file clearing mission
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഇന്ന് പ്രവർത്തിക്കും; സേവനം ലഭ്യമാകില്ല
സെപ്തംബറിനകം ഫയലുകള്‍ തീര്‍പ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തദ്ദേശ സ്ഥാപനങ്ങളില്‍ അവധിദിനം ജീവനക്കാര്‍ ജോലിക്കെത്തുന്നത്.
തിരുവനന്തപുരം | സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അവധി ദിനമായ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായാണ് നടപടി. എന്നാല്‍ പൊതുജനങ്ങള്‍ക്ക് സാധാരണ ദിനങ്ങളിലേത് പോലുള്ള സേവനങ്ങള്‍ ലഭ്യമാകില്ല. അവധി ദിനമായ ജൂലൈ മൂന്നിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ ജോലിക്കെത്തിയിരുന്നു. 34,995ഫയലുകളാണ് അന്ന് തീര്‍പ്പാക്കിയിരുന്നത്. അടുത്ത മാസം 18ന് ഞായറാഴ്ചയും ജീവനക്കാര്‍ ജോലിക്കെത്തും. മുഖ്യമന്ത്രിയുടെ നിര്‍ദേശവും മന്ത്രിസഭാ തീരുമാനവും അനുസരിച്ചാണ് സെപ്തംബറിനകം ഫയലുകള്‍ തീര്‍പ്പാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്ഥാപനങ്ങളില്‍ അവധിദിനം ജീവനക്കാര്‍ ജോലിക്കെത്തുന്നത്.
ഫയല്‍ തീര്‍പ്പാക്കലിനായി ആവശ്യമെങ്കില്‍ അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. ജൂലൈ 31നകം സേവനം നല്‍കേണ്ട ഫയലുകള്‍ തീര്‍പ്പാക്കാതെ ബാക്കിയുണ്ടെങ്കില്‍, അദാലത്തില്‍ ഉള്‍പ്പെടുത്തി സേവനം ഉറപ്പുവരുത്താനാകണം. ഇതിനായി വീണ്ടും അപേക്ഷ നല്‍കേണ്ടതില്ല. എല്ലാ ഓഫീസിലും ഫയല്‍ അദാലത്ത് സംഘാടനത്തിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ തീര്‍പ്പാക്കേണ്ട ഫയലുകള്‍ ഈ മാസം 28നകം തീര്‍പ്പാക്കും. ജില്ലാ തലത്തില്‍ തീര്‍പ്പാക്കേണ്ട ഫയലുകള്‍ സെപ്തംബര്‍ അഞ്ചിനകവും തദ്ദേശ സ്വയം ഭരണ ഡയറക്ടറേറ്റ് തലത്തില്‍ തീര്‍പ്പാക്കേണ്ട ഫയലുകള്‍ സെപ്തംബര്‍ 20നകവുമാണ് തീര്‍പ്പാക്കേണ്ടത്. കെട്ടിട നിര്‍മാണ ചട്ടങ്ങളുടെ പാലനം സംബന്ധിച്ച കാര്യങ്ങളില്‍ ചട്ടം 20(3) പ്രകാരമുള്ള ഇളവ് 20 ശതമാനം വരെ നല്‍കാന്‍ അദാലത്ത് സമിതികള്‍ക്ക് അധികാരമുണ്ട്. വിജ്ഞാപനം ചെയ്ത റോഡുകള്‍ക്ക് മാത്രമേ മൂന്ന് മീറ്റര്‍ റോഡ് പരിധി പാലിക്കേണ്ടതുള്ളൂ.