Connect with us

National

വായ്പാ തട്ടിപ്പ്: ഒരു ലക്ഷം രൂപ വായ്പയെടുക്കാന്‍ ശ്രമിച്ച യുവതിക്ക് നഷ്ടമായത് 14 ലക്ഷം രൂപ

ഫിനാന്‍സ് കമ്പനിയുടെ എക്‌സിക്യുട്ടീവ് എന്ന വ്യാജേന രണ്ട പേര്‍ ചേര്‍ന്നാണ് യുവതിയില്‍ നിന്ന് വന്‍തുക തട്ടിയത്.

Published

|

Last Updated

താനെ | ഒരു ലക്ഷം രൂപ വായ്പ എടുക്കാനായി ഫിനാന്‍സ് കമ്പനിയെ സമീപിച്ച 22 കാരിക്ക് നഷ്ടമായത് 14 ലക്ഷം രൂപ. ഫിനാന്‍സ് കമ്പനിയുടെ എക്‌സിക്യുട്ടീവ് എന്ന വ്യാജേന രണ്ട പേര്‍ ചേര്‍ന്നാണ് യുവതിയില്‍ നിന്ന് വന്‍തുക തട്ടിയത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: മുംബൈയ്ക്കടുത്തുള്ള താനെയിലെ ഒരു കമ്പനിയില്‍ ബിസിനസ് ഹെഡ് ആയിരുന്നു ഇരയുടെ പിതാവ്. അദ്ദേഹം വിരമിച്ച ശേഷം മകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഏകദേശം 18 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. ഇതില്‍ ഒരു ലക്ഷം രൂപ മകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചു. പിന്നീട് ഈ തുക തിരിച്ചുവെക്കുന്നതിനായി അവള്‍ ഒരു ലക്ഷം രൂപയുടെ വായ്പ എടുക്കാന്‍ തീരുമാനിച്ചു.

ജൂലായ് 24 ന്, ഒരു സ്വകാര്യ ഫിനാന്‍സ് കമ്പനിയുടെ പ്രതിനിധി എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ യുവതിയെ വിളിച്ചു. വായ്പ നല്‍കാമെന്ന് അയാള്‍ വാഗ്ദാനം ചെയ്തു. അവള്‍ സമ്മതിച്ചപ്പോള്‍, പ്രോസസ്സിംഗ് ഫീസായി 2,600 രൂപ അടയ്ക്കാന്‍ അയാള്‍ അവളോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് യുവതി തുക അടച്ചു.

പിന്നീട്, എല്ലാ വിവരങ്ങളും സമര്‍പ്പിച്ചിട്ടും, യുവതിയുടെ ലോണ്‍ പ്രോസസ്സ് ചെയ്തില്ല. ഇതേ തുടര്‍ന്ന് അവള്‍ ഫിനാന്‍സ് കമ്പനിയെ സമീപിച്ചപ്പോള്‍, അവളുടെ അപേക്ഷ കൈകാര്യം ചെയ്തിരുന്ന ഏജന്റിന് കൊവിഡ് ബാധിച്ചുവെന്നും അതിനാല്‍ താന്‍ അപേക്ഷ പ്രോസസ് ചെയ്യാമെന്നും വാഗ്ദാനം ചെയ്ത് മറ്റൊരാള്‍ രംഗത്ത് വന്നു.

ലോണ്‍ വീണ്ടും പ്രോസസ്സ് ചെയ്യേണ്ടതുണ്ടെന്ന് അയാള്‍ യുവതിയോട് പറഞ്ഞു. ഇതനുസരിച്ച് പ്രോസസ് ചെയ്യാനെന്ന പേരില്‍ യുവതിയില്‍ നിന്ന് പല തവണകളായി ഇയാള്‍ പണം തട്ടി. പേയ്‌മെന്റ് പിന്നീട് തിരികെ നല്‍കാമെന്ന് പറഞ്ഞാണ് പണം വാങ്ങിയിരുന്നത്. ഇത്തരത്തില്‍ ജൂലൈ മുതല്‍ സെപ്തംബര്‍ വരെ കാലയളവില്‍ അവള്‍ക്ക് 14.47 ലക്ഷം രൂപയാണ് നഷ്ടമായത്. ഇതോടെ താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് പിന്നീട് മനസ്സിലാക്കിയ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.

രാജ് കുന്ദേ, അഞ്ജുമാന്‍ ഷാവ് എന്നിവരാണ് തന്നെ വഞ്ചിച്ചതെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

Latest