International
ലിസ് ട്രസ്സ് ബ്രിട്ടന്റെ പുതിയ പ്രധാന മന്ത്രി
ഇന്ത്യന്‍ വംശജനായ ഋഷി സുനകിനെ മറികടന്നാണ് ലിസ് വിജയിച്ചത്.
ലണ്ടന്‍ | ലിസ് ട്രസ്സ് ബ്രിട്ടന്റെ പുതിയ പ്രധാന മന്ത്രി. തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനായ റിഷി സുനകിനെ മറികടന്നാണ് ലിസ് വിജയിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലെ വോട്ടെടുപ്പിലാണ് വിജയം. ലിസ്സിന് 81,326 വോട്ടുകളും റിഷി സുനകിന് 60,399 വോട്ടുകളും ലഭിച്ചു.
ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാന മന്ത്രിയായിരിക്കും ലിസ് ട്രസ്സ്. മാര്‍ഗരറ്റ് താച്ചര്‍ക്കും തെരേസ മേയ്ക്കും ശേഷം പ്രധാന മന്ത്രി പദത്തിലെത്തുന്ന ആദ്യ വനിതയാണ്. കടുത്ത പോരാട്ടമാണ് റിഷി കാഴ്ചവച്ചതെന്ന് ലിസ് ട്രസ്സ് പറഞ്ഞു.
ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയിലെ വിദേശകാര്യ സെക്രട്ടറിയായിരുന്നു ലിസ് ട്രസ്സ്. 2001ന് ശേഷം 60 ശതമാനത്തിൽ താഴെ വോട്ട് നേടുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ലിസ്. പാർട്ടി അംഗങ്ങളുടെ വോട്ടിന്റെ 57% ലിസിനായിരുന്നു. 2019ൽ ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായപ്പോൾ 66.4% വോട്ടാണ് ലഭിച്ചത്. 2005ൽ ഡേവിഡ് കാമറൂണിന് 67.6% വോട്ടും ഡങ്കൻ സ്മിത്തിന് 2001ൽ 60.7% വോട്ടും ലഭിച്ചു.
ചൊവ്വാഴ്ച, പ്രധാനമന്ത്രി എന്ന നിലയിൽ ജോൺസൺ തന്റെ അവസാന പ്രസംഗം പിഎം ഹൗസ് 10 ഡൗണിംഗ് സ്ട്രീറ്റിൽ നടത്തും. തുടർന്ന് അദ്ദേഹം സ്കോട്ട്ലൻഡിലെ അബർഡീൻഷെയറിലേക്ക് പോയി എലിസബത്ത് രാജ്ഞിക്ക് രാജിക്കത്ത് കൈമാറും. 96 വയസ്സുള്ള രാജ്ഞിക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ട്. അതിനാൽ ജോൺസണും ലിസും അവരുടെ അടുത്തേക്ക് പോകും. സാധാരണയായി ബക്കിംഗ്ഹാം കൊട്ടാരത്തിലാണ് ഈ ചടങ്ങുകൾ നടക്കുന്നത്.
ഔദ്യോഗിക നിയമനം നടന്നയുടൻ പുതിയ പ്രധാനമന്ത്രി ലിസ് ലണ്ടനിലേക്ക് മടങ്ങും.
ലണ്ടൻ സമയം വൈകുന്നേരം 4 മണിക്ക് ലിസ് രാജ്യത്തെ അഭിസംബോധന ചെയ്യും. പിന്നീട് മന്ത്രിസഭയെ നിയമിക്കും. സൂം കോളിൽ രാജ്ഞി മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.
പുതിയ മന്ത്രിസഭയുടെ ആദ്യ യോഗം ബുധനാഴ്ച ചേരും. ഇതിനുശേഷം, പ്രധാനമന്ത്രി ലിസ് ആദ്യമായി ഹൗസിൽ (ഹൗസ് ഓഫ് കോമൺസ്) എത്തും.
വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലിസിനെ അഭിനന്ദിച്ചു. അവരുടെ നേതൃത്വത്തിൽ ഇന്ത്യ-യുകെ ബന്ധം ശക്തമാകുമെന്ന് ഉറപ്പുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.