Connect with us

Kerala

ലോഡ്‌ഷെഡിംഗ്: തീരുമാനം മുഖ്യമന്ത്രിയുമായുള്ള വൈദ്യുതി മന്ത്രിയുടെ കൂടിക്കാഴ്ചക്കു ശേഷം

ഈ മാസം 25ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടിയും വിഷയത്തില്‍ കൂടിയാലോചന നടത്തും.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ലോഡ്ഷെഡിംഗ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുമായുള്ള വൈദ്യുതി മന്ത്രിയുടെ കൂടിക്കാഴ്ചക്ക് ശേഷം അന്തിമ തീരുമാനമെടുക്കും. ഈ മാസം 25ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടിയും വിഷയത്തില്‍ കൂടിയാലോചന നടത്തും. വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് വിലയിരുത്താന്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

നിലവിലെ സാഹചര്യത്തില്‍ പുറത്ത് നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങണോ അതോ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മതിയെന്ന് തീരുമാനിച്ചത്. വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച കെ എസ് ഇ ബി ചെയര്‍മാന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നത്. തുടര്‍ന്നാണ് പരിഹാരം എന്താകണമെന്ന തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളട്ടെ എന്ന് ധാരണയിലെത്തിയത്.

നിലവിലെ പ്രതിസന്ധി നേരിടാന്‍ ലോഡ് ഷെഡിംഗ് ഉള്‍പ്പെടെയുള്ള നടപടികള്‍ വേണമെന്ന ആവശ്യമാണ് ഉദ്യോഗസ്ഥ തലത്തില്‍ ഉയര്‍ന്നത്. ഒപ്പം പുറത്ത് നിന്ന് കൂടുതല്‍ വില നല്‍കി വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ചും ചര്‍ച്ച നടന്നിരുന്നു. പുറത്ത് നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് നിലവില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. ഇതിലൂടെ പ്രതിദിനം 10 കോടി രൂപയോളം നഷ്ടം കേരളത്തിനുണ്ടാകുന്നതായി വൈദ്യുതി മന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇത് തുടരണോയെന്നാണ് പ്രധാനമായും ചര്‍ച്ച ചെയ്തതത്. ഒപ്പം നഷ്ടം നികത്താന്‍ സര്‍ ചാര്‍ജ് ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉന്നത ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിരുന്നു.

കാലവര്‍ഷം ദുര്‍ബലപ്പെട്ടതോടെ മഴ കുറഞ്ഞതും പുറമെ നിന്നും വൈദ്യുതി വാങ്ങാനുള്ള കരാര്‍ റദ്ദായതുമാണ് കെ എസ് ഇ ബിക്ക് തിരിച്ചടിയായിരിക്കുന്നത്. ഇടുക്കി അണക്കെട്ടില്‍ സംഭരണ ശേഷിയുടെ 31 ശതമാനം വെള്ളം മാത്രമാണ് നിലവില്‍ ശേഷിക്കുന്നത്. ഇതുപയോഗിച്ച് 669.16 ദശലക്ഷം യൂനിറ്റ് വൈദ്യുതി മാത്രമാണ് ഉത്പാദിപ്പിക്കാന്‍ കഴിയുക. നിലവില്‍ മൂലമറ്റം വൈദ്യുതി നിലയത്തില്‍ ശരാശരി 4.2 ദശലക്ഷം യൂനിറ്റ് മാത്രമാണ് പ്രതിദിന വൈദ്യുതി ഉത്പാദനം. ഈ രീതിയില്‍ 150 ദിവസത്തേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം മാത്രമാണ് ഉണ്ടാകുക. തുലാവര്‍ഷമോ വേനല്‍മഴയോ കനിഞ്ഞില്ലെങ്കില്‍ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമാകുമെന്ന് വൈദ്യുതി മന്ത്രി വിശദീകരിച്ചു.

വൈദ്യുതി ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട് മീറ്റര്‍ ഏര്‍പ്പെടുത്താനുള്ള പദ്ധതിയെക്കുറിച്ചുള്ള അന്തിമ തീരുമാനവും 25ന് എടുക്കും. അതേസമയം, സ്വകാര്യ ഏജന്‍സികള്‍ക്കു കരാര്‍ നല്‍കി പദ്ധതി നടപ്പാക്കേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. കേന്ദ്ര മാതൃക സ്വീകരിച്ചില്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് ധനസഹായം നല്‍കില്ലെന്ന് കേന്ദ്രം ആവര്‍ത്തിച്ചിട്ടുണ്ട്.

 

---- facebook comment plugin here -----

Latest