locsabha election 2024
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം മൂന്നു മണിക്ക്
ന്യൂഡല്‍ഹി | ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാന്‍ ഭവനില്‍ മൂന്ന് മണിക്ക് നടത്തുന്ന വാര്‍ത്താസമ്മേളനത്തിലാണു തീയതികള്‍ പ്രഖ്യാപിക്കുക. ലോക് സഭ തെരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍ പ്രദേശ്, ആന്ധപ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും പ്രഖ്യാപിക്കും.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. ഇത്തവണയും ഏഴു ഘട്ടങ്ങളെങ്കിലും ആയിട്ടാവും തിരഞ്ഞെടുപ്പു നടക്കുക. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ ഏഴു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23നായിരുന്നു ഫല പ്രഖ്യാപനം.
തെരഞ്ഞെടുപ്പിന് കശ്മീരും സജ്ജമാണെന്ന് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ കശ്മീരിലും നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിടയുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെ മുന്നണികളുടെ പ്രചാരണം ശക്തിപ്രാപിക്കും. സ്ഥാനാര്‍ഥികള്‍ നേരത്തെ തന്നെ രംഗത്തിറങ്ങിയെങ്കിലും തിരഞ്ഞെടുപ്പു തിയ്യതി അറിയുന്നതോടെയാവും പ്രവര്‍ത്തകരിലും ജനങ്ങളിലും ആവേശം നിറയുക.
കേരളത്തില്‍ കഴിഞ്ഞ തവണ വന്‍ മുന്നേറ്റം നടത്തിയ യു ഡി എഫ് ആ നേട്ടം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. കഴിഞ്ഞ തവണത്തെ തിരിച്ചടി മറികടക്കാന്‍ കഴിയുമെന്ന ആത്മവിശ്വസത്തിലാണ് എല്‍ ഡി എഫ്. കേരളത്തില്‍ ഇത്തവണയെങ്കിലും അക്കൗണ്ട് തുറക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബി ജെ പി. ഇതോടെ പലമണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ബി ജെ പിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയായിട്ടില്ല. മറ്റു പാര്‍ട്ടികളില്‍ നിന്നു വരാന്‍ സാധ്യതയുള്ളവരെ ബി ജെ പി ഇനിയും പ്രതീക്ഷിക്കുന്നതായും കരുതുന്നുണ്ട്. പൗരത്വ വിഷയമാണ് തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ മുഖ്യ വിഷയമായിത്തീര്‍ന്നത്. തിരഞ്ഞെടുപ്പ് ബോണ്ട് അഴിമതി ഇടതുപക്ഷം ശക്തമായി ഉയര്‍ത്തുകയാണ്.