National
ബിഹാറിലെ സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ പല്ലി; 36 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ
കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
പാട്‌ന| ബിഹാറിലെ സരണ്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ പല്ലിയെ കണ്ടെത്തി. ഈ ഭക്ഷണം കഴിച്ച 36 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയുള്ളതായി റിപ്പോര്‍ട്ട്. ഒരു വിദ്യാര്‍ത്ഥിയാണ് ഭക്ഷണത്തില്‍ പല്ലിയെ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. വിദ്യാര്‍ത്ഥി തന്റെ പ്ലേറ്റില്‍ പല്ലിയെ കണ്ടപ്പോള്‍ അധ്യാപകനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂളില്‍ ഉച്ചഭക്ഷണം നിര്‍ത്തിവച്ചു.
ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. 40 കുട്ടികള്‍ക്കാണ് ഭക്ഷണം വിതരണം ചെയ്തത്. ഇതില്‍ 36 പേര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. സംഭവത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ അന്വേഷണം ആരംഭിക്കുമെന്ന് സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് സഞ്ജയകുമാര്‍ റായ് പറഞ്ഞു.