Connect with us

Aksharam Education

പല്ലി ഭീമന്മാര്‍

ദിനോസറുകളില്‍ സസ്യഭുക്കുകളും മാംസഭുക്കുകളും ഉണ്ടായിരുന്നു.

Published

|

Last Updated

ശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ ഭൂമി അടക്കിവാണവരാണ് ദിനോസറുകള്‍. ദിനോസറുകളുടെ ഫോസിലുകളിലൂടെയാണ് പാലിയന്റോളജി എന്ന ശാസ്ത്രശാഖ യാഥാര്‍ഥ്യമായതെന്ന് ശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തുന്നു. 90 അടി നീളവും 80 ടണ്‍ വരെ ഭാരവും വിവിധ വലിപ്പവുമുള്ള, കരയിലും വെള്ളത്തിലുമായി ജീവിച്ചിരുന്ന 800 ഇനം പല്ലിഭീമന്മാര്‍ ഒരു കാലത്തുണ്ടായിരുന്നു എന്നാണ് കണക്കാക്കുന്നത്.

ദിനോസറുകളില്‍ സസ്യഭുക്കുകളും മാംസഭുക്കുകളും ഉണ്ടായിരുന്നു. പല്ലിന്റെ ഘടന നോക്കിയാണ് ഇവയെ തിരിച്ചറിയുന്നത്. അറ്റം കൂര്‍ത്ത നീണ്ട പല്ലുകളായിരുന്നു മാംസഭുക്കുകള്‍ക്ക് എങ്കില്‍ അറ്റം പരന്ന പല്ലുകളായിരുന്നു സസ്യഭുക്കുകളുടേത്. സസ്യങ്ങള്‍ അരച്ച് പാകപ്പെടുത്താനുള്ള സൗകര്യത്തിന് വേണ്ടി ഈ പല്ലുകള്‍ക്ക് നല്ല വലുപ്പം ഉണ്ടായിരുന്നു. കൂടാതെ സസ്യാഹാരം ദഹിക്കാന്‍ വേണ്ട സമയം കണക്കാക്കി നീളംകൂടിയ ആമാശയവും അതിന് ആനുപാതികമായി ശരീര വലുപ്പവും സസ്യഭുക്കുകള്‍ക്കുണ്ടായിരുന്നു.

പ്രമാണിമാര്‍
ഡിപ്ലോഡോക്‌സ്

ഏറ്റവും നീളം കൂടിയ, വലിയ ദിനോസര്‍. ഇതിന്റെ നീളം 27 മീറ്ററായിരുന്നു. വാലിന് മാത്രം 50 അടി നീളം. പാമ്പിനെ ഓര്‍മിപ്പിക്കുന്നതാണ് കഴുത്ത്. ഇത്ര വലുപ്പം ഉണ്ടായിട്ടും 26 ടണ്‍ മാത്രമാണ് ഇതിന്റെ ഭാരം. സസ്യഭുക്കായിരുന്നു ഇവന്‍. ഓരോ തവണയും ടണ്‍ കണക്കിന് സസ്യാഹാരമാണ് അകത്താക്കിയിരുന്നത്. 15 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഭൂമുഖത്ത് ഉണ്ടായിരുന്ന ഇവന്‍ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ വെള്ളത്തിലായിരുന്നു കഴിഞ്ഞുപോന്നത്.

അപാറ്റോസോറസ്

രണ്ടായിരത്തോളം പല്ലുകള്‍ ഉണ്ടായിരുന്ന ഇവന്റെ മുഖം താറാവിനെ ഓര്‍മിപ്പിക്കും. വെള്ളത്തില്‍ ജീവിച്ചു പോന്നിരുന്ന ഈ വലിയ പച്ചില തീറ്റക്കാരന് ട്രക്കൊഡോണ്‍ എന്ന് വിളിക്കുന്ന ബന്ധു കൂടി ഉണ്ടായിരുന്നു.

ട്രൈസെറാടോപ്സ്

കണ്ടാമൃഗം ഒറ്റക്കൊമ്പനാണെങ്കില്‍ ഇവന്‍ മുക്കൊമ്പനായിരുന്നു. ഓരോ കൊമ്പിനും ഒരു മീറ്റര്‍ നീളം വരും. മാംസഭുക്കുകളായ ദിനോസറുകളുമായി പോരാടാനായിരുന്നു മുഖ്യമായും ഈ കൊമ്പുകള്‍ ഉപയോഗിച്ചിരുന്നത്. കൂടാതെ ഇവര്‍ക്ക് കഴുത്തിന് മുകളിലായി വലിയൊരു രക്ഷാകവചമുണ്ട്. ഇതുകാരണം ഇവന്റെ കഴുത്തിന് കയറി പിടിക്കാനും ആര്‍ക്കും കഴിയില്ല. 11 മീറ്റര്‍ നീളം ഉണ്ടായിരുന്ന ഇവന് ഒമ്പത് ടണ്‍ ഭാരമുണ്ടായിരുന്നു.

സ്റ്റോളോസോറസ്

കരയില്‍ കഴിഞ്ഞിരുന്ന ഇവന്റെ ഭാരം നാല് ടണ്ണായിരുന്നു. എല്ലു കൊണ്ടുള്ള കനത്ത ചട്ട കൊണ്ട് സുരക്ഷിതമായിരുന്നു ഇവന്റെ മുതുക്. ആമയുടെ പുറംതോട് പോലെ മുള്ളുകള്‍ കൊണ്ട് ആവരണം ചെയ്യപ്പെട്ടിരുന്നു. വാല്‍ ചുറ്റിയുള്ള അടിയായിരുന്നു ശത്രുക്കളെ കാണുമ്പോഴുള്ള ഇഷ്ട പ്രയോഗം.

ബ്രാക്കിയോസോറസ്

ശരീര നീളം 12 മീറ്റര്‍. ഭാരം 80 ടണ്ണും.ഡിപ്ലോഡോക്സിനെ പോലെ തികഞ്ഞ വെജിറ്റേറിയന്‍. അധികസമയവും വെള്ളത്തില്‍ കഴിച്ചുകൂട്ടാന്‍ ഇഷ്ടപ്പെട്ടിരുന്ന ഈ ശാന്തശീലന്‍ പിന്‍കാലുകളില്‍ നിവര്‍ന്ന് നിന്നാല്‍ ഒരു മൂന്ന് നില കെട്ടിടത്തിനേക്കാള്‍ ഉയരം വരും.

ബ്രോണ്ടോസോറസ്

നീളം 70 അടി ആണെങ്കില്‍ ഭാരം 39 ടണ്‍ മാത്രം. കാലുകള്‍ മൈല്‍ക്കുറ്റി പോലെ. വായ വളരെ ചെറുത്. ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ അധികസമയവും ജലത്തിലാണ് വാസം. മുതലയെ പോലെ അല്ലെങ്കില്‍ ഹിപ്പപ്പൊട്ടാമസിനെ പോലെ തല മാത്രം വെള്ളത്തിന് മുകളിലാക്കിയുള്ള ജലശയനം ഇവന് വളരെ പ്രിയമായിരുന്നു. കരയില്‍ വല്ല ശത്രുക്കളും പിന്തുടര്‍ന്നാല്‍ വാലുപൊക്കി ചുഴറ്റി ഒരടി പാസ്സാക്കും. അതേറ്റാല്‍ പിന്നെ ശത്രുവിന്റെ കാര്യം പറയേണ്ടതില്ലല്ലോ.

സ്റ്റെഗോസോറസ്

മുതുകത്ത് പല്ലുകളുണ്ടായിരുന്ന ഇവന്റെ നീളം 18 അടി. എല്ലിന്റെ രണ്ട് വരി പ്ലേറ്റുകള്‍ ആണ് ഇവന്റെ മുതുകില്‍ പല്ലായി മാറിയത്. ഇതുകാരണം ഇവനെ കീഴടക്കുന്നത് ശത്രുക്കള്‍ക്ക് ദുഷ്‌കരമായിരുന്നു. വാലിലും കുന്തം പോലെയുള്ള നാല് വരി മുള്ളുകളുണ്ടായിരുന്നതിനാല്‍ വാല്‍ വീശിയുള്ള അടിയും ശത്രുക്കള്‍ക്ക് നേരിടാനാവുമായിരുന്നില്ല. തല തീരെ ചെറുത്. കരയില്‍ ഓടിനടന്ന് കണ്ടതെല്ലാം വാരിവലിച്ചു തിന്നുന്ന ഇവന്റെ ഭാരം രണ്ട് ടണ്‍ മാത്രം.

ഇഗ്വാനാഡോണ്‍

പിന്‍കാലുകളില്‍ നിവര്‍ന്ന് നിന്ന് നടന്നിരുന്നു ഇവന്‍. 20 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നതായി കണക്കാക്കുന്ന ഇവന്റെ അവശിഷ്ടങ്ങള്‍ കണ്ടുകിട്ടിയത് ഫ്രാന്‍സ് അതിര്‍ത്തിയില്‍ ബെര്‍നീസ് പാര്‍ട്ടില്‍ നിന്നാണ്. 16 അടി ഉയരമുണ്ടായിരുന്ന ഇവന്റെ തള്ളവിരല്‍ കൊമ്പുകള്‍ പോലുള്ളവയായിരുന്നു.

സ്പിനോസോറസ്

വളരെയധികം ഉഷ്ണമുള്ള മേഖലകളായിരുന്നു ഈ പല്ലിഭീമന്മാരുടെ ഇഷ്ട പ്രദേശം. വലിയ ആര്‍ച്ച് പോലെയുള്ള കട്ടിയുള്ള നട്ടെല്ല് ഇവയുടെ പ്രത്യേകതയായിരുന്നു.
ദിനോസറുകളുടെ വംശനാശത്തിന് കാരണം കാലാവസ്ഥാ മാറ്റം, ഉല്‍ക്കാപതനങ്ങള്‍, ഭൂകമ്പങ്ങള്‍, അഗ്നിപര്‍വത സ്ഫോടനങ്ങള്‍, വലിപ്പം കൂടിയ ശരീരം, തലച്ചോറിലെ വലിപ്പക്കുറവ്, മുട്ടകളുടെ അഭാവം തുടങ്ങിയവയാണെന്നു ഗവേഷകര്‍ കരുതുന്നു.

 

 

 

 

Latest