From the print
ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകനം; സി പി ഐ നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം
സി പി എമ്മിനും എസ് എഫ് ഐക്കുമെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി തന്നെ രംഗത്ത് വന്നതും സി പി ഐയെ എം എം ഹസൻ യു ഡി എഫിലേക്ക് ക്ഷണിച്ചതിനും പിന്നാലെയാണ് സംസ്ഥാന നേതൃയോഗങ്ങൾ ചേരുന്നുവെന്നത് ശ്രദ്ധേയമാണ്.
തിരുവനന്തപുരം | ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റികളിലടക്കം സർക്കാറിനെതിരെ രൂക്ഷ വിമർശമുയർന്ന സാഹചര്യത്തിൽ സി പി ഐയുടെ സംസ്ഥാനതല തിരഞ്ഞെടുപ്പ് അവലോകനത്തിന് ഇന്ന് തുടക്കമാകും. സി പി എമ്മിനും എസ് എഫ് ഐക്കുമെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി തന്നെ രംഗത്ത് വന്നതും സി പി ഐയെ എം എം ഹസൻ യു ഡി എഫിലേക്ക് ക്ഷണിച്ചതിനും പിന്നാലെയാണ് സംസ്ഥാന നേതൃയോഗങ്ങൾ ചേരുന്നുവെന്നത് ശ്രദ്ധേയമാണ്.
എക്‌സിക്യൂട്ടീവ് യോഗം ഇന്ന് പട്ടം പി എസ് സ്മാരകത്തിൽ ചേരും. സംസ്ഥാന കൗൺസിൽ യോഗം നാളെയും മറ്റന്നാളും ജോയിന്റ് കൗൺസിൽ ഹാളിലാണ് നടക്കുക. സർക്കാറിന്റെ പ്രവർത്തനങ്ങളും ചില നേതാക്കളുടെ ശൈലിയും മൂലം എൽ ഡി എഫിനെ ജനങ്ങൾ തിരസ്‌കരിച്ച തിരഞ്ഞെടുപ്പാണ് നടന്നതെന്ന വികാരമാണ് ജില്ലാ കൗൺസിലുകളിലുയർന്നത്.
ജില്ലാ നേതൃയോഗങ്ങളുടെ റിവ്യൂ റിപോർട്ട് 14 ജില്ലകളിൽ നിന്ന് നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. ഇവ ചേർത്താണ് സംസ്ഥാനതല റിപോർട്ട് തയ്യാറാക്കുന്നത്. ഇതോടെ സി പി എം, മുഖ്യമന്ത്രി വിമർശങ്ങൾ സംസ്ഥാനതല റിപോർട്ടിലുമുണ്ടാകുമെന്നുറപ്പാണ്.
സി പി എം ജില്ലാ കമ്മിറ്റികളിൽ തന്നെ ഉയർന്ന രൂക്ഷവിമർശങ്ങളും കണ്ണൂരിലെ രാഷ്ട്രീയ വിവാദങ്ങളിൽ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്വീകരിച്ച നിലപാടുകളും സി പി എമ്മിനെതിരെ പ്രതിഫലിച്ചേക്കും. തുടർന്ന് ചർച്ചകളുടെ അടിസ്ഥാനത്തിൽ പാർട്ടി കമ്മിറ്റിയുടെ ഔദ്യോഗിക നിലപാട് സി പി ഐ, എൽ ഡി എഫ് നേതൃത്വത്തെ അറിയിക്കും. രാജ്യസഭാ സീറ്റിലെ പാർട്ടി തീരുമാനം ചില ജില്ലാ കമ്മിറ്റികളിൽ വിമർശത്തിന് കാരണമായിരുന്നു.
ദേശീയ നിർവാഹകസമിതി അംഗം കെ പ്രകാശ് ബാബു, സംസ്ഥാന അസ്സി. സെക്രട്ടറി പി പി സുനീർ എന്നിവരുടെ പേരുകൾ വന്നപ്പോൾ സുനീറിന്റെ പേര് അന്തരിച്ച കാനം രാജേന്ദ്രൻ നേരത്തേ നിർദേശിച്ചിരുന്നതായി ബിനോയ് വെളിപ്പെടുത്തിയിരുന്നു.
എന്നാൽ, ഒരു വിഭാഗം ഇത് അംഗീകരിക്കുന്നില്ല. വനം വകുപ്പിനെ നിയമസഭയിൽ വിമർശിച്ച സി പി ഐ നേതാവ് വാഴൂർ സോമൻ എൽ ഡി എഫ് പാർലിമെന്ററി പാർട്ടി യോഗത്തിൽ മുഖ്യമന്ത്രി ശകാരിച്ചതിൽ സി പി ഐ നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, സി പി ഐയെ യു ഡി എഫ് കൺവീനർ എം എം ഹസൻ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത വിഷയത്തെ കാര്യമായി കാണേണ്ടതില്ലെന്നാണ് പൊതുവേ ഉയർന്ന നിലപാട്. എന്നാൽ, ഡി വൈ എഫ് ഐയും എസ് എഫ് ഐയുമടക്കം സി പി ഐ സംസ്ഥാന സെക്രട്ടറിക്കെതിരായി തിരിഞ്ഞതോടെ വരും ദിവസങ്ങളിൽ നടക്കുന്ന ചർച്ചകൾ ഇടതുമുന്നണിയിൽ കൂടുതൽ വിവാദങ്ങൾക്കിടയാക്കിയേക്കും.