Kerala
മൊബൈല്‍ ഫ്‌ളാഷുകള്‍ കണ്ടതായി നാട്ടുകാര്‍; ചെറാട് മലയില്‍ വീണ്ടും ആളുകളെത്തിയതായി സംശയം
പാലക്കാട് | ചെറാട് മലയില്‍ വീണ്ടും ആളുകള്‍ കയറിയതായി അഭ്യൂഹം. ഇന്നലെ രാത്രിയോടെ ചെറാട് മലയില്‍ നിന്ന് മൊബൈല്‍ ഫ്‌ളാഷുകള്‍ കണ്ടതോടെയാണ് അഭ്യൂഹം ശക്തമായത്. പ്രദേശവാസികളാണ് മലമുകളില്‍ മൊബൈല്‍ വെളിച്ചം കണ്ടതായി വനം വകുപ്പ് അധികൃതരെ അറിയിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വന്നപ്പോഴും വെളിച്ചം കണ്ടതിനെ തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ചെറാട് സ്വദേശിയായ ബാബുവെന്ന യുവാവ് മലയിടുക്കില്‍ കുടുങ്ങിയത്. ഇതിനെ തുടര്‍ന്ന് രണ്ട് ദിവസത്തോളം ശ്രമകരമായ രക്ഷപ്രവര്‍ത്തനം നടത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ഈ സംഭവത്തിന് ശേഷം നിരോധിത വന മേഖലകളില്‍ പ്രവേശിക്കുന്നതിന് ശക്തമായ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ഇതെല്ലാം മറികടന്ന് ചെറാട് മലയില്‍ വീണ്ടും ആളുകള്‍ പ്രവേശിച്ചത് ദുരൂഹതക്ക് ഇടയാക്കിയിരിക്കുകയാണ്. അതേസമയം, മലയില്‍ പെട്ടു പോകുന്ന ആദ്യത്തെ കേസ് ബാബുവിന്റെതല്ലെന്നും സൂചനയുണ്ട്. ഇതിന് മുമ്പ് രണ്ട് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ട് മരിച്ചിരുന്നതായാണ് വിവരം. എന്‍ എസ് എസ് എന്‍ജിനീയറിംഗ് കോളജില്‍ നിന്നും ട്രക്കിംഗിന് പോയ രണ്ട് വിദ്യാര്‍ഥികളാണ് മലയില്‍ നിന്നും വീണ് മരിച്ചത്. പത്ത് വര്‍ഷം മുമ്പായിരുന്നു ഈ സംഭവം. മറ്റ് ചിലരും അപകടത്തില്‍ പെട്ടിരുന്നുവെന്നും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.