Connect with us

Kerala

കടല്‍ ക്ഷോഭത്തിന് പരിഹാരം തേടി കൊച്ചി കണ്ണമാലിയില്‍ നാട്ടുകാരുടെ പ്രതിഷേധം; ജഡ്ജി ബെച്ചു കുര്യന്റെ കാര്‍ തടഞ്ഞു

കലക്ടര്‍ എന്‍ എസ്കെ  ഉമേഷ് സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ സമവായത്തിലെത്തി.

Published

|

Last Updated

കൊച്ചി| കടല്‍ക്ഷോഭത്തിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് കൊച്ചി കണ്ണമാലിയില്‍ നാട്ടുകാരുടെ പ്രതിഷേധം. രാവിലെ ആറ് മണി മുതലാണ് ഫോര്‍ട്ട് കൊച്ചി- ആലപ്പുഴ തീരദേശപാത ഉപരോധിച്ച് ജനകീയ സമിതിയുടെ സമരം തുടങ്ങിയത്. ചെല്ലാനം, കണ്ണമാലി, ഫോര്‍ട്ട് കൊച്ചി ഭാഗങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്.

മന്ത്രി പി. രാജീവ് നേരിട്ടെത്തണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. എന്നാല്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ എത്താന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ കലക്ടര്‍ എത്തണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.

കലക്ടറും തിരുവനന്തപുരത്തായതിനാല്‍ രാവിലെ ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. എന്നാല്‍ ഫലം കണ്ടില്ല. കലക്ടര്‍ വന്ന് നേരിട്ട് ചര്‍ച്ച നടത്തണമെന്ന ആവശ്യത്തില്‍ പ്രദേശവാസികള്‍ ഉറച്ചുനിന്നു.

അതിനിടെ ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ഹൈക്കോടതി ജഡ്ജി ബെച്ചു കുര്യന്റെ വാഹനം പ്രതിഷേധം നടക്കുന്ന പ്രദേശത്തെത്തി. ജഡ്ജിയുടെ കാര്‍ കടത്തിവിടണമെന്ന് പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് നാട്ടുകാര്‍ തയാറായിെല്ലന്ന് മാത്രമല്ല, കാര്‍ തടയുകയും ചെയ്തു. തുടര്‍ന്ന് ജഡ്ജിക്ക് തിരികെ പോകേണ്ടിവന്നു.

ഇതോടെ രാവിലെ തിരുവനന്തപുരത്തായിരുന്ന കലക്ടര്‍ എന്‍ എസ് കെ ഉമേഷ് ഉച്ചയോടെ കണ്ണമാലിയിലെത്തി. തുടര്‍ന്ന് സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ സമവായത്തിലെത്തി. 14 ദിവസത്തിനകം നടപടികള്‍ സ്വീകരിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ പരിശോധിച്ച് എത്രയും വേഗം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി. ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്നും കലക്ടര്‍ പറഞ്ഞു.

 

 

 

Latest