Connect with us

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫിനെ കൈവിട്ട് ആറ് സീറ്റുകള്‍ ; അഞ്ച് സീറ്റുകള്‍ പിടിച്ചെടുത്ത് യുഡിഎഫ്

5 സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ ഒരു സീറ്റ് എന്‍ഡിഎയും സ്വന്തമാക്കി

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ആറ് സീറ്റുകള്‍ നഷ്ടമായി . 5 സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ ഒരു സീറ്റ് എന്‍ഡിഎയും സ്വന്തമാക്കി. അതേ സമയം 13 സീറ്റുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. ഒരു സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു.
കൊല്ലം കോര്‍പറേഷന്‍, ബത്തേരി നഗരസഭ വാര്‍ഡുകള്‍ എല്‍ഡിഎഫിനെ കൈവിട്ടു

പാലക്കാട് ജില്ലാ പഞ്ചായത്തിലെ ആലത്തൂര്‍, തൃശൂര്‍ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തളിക്കുളം, കൊല്ലം കോര്‍പറേഷനിലെ മീനത്തുചേരി വാര്‍ഡുകളിലും രണ്ട് നഗരസഭ, 23 പഞ്ചായത്ത് വാര്‍ഡുകളിലും ആണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

തിരുവനന്തപുരത്ത് കടയ്ക്കാവൂര്‍ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തു. യുഡിഎഫ് ഭരിച്ചിരുന്ന സീറ്റില്‍ സിപിഎം സ്ഥാനാര്‍ഥി ബീന രാജീവ് ആണ് വിജയിച്ചത്.

കൊല്ലം കോര്‍പറേഷനിലെ മീനത്തുചേരി ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍തി 632 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. എല്‍ഡിഎഫ് അഗം രാജു നീലകണ്ഠന്‍ മരിച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വിളക്കുടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ 241 വോട്ടിന്റെ ഭൂരിപക്ഷത്തിലും ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ 262 വോട്ടിന്റെ ഭൂരിപക്ഷത്തിലും എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി.

ആലപ്പുഴ തണ്ണീര്‍മുക്കം പഞ്ചായത്തില്‍ ബിജെപിയും എടത്വയില്‍ എല്‍ഡിഎഫും സീറ്റ് നിലനിര്‍ത്തി.

കോട്ടയം കടപ്ലാമറ്റം വയലാ ടൗണ്‍ വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ചേരവേലിയെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഷിബു പോതംമാക്കിലാണ് 282 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോല്‍പ്പിച്ചത്. വയലാ വാര്‍ഡിലെ അംഗം ജോയി കല്ലുപുര കേരള കോണ്‍ഗ്രസ് (എം) പ്രാദേശിക നേതൃയോഗത്തിനിടെ കുഴഞ്ഞുവീണു മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

പത്തനംതിട്ടയില്‍ കല്ലൂപ്പാറ 7ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി രാമചന്ദ്രന്‍ വിജയിച്ചു. എല്‍ഡിഎഫ് സീറ്റ് ബിജെപി പിടിച്ചു. എന്‍ഡിഎ 454, എല്‍ഡിഎഫ് 361, യുഡിഎഫ് 155. ഭൂരിപക്ഷം 93. ഭരണമാറ്റമില്ല.

എറണാകുളം കോതമംഗലം പോത്താനിക്കാട് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ഥി സാബു മാധവന്‍ 43 വോട്ടിന് ജയിച്ചു.

തൃശൂര്‍ കടങ്ങോട് പഞ്ചായത്ത് 14ാം വാര്‍ഡ് ചിറ്റിലങ്ങാട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി എം കെ ശശിധരന്‍ സീറ്റ് നിലനിര്‍ത്തി.

പാലക്കാട് ജില്ലാപഞ്ചായത്ത് ആലത്തൂര്‍ ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ പി എം അലിയാണ് വിജയിച്ചു. കടമ്പഴിപ്പുറം പതിനേഴാം വാര്‍ഡ് 51 വോട്ടിനും വെള്ളിനേഴി പഞ്ചായത്ത് ഒന്നാംവാര്‍ഡ് 392 വോട്ട് ഭൂരിപക്ഷത്തിലും എല്‍ഡിഎഫ് നിലനിര്‍ത്തിയപ്പോള്‍, തൃത്താല പഞ്ചായത്ത് നാലാംവാര്‍ഡ് എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തുഭൂരിപക്ഷം 256. ആനക്കര പഞ്ചായത്ത് 17ാം വാര്‍ഡ് 234 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് നിലനിര്‍ത്തി.

വയനാട ്ബത്തേരി നഗരസഭ പാളാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ കെ എസ് പ്രമോദ് വിജയിച്ചു. എല്‍ഡിഎഫിലെ പി കെ ദാമുവിനെ 204 വോട്ടിനാണ് തോല്‍പ്പിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎം പ്രതിനിധിയായി വിജയിച്ച പ്രമോദ്, പാര്‍ട്ടി വിട്ടതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ്ര

മലപ്പുറംമലപ്പുറം കരുളായി ചക്കിട്ടാമല വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 68 വോട്ടിന് ലീഗ് സ്ഥാനാര്‍ഥി ജയിച്ചു

കോഴിക്കോട് ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. മുസ്ലിം ലീഗിലെ പി മുംതാസ് ആണു 168 വോട്ടിന്‍രെ ഭൂരിപക്ഷത്തിന് വിജയിച്ചത് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഐയിലെ ഇ പി രാധ മരിച്ച ഒഴിവിലായിരുന്നു ഉപതിരഞ്ഞെടുപ്പ്.

കണ്ണൂര്‍ ജില്ലയില്‍ 3 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റുകള്‍ നിലനിര്‍ത്തി. ശ്രീകണ്ഠപുരം നഗരസഭ കോട്ടൂര്‍ വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി കെ സി അജിത 189 വോട്ടുകള്‍ക്കു ജയിച്ചു. പേരാവൂര്‍ പഞ്ചായത്ത് മേല്‍മുരിങ്ങോടി വാര്‍ഡില്‍ ടി രഗിലാഷ് (സിപിഎം) 146 വോട്ടുകള്‍ക്കും മയ്യില്‍ പഞ്ചായത്ത് വള്ളിയോട്ട് വാര്‍ഡില്‍ ഇ പി രാജന്‍ (സിപിഎം) 301 വോട്ടുകള്‍ക്കും ജയിച്ചു.