National
ലോക്സഭാ മണ്ഡല പുനർ നിർണയം 25 വർഷത്തേക്ക് കൂടി മരവിപ്പിക്കണം:സംയുക്ത കർമ്മ സമിതി
ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങളെ ശിക്ഷിക്കരുതെന്ന് ഇന്ന് ചെന്നൈയിൽ ചേർന്ന സംയുക്ത കർമ്മ സമിതിയിൽ ആവശ്യം

ചെന്നൈ | സുതാര്യതയില്ലാത്തതും പ്രധാന സംസ്ഥാനങ്ങളെ ഉൾപ്പെടുത്താത്തതുമായ ലോക്സഭാ മണ്ഡലം പുനർനിർണ്ണയത്തെ എതിർക്കുന്ന പ്രമേയം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ്റെ നേതൃത്വത്തിൽ ഇന്ന് ചെന്നൈയിൽ ചേർന്ന സംയുക്ത കർമ്മ സമിതി (JAC) യോഗം അംഗീകരിച്ചു. 1971 ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള പാർലമെൻ്റ് മണ്ഡലങ്ങളുടെ മരവിപ്പിക്കൽ, 25 വർഷത്തേക്ക് കൂടി നീട്ടണമെന്ന് യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
പാർലമെൻ്റ് മണ്ഡലങ്ങളിലെ മാറ്റങ്ങൾ എല്ലാ സംസ്ഥാന സർക്കാരുകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും മറ്റ് ബന്ധപ്പെട്ട പങ്കാളികളുടെയും പങ്കാളിത്തത്തോടെ നീതിയുക്തവും തുറന്നതുമായ പ്രക്രിയയിലൂടെ നടത്തണമെന്ന് പ്രമേയം ഊന്നിപ്പറഞ്ഞു. ജനസംഖ്യാ നിയന്ത്രണ നടപടികൾ വിജയകരമായി നടപ്പാക്കിയ സംസ്ഥാനങ്ങൾക്ക് ജനസംഖ്യാ വിഹിതത്തിൽ മാറ്റം വരുന്നതിലൂടെ പാർലമെൻ്റ് പ്രാതിനിധ്യം കുറയുകയാണെങ്കിൽ അത് അനീതിക്ക് കാരണമാകുമെന്ന ആശങ്കയും ജെ എ സി പ്രകടിപ്പിച്ചു.
ഏകപക്ഷീയമായ മണ്ഡലം പുനർനിർണ്ണയ നടപടികളെ പാർലമെൻ്റിൽ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പാർലമെൻ്റ് അംഗങ്ങളുടെ കോർ കമ്മിറ്റി ഏകോപിപ്പിക്കും. ഇതിന്റെ ഭാഗമായി, നിലവിലെ പാർലമെൻ്റ് സമ്മേളനത്തിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കമ്മിറ്റി സംയുക്ത നിവേദനം സമർപ്പിക്കും. കൂടാതെ അതത് സംസ്ഥാനങ്ങളിൽ മണ്ഡല പുനർനിർണയത്തെ എതിർത്ത് പ്രമേയം പാസ്സാക്കുകയും ചെയ്യും.
മണ്ഡലം പുനർനിർണ്ണയത്തിൻ്റെ ചരിത്രത്തെക്കുറിച്ചും അതിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും പൗരന്മാരെ ബോധവത്കരിക്കുന്നതിനായി വിപുലമായ പൊതു അവബോധ ക്യാമ്പയിനും ജെ എ സി സംഘടിപ്പിക്കും.
കേരളം, തെലങ്കാന, പഞ്ചാബ് മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, രേവന്ത് റെഡ്ഡി, ഭഗവന്ത് മൻ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവർ പങ്കെടുത്തു. മുൻ തെലങ്കാന ഐടി മന്ത്രിയും ബിആർഎസ് വർക്കിംഗ് പ്രസിഡൻ്റുമായ കെടി രാമറാവു, വൈഎസ്ആർസിപി, കോൺഗ്രസ്, സിപിഐ(എം), സിപിഐ, ബിജെഡി, എഎപി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള നേതാക്കൾ തുടങ്ങിയവരും പങ്കെടുത്തു.