kodakara havala case
ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു; കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും ചര്‍ച്ചയാവുന്നു
ഈ കേസിനെപ്പറ്റി അറിയില്ലെന്ന പ്രതികരണവുമായി ആദായ നികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം
കൊച്ചി | ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴിക്കുമ്പോള്‍ കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും ചര്‍ച്ചയാവുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബി ജെ പിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 41 കോടി രൂപ കര്‍ണാടകയില്‍ നിന്ന് കുഴല്‍പ്പണമായി എത്തിയതും കുഴല്‍പ്പണം കവര്‍ച്ച ചെയ്തതുമായ സംഭവമാണ് കൊടകര കുഴല്‍പ്പണ കേസ്.
ഈ കേസിനെപ്പറ്റി അറിയില്ലെന്ന ആദായ നികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കുഴല്‍പ്പണ കേസിന്റെ വിശദാംശങ്ങള്‍ ആദായനികുതി വകുപ്പിന് നല്‍കിയിരുന്നെന്നാണ് പോലീസ് പറയുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കളളപ്പണ ഒഴുക്ക് തടയാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചു വിശദീകരിക്കുന്നതിനിടെയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പ് കാലത്തെ കൊടകര കുഴല്‍പ്പണക്കേസിനെപ്പറ്റി മാധ്യമങ്ങള്‍ ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറലിനോട് ചോദിച്ചത്. ഈ കേസിനെപ്പറ്റി കേട്ടുകേള്‍വിയേ ഉള്ളൂ എന്നും പണം തങ്ങള്‍ക്ക് കൈമാറിയിട്ടില്ലെന്നും കൂടുതല്‍ ഒന്നും അറിയില്ലെന്നുമായിരുന്നു ഇന്‍കംടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറല്‍ ദേബ് ജ്യോതി ദാസ് പ്രതികരിച്ചത്.
ആദായ നികുതി വകുപ്പിന്റെ പ്രതികരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് സംസ്ഥാന പോലീസിന്റെ നിലപാട്. ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കുഴല്‍പ്പണം കൊടകരയില്‍ കൊളളയടിക്കപ്പെട്ടിരുന്നു. അതില്‍ ഒരു കോടി അന്‍പത്തിയാറ് ലക്ഷം രൂപ പോലീസ് പിന്നീട് കണ്ടെത്തി. ഇക്കാര്യങ്ങള്‍ പോലീസ് യഥാസമയം ഇന്‍കം ടാക്‌സിനേയും എന്‍ഫോഴ്‌സ്‌മെന്റിനേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും അറിയിച്ചിരുന്നു.
സംഭവത്തെക്കുറിച്ചു മൂന്നു റിപ്പോര്‍ട്ടുകളാണ് ആദായ നികുതി വകുപ്പിന് പോലീസ് ല്‍കിയത്. 2021 ഓഗസ്റ്റ് 8ന് നല്‍കിയ അവസാന റിപ്പോര്‍ട്ടില്‍ കുഴല്‍പ്പണ ഇടപാടിന്റെ മുഴുവന്‍ വിശദാംശങ്ങളും അറിയിച്ചിരുന്നു.
പിടികൂടിയ പണം ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കിയതും കേസിന്റെ ഭാഗമായിക്കയും രേഖാമൂലം ഇന്‍കം ടാക്‌സ് തൃശൂര്‍ ഓഫീസിനെ അറിയിച്ചിരുന്നു. ഇതെല്ലാം നിലനില്‍ക്കെ ഒന്നും അറിഞ്ഞില്ലെന്ന് ആദായനികുതി വകുപ്പ് ഇപ്പോള്‍ പറയുന്നതില്‍ ദുരൂഹതയേറുകയാണ്. കേന്ദ്ര ഏജന്‍സികളുടെ ഒത്തുകളിയാണു പുറത്തുവരുന്നതെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്.