതി ഒരു കേസില്‍ അഭിപ്രായപ്പെട്ടത്. മാന്യമായ ജീവിതം നയിക്കാനുള്ള അവകാശം സംരക്ഷിക്കാനായി ലിവിംഗ് ടുഗതര്‍ ബന്ധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെടുകയുണ്ടായി.

നിയമപരമായ ഒരു പരിരക്ഷയുമില്ല ലിവ്-ഇന്‍ ബന്ധങ്ങള്‍ക്ക്. ബന്ധം തുടര്‍ന്നു പോകാനാകാതെ വേര്‍പിരിഞ്ഞ് നഷ്ടപരിഹാരത്തിന് കോടതിയെ സമീപിച്ചാല്‍ ഹരജി സ്വീകരിക്കാന്‍ കോടതിക്ക് ബാധ്യതയുമില്ല. 2021 നവംബറില്‍ മദ്രാസ് ഹൈക്കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമപ്രകാരം വിവാഹിതരാകാതെ ദീര്‍ഘകാലം ഒന്നിച്ചു താമസിച്ചതിന്റെ പേരില്‍ കുടുംബ കോടതികളില്‍ വൈവാഹിക തര്‍ക്കങ്ങള്‍ ഉന്നയിക്കാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ പ്രസ്താവം. ലിവ്-ഇന്‍ ബന്ധങ്ങളിലെ പങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശാരീരിക, മാനസിക പീഡനങ്ങളുണ്ടായാല്‍ ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്ന കേരള ഹൈക്കോടതിയുടെ കഴിഞ്ഞ ജൂലൈയിലെ ഉത്തരവ് വ്യക്തമാക്കുന്നതും ലിവ്-ഇന്‍ ബന്ധങ്ങള്‍ക്ക് നിയമപരമായ പരിരക്ഷയില്ലെന്നാണ്.

വിവാഹബന്ധത്തിലെ പങ്കാളികളോടുള്ള വിശ്വാസ്യതയും ബാധ്യതകളും ഇല്ലാത്ത സ്വതന്ത്ര ബന്ധമാണ് ആധുനിക സമൂഹം പുരോഗമനമായി കണക്കാക്കുന്നത്. ഇത്തരം ബന്ധങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അവര്‍ ചിന്തിക്കുന്നില്ല. നിയമ പ്രകാരമുള്ള വിവാഹബന്ധത്തിന് സുരക്ഷിതത്വവും ദൃഢതയുമുണ്ടാകും. ഇടക്കാലത്ത് പങ്കാളികളില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉടലെടുത്താല്‍ രക്ഷിതാക്കള്‍ ഇടപെട്ട് പരിഹിച്ച് ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കും. ലിവിംഗ് ടുഗതര്‍ ബന്ധങ്ങള്‍ക്ക് സുരക്ഷിതത്വവും ദൃഢതയുമുണ്ടാകില്ല. കാര്യമായ കാരണങ്ങളൊന്നുമില്ലാതെ തന്നെ ഒത്തുപോകാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞ് പങ്കാളികള്‍ പരസ്പരം പിരിയുന്നു. പുരുഷന്മാരാണ് ഏറിയ പങ്കും വഴിപിരിയുന്നത്. അവരെ സംബന്ധിച്ചിടത്തോളം കാമപൂര്‍ത്തീകരണത്തിനുള്ള ഉപകരണം മാത്രമാണ് പങ്കാളി. കുറേ കഴിയുമ്പോള്‍ മറ്റൊരു പങ്കാളിയെ കണ്ടെത്തും. പിരിഞ്ഞു പോകാന്‍ സ്ത്രീ വിസമ്മതം പ്രകടിപ്പിച്ചാല്‍ കൊന്നുതള്ളുകയോ ആക്രമിക്കുകയോ ചെയ്യും.

പങ്കാളികളുടെ മാത്രമല്ല ലിവ്-ഇന്‍ ബന്ധങ്ങളില്‍ ജനിക്കുന്ന കുട്ടികളുടെ ഭാവിയും ശോഭനമായിരിക്കില്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. നിയമപരമായ ബന്ധങ്ങളിലെ കുട്ടികള്‍ക്കുണ്ടാകുന്ന ആത്മവിശ്വാസവും സന്തോഷവും നിയമപരമല്ലാത്ത ബന്ധങ്ങളിലെ കുട്ടികള്‍ക്കുണ്ടാകില്ല. ജാരസന്താനങ്ങളെന്നാണ് സമൂഹത്തില്‍ ഇവര്‍ അറിയപ്പെടുന്നത്. മാതാപിതാക്കളുടെ സാമൂഹിക സ്വീകാര്യത കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തില്‍ സ്വാധീനം ചെലുത്തും. സ്‌കൂള്‍, കളിസ്ഥലങ്ങള്‍ തുടങ്ങി കുട്ടികള്‍ ഇടപെടുന്ന സാമൂഹിക ചുറ്റുപാടുകളിലെ അവരുടെ പെരുമാറ്റങ്ങളില്‍ മാതൃത്വത്തിനും പിതൃത്വത്തിനും വലിയ പങ്കുണ്ടെന്ന് മനശ്ശാസ്ത്ര വിദഗ്ധര്‍ പറയുന്നു.

സുപ്രീം കോടതി തന്നെയാണ് നേരത്തേ ഇത്തരം ബന്ധങ്ങള്‍ക്ക് പച്ചക്കൊടി കാട്ടിയത്. 2013 നവംബറില്‍ ജസ്റ്റിസ് കെ രാധാകൃഷ്ണന്‍ അധ്യക്ഷനായ ബഞ്ചാണ് ആദ്യമായി ലിവിംഗ് ടുഗതറിന് അനുമതി നല്‍കുന്നത്. വിവാഹിതരാകാതെ സ്ത്രീപുരുഷന്മാര്‍ ഒന്നിച്ചു താമസിക്കുന്നത് പാപമോ കുറ്റകരമോ അല്ലെന്ന് അഭിപ്രായപ്പെട്ട ബഞ്ച്, ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വേണ്ടി പാര്‍ലിമെന്റില്‍ നിയമനിര്‍മാണം നടത്തണമെന്നും ആവശ്യപ്പെട്ടു. 2018ല്‍ മെയില്‍ മറ്റൊരു കേസില്‍ ജസ്റ്റിസുമാരായ എ കെ സിക്രിയും അശോക് ഭൂഷനും ഉള്‍പ്പെട്ട സുപ്രീം കോടതി ബഞ്ച് മേല്‍നിരീക്ഷണം ശരിവെക്കുകയും പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ അവകാശമുണ്ടെന്ന് പ്രസ്താവിക്കുകയും ചെയ്തു. ലിവിംഗ് ടുഗതര്‍ ബന്ധങ്ങള്‍ സമൂഹത്തിലും വ്യക്തികളിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ജുഡീഷ്യറിക്ക് തന്നെ ഇപ്പോള്‍ ബോധ്യപ്പെട്ട സ്ഥിതിക്ക് അതിന് പൂട്ടിടാന്‍ പരമോന്നത കോടതി മുന്‍കൈയെടുക്കേണ്ടിയിരിക്കുന്നു.

Latest