Connect with us

bye election

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഏഴിടത്ത് എല്‍ ഡി എഫും ഒമ്പതിടത്ത് യു ഡി എഫും ജയിച്ചു

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഏഴിടത്ത് എല്‍ ഡി എഫും ഒമ്പത്തിടത്ത് യു ഡി എഫും ജയിച്ചു

Published

|

Last Updated

കൊച്ചി | സംസ്ഥാനത്തെ 17 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഏഴിടത്ത് എല്‍ ഡി എഫും ഒമ്പതിടത്ത് യു ഡി എഫും ജയിച്ചു. ഒരിടത്ത് എന്‍ ഡി എയും ജയിച്ചു.
കൊല്ലം തെന്മല, ആലപ്പുഴ തലവടി, തൃശൂര്‍ മാടക്കത്തറ, പാലക്കാട് പൂക്കോട്ട്കാവ്, കണ്ണൂര്‍ മുണ്ടേരി, ധര്‍മടം പഞ്ചായത്തുകളിലാണ് എല്‍ ഡി എഫ് വിജയിച്ചത്.

കോട്ടയം വൈക്കം ബ്ലോക്ക് പഞ്ചായത്തിലും എല്‍ ഡിഎ ഫ് ജയിച്ചു. എറണാകുളം ജില്ലയിലെ ഏഴിക്കര, വടക്കേക്കര, മൂക്കന്നൂര്‍, പള്ളിപ്പുറം, മലപ്പുറം ജില്ലയിലെ ചുങ്കത്തറ, തുവ്വൂര്‍, പുഴക്കാട്ടിരി, കോഴിക്കോട് വേളം ഗ്രാമപഞ്ചായത്തുകളിലാണ് യുഡിഎഫ് ജയിച്ചത്. മലപ്പുറം പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തും യുഡിഎഫ് ജയിച്ചു. കൊല്ലം ആദിച്ചനല്ലൂര്‍ പഞ്ചായത്ത് വാര്‍ഡ് എല്‍ഡിഎയും കരസ്ഥമാക്കി.

വ്യാഴാഴ്ചയായിരുന്നു വോട്ടെടുപ്പ്. ഒന്‍പത് ജില്ലകളിലായി രണ്ടു ബ്ലോക്ക് പഞ്ചായത്ത്, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 54 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 22 പേര്‍ സ്ത്രീകളാണ്.

കൊല്ലം: ജില്ലയില്‍ ഉപതിരഞ്ഞെടുപ്പു നടന്ന 2 വാര്‍ഡുകളില്‍ ഒന്നു സി പി എമ്മും ഒന്നു ബിജെപിയും നേടി. ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് ഒറ്റയ്ക്കല്‍ വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി എസ്.അനുപമ 34 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 2000 മുതല്‍ കോണ്‍ഗ്രസ് വിജയിച്ചു വന്ന വാര്‍ഡാണിത്.ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പുഞ്ചിരിച്ചിറ വാര്‍ഡ് സിപിഎമ്മില്‍നിന്നു ബിജെപി പിടിച്ചെടുത്തു. ബിജെപി സ്ഥാനാര്‍ഥി എ.എസ്.രഞ്ജിത് 100 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കഴിഞ്ഞ തവണ സിപിഎം സ്ഥാനാര്‍ഥി 2 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച വാര്‍ഡാണിത്.

ആലപ്പുഴ: തലവടി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി എന്‍.പി.രാജന്‍ 197 വോട്ടിനു ജയിച്ചു. രാജന്‍ ആകെ 493 വോട്ടാണ് നേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഭിലാഷ് പുന്നേപ്പാടത്തിന് 296 വോട്ട് ലഭിച്ചു. ആം ആദ്മി പാര്‍ട്ടി 108 വോട്ട് നേടി. ബിജെപിക്കു ലഭിച്ചത് 46 വോട്ട് മാത്രം.

കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് മറവന്‍തുരുത്ത് ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രേഷ്മ പ്രവീണ്‍ 232 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. യുഡിഎഫിലെ ധന്യ സുനിലായിരുന്നു എതിര്‍സ്ഥാനാര്‍ഥി. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണ്. കഴിഞ്ഞതവണ ആയിരത്തിലധികം വോട്ടിനാണ് ഇവിടെ എല്‍ഡിഎഫ് ജയിച്ചത്. സുഷമ സന്തോഷ് സര്‍ക്കാര്‍ ജോലി ലഭിച്ചു പോയ ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

പാലക്കാട്: പൂക്കോട്ടു കാവ് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 താനിക്കുന്ന് എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി മനോജ് 303 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉണ്ണികൃഷ്ണനെയാണു പരാജയപ്പെടുത്തിയത്.

കോഴിക്കോട്: വേളം പാലോടിക്കുന്ന് വാര്‍ഡ് യു ഡി എഫ് നിലനിര്‍ത്തി. 42 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുസ്ലിം ലീഗിലെ ഇ പി സലിം ഇടതു സ്വതന്ത്രനായ പി പി വിജയനെ പരാജയപ്പെടുത്തി. വോട്ടുനില: ഇ പി സലീം (യുഡിഎഫ്) 633), പി പി വിജയന്‍ (എല്‍ ഡി എഫ് സ്വതന്ത്രന്‍) 591, ആര്‍ കെ ശങ്കരന്‍ (ബിജെപി) 16.
കണ്ണൂര്‍: ജില്ലയില്‍ ഉപതിരഞ്ഞെടുപ്പു നടന്ന രണ്ട് വാര്‍ഡുകളും സി പി എം നിലനിര്‍ത്തി. ധര്‍മടം പഞ്ചായത്തിലെ പരീക്കടവ് വാര്‍ഡില്‍ ബി ഗീതമ്മയും (ഭൂരിപക്ഷം 9 വോട്ട്) മുണ്ടേരി പഞ്ചായത്തിലെ താറ്റിയോട് വാര്‍ഡില്‍ ബി പി റീഷ്മയും (ഭൂരിപക്ഷം 393 വോട്ട്) ജയിച്ചു.