From the print
തദ്ദേശ തിരഞ്ഞെടുപ്പ്: ഇ കെ വിഭാഗവുമായി ചര്‍ച്ച ഊര്‍ജിതമാക്കാന്‍ ലീഗ്
മാര്‍ച്ച് ഒന്നിന് നടക്കുന്ന സിറ്റിംഗില്‍ പത്ത് വീതം അംഗങ്ങള്‍ പങ്കെടുക്കും.

കോഴിക്കോട് | തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തില്‍ ഇ കെ വിഭാഗവുമായുള്ള ചര്‍ച്ച ത്വരിതഗതിയിലാക്കാന്‍ മുസ്ലിം ലീഗ്. അടുത്ത മാസം ഒന്നിനാണ് വിപുലമായ ചര്‍ച്ച നടക്കുന്നത്. ഇരു ഭാഗത്ത് നിന്ന് പത്ത് വീതം അംഗങ്ങളാണ് അനുരഞ്ജന ചര്‍ച്ചയില്‍ പങ്കെടുക്കുക.
ഇന്നലെ സ്വാദിഖലി ശിഹാബ് തങ്ങളുടെയും സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെയും നേതൃത്വത്തില്‍ കോഴിക്കോട്ട് നടന്ന നേതൃയോഗത്തിലാണ് തീരുമാനം. പി കെ കുഞ്ഞാലിക്കുട്ടി, എം ടി അബ്ദുല്ല മുസ്ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ എന്നിവരാണ് കൂടിയാലോചനയില്‍ പങ്കെടുത്തത്. നേരത്തേ മലപ്പുറത്ത് ഇത്തരത്തിലൊരു ചര്‍ച്ച സംഘടിപ്പിച്ചിരുന്നുവെങ്കിലും ഇ കെ വിഭാഗം പങ്കെടുത്തിരുന്നില്ല. അന്നത്തെ സാഹചര്യത്തില്‍ നിന്ന് മാറി, നിലവില്‍ മുശാവറ അംഗം മുസ്തഫല്‍ ഫൈസിയെ സസ്പെന്‍ഡ് ചെയ്ത വിഷയം കൂടി പരിഹരിക്കേണ്ടതുണ്ട്. മുസ്തഫല്‍ ഫൈസിയെ തിരിച്ചെടുക്കണമെന്നതാണ് ലീഗ് പക്ഷത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്.
‘സമസ്ത’യുടെ വിഷയങ്ങളില്‍ ലീഗ് ഒരു നിലക്കും ഇടപെടാന്‍ പാടില്ലെന്നതാണ് ഇ കെ പക്ഷം ഉയര്‍ത്തുന്ന പ്രധാന ആവശ്യങ്ങളിലൊന്ന്. ‘ഇന്നത്തെ കൂടിക്കാഴ്ച വളരെ പോസിറ്റീവാണ്. ഇനിയും കൈവിട്ടുപോകാന്‍ അനുവദിച്ചുകൂടാ എന്നുള്ള മനസ്സാണ് എല്ലാവര്‍ക്കുമുള്ളത്. പ്രത്യേകിച്ച് ‘സമസ്ത’ നേതൃത്വത്തിന് വലിയ മനസ്സ് തന്നെയുണ്ട്.’- സ്വാദിഖലി തങ്ങള്‍ പറഞ്ഞു.