Connect with us

From the print

തദ്ദേശ വാര്‍ഡ് വിഭജനം: ഓരോ വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ തീരുമാനം

പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേഗഗതി വരുത്തിയായിരിക്കും ഓര്‍ഡിനന്‍സ് ഇറക്കുക.

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍നിര്‍ണയത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ തീരുമാനം. പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേഗഗതി വരുത്തിയായിരിക്കും ഓര്‍ഡിനന്‍സ് ഇറക്കുക. വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് അംഗീകരിക്കാന്‍ മാത്രമായി ഇന്നലെ പ്രത്യേകം മന്ത്രിസഭായോഗം ചേരുകയായിരുന്നു.

പുനര്‍നിര്‍ണയത്തില്‍ പഞ്ചായത്തുകള്‍ മുതല്‍ കോര്‍പറേഷന്‍ വരെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് വീതം കൂടും. ഫലത്തില്‍ 941 പഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും ആറ് കോര്‍പറേഷനിലുമായി 1,200 വാര്‍ഡുകള്‍ അധികം വരും. ചെറിയ പഞ്ചായത്തുകളില്‍ 13ഉം വലുതില്‍ 23ഉം വാര്‍ഡുകളാണ് നിലവിലുള്ളത്. ഭേദഗതിയോടെ ഇത് 14ഉം 24ഉം ആയി മാറും. പുതിയ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക.

1,200 അംഗങ്ങള്‍ വര്‍ധിക്കുന്നതോടെ ഇവര്‍ക്ക് ഓണറേറിയം നല്‍കാന്‍ മാത്രം അഞ്ച് വര്‍ഷം 67 കോടി രൂപ അധികം വേണ്ടിവരും. 2011ലെ സെന്‍സസ് അനുസരിച്ചാണ് പുനര്‍നിര്‍ണയം നടത്തുക. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മീഷന്‍ ഇതിനായി രൂപവത്കരിക്കും. നാല് മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അംഗങ്ങളായിരിക്കും. ആറ് മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

അടുത്ത വര്‍ഷം തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടികള്‍ ആരംഭിക്കുന്നത്. 2010 ലാണ് അവസാനം വാര്‍ഡ് വിഭജനം നടന്നത്. 2015ല്‍ ഭാഗികമായ പുനര്‍നിര്‍ണയവും നടന്നു. സമീപകാലത്തെ വാര്‍ഡ് വിഭജന നടപടികള്‍ പലതും രാഷ്ട്രീയ വിവാദമായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് 2019 ജനുവരിയില്‍ വാര്‍ഡ് വിഭജനത്തിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നുവെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടിരുന്നില്ല. തുടര്‍ന്ന് 2020 ഫെബ്രുവരിയില്‍ നിയമസഭ പാസ്സാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മറ്റൊരു ഓര്‍ഡിനന്‍സ് ഇറക്കി സര്‍ക്കാര്‍ വാര്‍ഡ് വിഭജന നീക്കം ഉപേക്ഷിക്കുകയാണുണ്ടായത്.

അതേസമയം, വാര്‍ഡ് വിഭജനത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. കരട് തയ്യാറാക്കി നിയമനിര്‍മാണത്തിലേക്ക് പോകുമ്പോഴും ചര്‍ച്ചയുണ്ടായില്ല. എന്നാല്‍, ഭരണപരമായ നടപടിക്രമങ്ങളാണ് ഇപ്പോള്‍ ഉണ്ടായതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. വാര്‍ഡ് വിഭജന നടപടികളിലേക്ക് നീങ്ങുമ്പോള്‍ എല്ലാവരുമായും ചര്‍ച്ചയുണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. നിര്‍ണായക തീരുമാനത്തിന് മുമ്പ് പ്രതിപക്ഷവുമായി എന്തുകൊണ്ട് ചര്‍ച്ച ചെയ്തില്ലെന്ന ചോദ്യം വരും ദിവസങ്ങളില്‍ കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

 

Latest