Kerala
കുടിവെള്ള വിതരണത്തിന് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി
കുടിവെള്ള വിതരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത്, വികസന ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കാം.
പത്തനംതിട്ട | സംസ്ഥാനത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് വ്യവസ്ഥകള്‍ക്ക് വിധേയമായി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. കുടിവെള്ള വിതരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത്, വികസന ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കാം. മാര്‍ച്ച് 31 വരെ ഗ്രാമ പഞ്ചായത്തുകള്‍ക്ക് ആറു ലക്ഷം രൂപയും നഗരസഭകള്‍ക്ക് 12 ലക്ഷം രൂപയും കോര്‍പ്പറേഷനുകള്‍ക്ക് 17 ലക്ഷം രൂപയും വിനിയോഗിക്കാം. ഏപ്രില്‍ ഒന്നു മുതല്‍ മേയ് 31 വരെ ഗ്രാമ പഞ്ചായത്തുകള്‍ക്ക് 12 ലക്ഷം രൂപയും നഗരസഭകള്‍ക്ക് 17 ലക്ഷം രൂപയും കോര്‍പ്പറേഷനുകള്‍ക്ക് 22 ലക്ഷം രൂപയും വിനിയോഗിക്കാം.
കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ മാത്രമാണ് കുടിവെള്ള വിതരണം നടത്തേണ്ടത്. റവന്യൂ വകുപ്പ്/മറ്റ് ഏജന്‍സികള്‍ കുടിവെള്ളം വിതരണം ചെയ്യുന്ന സ്ഥലങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനം കുടിവെള്ള വിതരണം നടത്തേണ്ടതില്ല. ഏതൊക്കെ പ്രദേശങ്ങളില്‍ ഏതൊക്കെ കാലത്തേക്ക് കുടിവെള്ള വിതരണം നടത്തണമെന്ന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം തീരുമാനമെടുക്കണം. വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം.
കുടിവെള്ള വിതരണം നടത്തുന്ന ടാങ്കറുകളില്‍/വാഹനങ്ങളില്‍ ജി പി എസ് ഘടിപ്പിക്കണം. ദുരന്ത നിവാരണ വകുപ്പ് മുഖേനയും അതല്ലാതെയും സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ കിയോസ്‌കുകള്‍ വഴിയും ജി പി എസ് ടാങ്കറുകള്‍/വാഹനങ്ങള്‍ മുഖേനയും കുടിവെള്ളം എത്തിച്ച് വിതരണം നടത്താം. വാഹനങ്ങളില്‍ ജി പി എസ് ഘടിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പിന്തുണ വേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ജില്ലാ ജോയിന്റ് ഡയറക്ടര്‍ ലഭ്യമാക്കണം. ജി പി എസ് ട്രാക്കിങ് അടിസ്ഥാനമാക്കിയുള്ള മോണിട്ടറിങ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ നടത്തണം.
കുടിവെള്ള വിതരണത്തിന്റെ തുക നല്‍കുന്നതിനു മുമ്പ് ജി പി എസ് ലോഗും വാഹനത്തിന്റെ ലോഗ് ബുക്കും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി പരിശോധിക്കുകയും കുടിവെള്ളം വിതരണം നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. സുതാര്യവും കാര്യക്ഷമവുമായി പരാതികള്‍ക്കിടയില്ലാതെ കുടിവെള്ള വിതരണം നടക്കുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ഉറപ്പുവരുത്തണം. കുടിവെള്ള വിതരണം സംബന്ധിച്ച റിപ്പോര്‍ട്ട് നിശ്ചിത ഇടവേളകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് ലഭ്യമാക്കണം.