Kerala
ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയം: സ്റ്റാലിന്റെ സമരത്തില്‍ പിണറായി പങ്കെടുക്കും
എം കെ സ്റ്റാലിന്റെ ആവശ്യം ന്യായമാണെന്നു വിലയിരുത്തിയ സി പിഎം കേന്ദ്രനേതൃത്വം പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്ക് അനുമതി നല്‍കുകയായിരുന്നു

കൊച്ചി | ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ചെന്നൈയില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.
മണ്ഡല പുനര്‍നിര്‍ണയ നീക്കത്തില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന എം കെ സ്റ്റാലിന്റെ ആവശ്യം ന്യായമാണെന്നു വിലയിരുത്തിയ സി പിഎം കേന്ദ്രനേതൃത്വം പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്ക് അനുമതി നല്‍കുകയായിരുന്നു.
ഈ മാസം 22നാണ് ചെന്നൈയില്‍ ഡി എം കെ സംഘടിപ്പിക്കുന്ന യോഗം. യോഗത്തിന് ക്ഷണം ലഭിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡിയും ഡി കെ ശിവകുമാറും ഹൈക്കമാന്‍ഡ് തീരുമാനം കാക്കുകയാണ്.
കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ദക്ഷിണേന്ത്യയില്‍ രൂപപ്പെടുന്ന സമരത്തില്‍ പങ്കെടുക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം.
ബിഹാര്‍ തെരഞ്ഞെടുപ്പ് വരാനിരിക്കെ, കോണ്‍ഗ്രസ് വടക്കേ ഇന്ത്യക്കെതിരെന്ന പ്രചാരണം ബിജെപി ഉയര്‍ത്താനുള്ള സാഹചര്യം കൂടി കണക്കിലെടുത്താകും എ ഐ സി സി തീരുമാനമെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.