Connect with us

From the print

തദ്ദേശ വാർഡ് വിഭജന ബില്ല് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടില്ല; പാസ്സാക്കിയത് അഞ്ച് മിനുട്ടിൽ

പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷം.

Published

|

Last Updated

തിരുവനന്തപുരം | വാര്‍ഡ് പുനര്‍വിഭജന ബില്ല് സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ അഞ്ച് മിനുട്ടില്‍ പാസ്സാക്കി നിയമസഭ. സബ്ജക്ട് കമ്മിറ്റിക്ക് വിടുമെന്ന അജന്‍ഡയില്‍ ഭേദഗതി വരുത്തിയാണ് സഭ പാസ്സാക്കിയത്. സഹകരിക്കില്ലെന്ന് അനൗദ്യോഗിക ചര്‍ച്ചയില്‍ പ്രതിപക്ഷം വ്യക്തമാക്കിയ സാഹചര്യത്തിലാണ് സബ്ജക്ട് കമ്മിറ്റിക്ക് അയക്കാതെ പാസ്സാക്കിയതെന്നാണ് ബില്ല് അവതിരിപ്പിച്ച തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷിന്റെ വിശദീകരണം. ബില്ല് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കി.

കീഴ്വഴക്ക പ്രകാരം അത്യസാധാരണ ഘട്ടങ്ങളില്‍ മാത്രമാണ് സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ ബില്ലുകള്‍ പാസ്സാക്കാറുള്ളത്. മന്ത്രിസഭ അംഗീകരിച്ച തദ്ദേശ വാര്‍ഡ് പുനര്‍ വിഭജന ഓര്‍ഡിനന്‍സ് നേരത്തേ ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഓര്‍ഡിനന്‍സ് തിരിച്ചയച്ചത്. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഓര്‍ഡിനന്‍സ് കൈമാറിയിരുന്നുവെങ്കിലും നടപടിയായിരുന്നില്ല. ഓര്‍ഡിനന്‍സ് വൈകിയാല്‍ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് വൈകുമെന്നതിനാലാണ് ബില്ലായി കൊണ്ടുവന്ന് ധൃതിയില്‍ പാസ്സാക്കിയെടുത്തത്.

നിലവില്‍ സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാര്‍ഡുകളാണുള്ളത്. പുതിയ ബില്ല് പ്രകാരം 1,300 വാര്‍ഡുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. നഗരസഭകളിലെ വാര്‍ഡുകളുടെ എണ്ണം 3,078 ല്‍ നിന്ന് 3,205 ആയേക്കും. നഗരസഭകളിലെ വാര്‍ഡുകളുടെ എണ്ണം കുറഞ്ഞത് 25ല്‍ നിന്ന് 26 ആയേക്കും. പരമാവധി 52ല്‍ നിന്ന് 53 ആയും വര്‍ധിക്കും. കോര്‍പറേഷനുകളിലേത് കുറഞ്ഞത് 55ല്‍ നിന്ന് 56 ആയും പരമാവധി നൂറില്‍ നിന്ന് 101 ആയും വര്‍ധിക്കും. ബ്ലോക്ക് പഞ്ചായത്തുകളില്‍ നിലവില്‍ 2,080 ഡിവിഷനുകളുണ്ട്. 187 എണ്ണം പുതുതായുണ്ടാകും. ജില്ലാ പഞ്ചായത്തുകളില്‍ 3,311 ഡിവിഷനുകളുള്ളതില്‍ 15 എണ്ണം കൂടി വര്‍ധിക്കും. വാര്‍ഡ് പുനര്‍നിര്‍ണയത്തിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അധ്യക്ഷനായ കമ്മീഷന്‍ രൂപവത്കരിക്കും. നാല് വകുപ്പുകളുടെ സെക്രട്ടറിമാരെ ഉള്‍പ്പെടുത്തിയാകും കമ്മീഷന്‍ രൂപവത്കരിക്കുക.

ജനസംഖ്യാനുപാതികമായി വാര്‍ഡ് പുനര്‍വിഭജിച്ച ശേഷം പരാതികള്‍ കമ്മീഷന്‍ കേള്‍ക്കും. അതിന് ശേഷമായിരിക്കും വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കുക. ഇതിന് ശേഷമായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക.

അതേസമയം, പുതിയ അംഗങ്ങള്‍ കൂടി വരുന്നതോടെ ഇവര്‍ക്ക് ഓണറേറിയം നല്‍കാന്‍ അഞ്ച് വര്‍ഷത്തേക്ക് 67 കോടി രൂപ അധികമായി കണ്ടെത്തേണ്ടി വരും. വാര്‍ഡ് വിഭജനത്തിനായി ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് 2019ല്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നുവെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടിരുന്നില്ല. പിന്നീട് നിയമസഭ ബില്ല് പാസ്സാക്കി. അതിന് പിന്നാലെ കൊവിഡ് വ്യാപനം വന്നതോടെ വാര്‍ഡ് വിഭജനം ഒഴിവാക്കുകയായിരുന്നു. അന്ന് തയ്യാറാക്കിയ നിയമത്തില്‍ കാര്യമായ മാറ്റം വരുത്താതെയാണ് പുതിയ ബില്ലായി കൊണ്ടുവന്നത്.

 

 

Latest