Kerala
വായ്പാ തിരിച്ചടവ് മുടങ്ങി; ബേങ്കില്‍ നിന്ന് ഭീഷണിക്കിരയായ കയര്‍ തൊഴിലാളി ആത്മഹത്യ ചെയ്ത നിലയില്‍
ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്തില്‍ കുഞ്ഞാറു വെളി ശശി ആണ് മരിച്ചത്. മൂന്ന് തവണ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ഇന്നലെ ബേങ്ക് ജീവനക്കാര്‍ ശശിയുടെ വീട്ടില്‍ എത്തിയിരുന്നു.
ആലപ്പുഴ | വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് സ്വകാര്യ ബേങ്കില്‍ നിന്ന് ജപ്തി ഭീഷണിയെ അഭിമുഖീകരിക്കേണ്ടി വന്ന കയര്‍ തൊഴിലാളി വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍. ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്തില്‍ കുഞ്ഞാറു വെളി ശശി ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തിയത്.
മൂന്ന് തവണ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ഇന്നലെ ബേങ്ക് ജീവനക്കാര്‍ ശശിയുടെ വീട്ടില്‍ എത്തിയിരുന്നു. ജീവനക്കാരും ശശിയും തമ്മില്‍ പ്രശ്‌നമുണ്ടായതായി കുടുംബവും അയല്‍വാസിയും പറയുന്നു.
ചേര്‍ത്തലയിലെ സ്വകാര്യ ബേങ്കില്‍ നിന്നും അഞ്ച് ലക്ഷം രൂപയാണ് ശശി വായ്പയെടുത്തത്. കഴിഞ്ഞ മൂന്ന് മാസക്കാലമായി തിരിച്ചടവ് മുടങ്ങിക്കിടക്കുകയായിരുന്നു. കയര്‍ ഫാക്ടറി ഉടമയായിരുന്ന ശശി പിന്നീട് ഫാക്ടറി വില്‍ക്കുകയും വീടിന് അടുത്തു തന്നെയുള്ള മറ്റൊരു കയര്‍ ഫാക്ടറിയില്‍ ജോലി ചെയ്തു വരികയുമായിരുന്നു. ഇളയ മകളുടെ വിവാഹത്തോടെ ശശി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതായി ബന്ധുക്കള്‍ പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)