National
ലോകസഭാ മണ്ഡല പുനര്‍നിര്‍ണയം; ജനാധിപത്യവും ഫെഡറല്‍ സംവിധാനവും സംരക്ഷിക്കാനുമുള്ള പോരാട്ടമെന്ന് എം കെ സ്റ്റാലിന്‍
വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ ചേര്‍ന്നു രാഷ്ട്രപതിയെ കണ്ട് ആശങ്ക അറിയിക്കാന്‍ യോഗത്തില്‍ തീരുമാനമായി

ചെന്നൈ | ജനാധിപത്യവും ഫെഡറല്‍ സംവിധാനവും സംരക്ഷിക്കാനുമുള്ള പോരാട്ടമാണ് കേന്ദ്രസര്‍ക്കാറിന്റെ ലോകസഭാ മണ്ഡല പുനര്‍നിര്‍ണയ നീക്കത്തിനെതിരെ നടക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.
ജനസംഖ്യാടിസ്ഥാനത്തില്‍ ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡല പുനര്‍നിര്‍ണായത്തിന് എതിരല്ലെന്നും എന്നാല്‍ നടപടി ഏകപക്ഷീയം ആകാന്‍ പാടില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ ഒന്നിച്ചു വളര്‍ന്നാലേ ഫെഡറലിസം നടപ്പാക്കാനാകൂ. ഇന്ത്യയുടെ ശക്തി വൈവിധ്യമാണ്. മണ്ഡല പുനര്‍നിര്‍ണയം നമ്മുടെ പ്രാതിനിധ്യത്തെ ബാധിക്കും. അതുകൊണ്ടാണ് ഒന്നിച്ച് എതിര്‍ക്കുന്നത്. നിലവിലെ സ്ഥിതിയില്‍ തമിഴ്‌നാട്ടിന് എട്ട് സീറ്റ് നഷ്ടമാകുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
ഇതൊരു ചരിത്ര നിമിഷമാണെന്നും ഫെഡറല്‍ ഘടന സംരക്ഷിക്കാനുള്ള ഈ ഒത്തുചേരല്‍ ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും സ്റ്റാലിന്‍ പ്രതികരിച്ചു. രാജ്യത്തിന്റെ വികസനത്തിന് സംഭാവന നല്‍കിയ സംസ്ഥാനങ്ങളാണ് പ്രതിഷേധത്തില്‍ ഒരുമിക്കുന്നത്. ന്യായമായ അതിര്‍ത്തി നിര്‍ണയം ഐക്യത്തോടെ നേടിയെടുക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ ചേര്‍ന്നു രാഷ്ട്രപതിയെ കണ്ട് ആശങ്ക അറിയിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഇതിനായി എം പിമാരുടെ കോര്‍ കമ്മിറ്റി രൂപീകരിക്കും. ആവശ്യമായ ഭരണഘടനാ ഭേദഗതി നിര്‍ദേശിക്കും. പാര്‍ലമെന്റില്‍ കേന്ദ്ര നീക്കം ചെറുക്കാനും യോഗം തീരുമാനിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരും അണിനിരക്കുന്ന യോഗത്തില്‍ കേരളത്തിലെയടക്കം പ്രധാന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുത്തു.
ടി ആര്‍ എസ് വര്‍ക്കിങ് പ്രസിഡന്റും മുന്‍ തെലങ്കാന മന്ത്രിയുമായ കെ ടി രാമറാവു, ബി ജെ ഡി നേതാവും മുന്‍ ഒഡിഷ മന്ത്രിയുമായ സഞ്ചയ് കുമാര്‍ ദാസ് ബുര്‍മ, ശിരോമണി അകാലിദള്‍ നേതാവും മുന്‍ എം പിയുമായ സര്‍ദാര്‍ ബല്‍വീന്ദര്‍ സിങ് ഭുന്‍ഡാര്‍, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, ആര്‍എസ് പി അധ്യക്ഷനും എം പിയുമായ എന്‍ കെ പ്രേമചന്ദ്രന്‍, എ ഐ എം ഐ എം നേതാവ് ഇംതിയാസ് ജലീല്‍, കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി, കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവും എം പിയുമായ അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.