Kerala
ചാലക്കുടിയില്‍ വീണ്ടും പുലിയെ കണ്ടതായി പ്രദേശവാസികള്‍; വളര്‍ത്തുനായയെ ആക്രമിച്ചു
പ്രദേശത്ത് പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

തൃശൂര്‍| ചാലക്കുടിയില്‍ വീണ്ടും പുലിയെ കണ്ടതായി പ്രദേശവാസികള്‍. കണക്കകടവിലെ ഒരു വീട്ടിലെ വളര്‍ത്തുനായയെ പുലി ആക്രമിച്ചു. കണക്കകടവ് സ്വദേശി അമ്മിണിയുടെ വീട്ടിലാണ് പുലി എത്തിയത്. താന്‍ കണ്ടത് പുലിയെ തന്നെയാണെന്നു അമ്മിണി പറയുന്നു. പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്. ഇന്നലെ രാത്രി പത്തരയ്ക്കാണ് വളര്‍ത്തുനായയെ പുലി ആക്രമിച്ചതെന്ന് ടി.ജെ സനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. വീട്ടുകാര്‍ ലൈറ്റിട്ട് നോക്കി ബഹളം വച്ചപ്പോഴാണ് പുലി ഓടിപ്പോയത്. ഉടന്‍ വനംവകുപ്പിനെ വിവരമറിയിച്ചതായും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
ചാലക്കുടി, കൊരട്ടി മേഖലയില്‍ പുലിയെ കാണുന്നതായി നാട്ടുകാര്‍ പരാതി പറയുന്നു. പ്രദേശത്ത് പുലിയുടെ സാന്നിധ്യവും വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പലയിടത്തും കണ്ടത് ഒരു പുലിയെ തന്നെയാണെന്നാണ് വനംവകുപ്പ് പറയുന്നത്. പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലി അതില്‍ കുടുങ്ങിയില്ല. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് പ്രദേശത്ത് പുലിയെ കാണുന്നത്. ജനവാസമേഖലയില്‍ തുടര്‍ച്ചയായി പുലിയെ കാണുന്നതില്‍ ജനങ്ങള്‍ ഭീതിയിലാണ്. കഴിഞ്ഞ ദിവസവം നായകള്‍ക്കുനേരെ വന്യമൃഗ ആക്രമണമുണ്ടായിരുന്നു.