Connect with us

National

അരമണിക്കൂര്‍ അന്യായമായി ലോക്കപ്പിലിട്ടു;ഡല്‍ഹി പോലീസ് അരലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

നഷ്ടപരിഹാരത്തുക സ്റ്റേഷനിലെ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കണമെന്നും ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ്

Published

|

Last Updated

ന്യൂഡല്‍ഹി| അന്യായമായി അരമണിക്കൂര്‍ ഡല്‍ഹി പോലീസ് ലോക്കപ്പിലടച്ച വ്യക്തിക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരത്തുക സ്റ്റേഷനിലെ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കണമെന്നും ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ് ഉത്തരവിട്ടു. പൗരന്മാരോടുള്ള പോലീസുകാരുടെ പെരുമാറ്റം ഞെട്ടിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ നിയമം കൈയിലെടുക്കാന്‍ പാടില്ലെന്ന അര്‍ഥവത്തായ സന്ദേശം നല്‍കാനുമാണ് ഇത്തരമൊരു വിധിയെന്നും ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഡല്‍ഹിയിലെ ബദര്‍പുര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം. പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്താതെ അരമണിക്കൂര്‍ ലോക്കപ്പിലിട്ട ശേഷം വിട്ടയച്ചു എന്നുകാട്ടി പങ്കജ് കുമാര്‍ ശര്‍മയെന്നയാള്‍ സമര്‍പ്പിച്ച ഹരജിയിലാണ് വിധി. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന്‍ നഷ്ടപരിഹാരത്തിന് കോടതിയെ സമീപിച്ചത്.

പോലീസ് പിടിച്ചു കൊണ്ടുപോയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയോ ഇയാള്‍ക്കെതിരെ കേസ് എടുക്കുകയോ ചെയ്തിരുന്നില്ല. ഒരു കാരണവുമില്ലാതെ അനധികൃതമായി പോലീസ് സ്റ്റേഷനില്‍ പിടിച്ച് കൊണ്ടുവന്ന് അരമണിക്കൂര്‍ നേരം സ്റ്റേഷനിലെ തടങ്കലില്‍ കൊണ്ടിടുകയായിരുന്നു. പോലീസിന്റെ ഈ പ്രവര്‍ത്തിയെ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള വ്യക്തിസ്വാതന്ത്ര്യത്തെ ലംഘിക്കുന്ന ധിക്കാരമായാണ് കോടതി നിരീക്ഷിച്ചത്.

 

 

Latest